ഹിന്ദ് സഫർ: ചരിത്രത്തിലേക്കോടുന്ന യാത്ര

സോഷ്യലിസ്റ്റ്‌
www.facebook.com/fasal.pulikkal.14
Posted on: January 20, 2019 4:55 pm | Last updated: January 20, 2019 at 4:55 pm
ഹിന്ദ് സഫറിന് ഗുജറാത്തില്‍ നല്‍കിയ സ്വീകരണം

കേരളത്തിൽ മൊട്ടിട്ട് പൂത്തുലഞ്ഞ സുന്നി വിദ്യാർത്ഥി പ്രസ്ഥാനം ഇപ്പോൾ ഇരുപത്തി മൂന്ന് സംസ്ഥാനങ്ങളിലായി പടർന്ന് പന്തലിച്ചിരിക്കുന്നു. കാശ്മീരിലെ ഹസ്റത്ത് ബാൽ പരിസരത്ത് നിന്ന് തുടങ്ങിയ എസ്എസ്എഫ്‌ ദേശീയ യാത്ര; ഹിന്ദ് സഫർ ഇരുപത്തി മൂന്ന് സംസ്ഥാനങ്ങളിലൂടെ ചുറ്റിക്കറങ്ങി ഫെബ്രുവരി 07 ന് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും.

നിമിഷ നേരത്തെ ആലോചനയിൽ പിറന്ന ഇന്ത്യാ ടൂറല്ല ഹിന്ദ് സഫർ. വർഷങ്ങളോളം അടിവയറ്റിൽ താലോലിച്ച സ്വപ്‌നങ്ങളാണ്‌ ബഹുവർണ്ണങ്ങളായി ഇപ്പോൾ പിറന്നു വീഴുന്നത്. ദശകങ്ങൾക്കപ്പുറത്ത് കാന്തപുരമെന്ന ക്രാന്തദർശി അനുഗ്രഹിച്ച് വിട്ട യുവ പണ്ഡിതരാണ് ഇവിടെയൊക്കെ ഉഴുത് മറിച്ച് ധർമ്മക്കൊടി നാട്ടാൻ മണ്ണൊരുക്കിയത്.
മുള്ളുമുനകളിൽ അമർത്തിച്ചവിട്ടിയാണ് വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും ഭൂമികളിലേക്ക് അവർ കടന്നിട്ടുണ്ടാവുക.

ഉത്തർപ്രദേശിലെ ലഖ്നൗവിലെത്തിയ എസ്.എസ്.എഫ് ഹിന്ദ് സഫറിനെ സ്വാമി സരംഗ്ജിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.

കാശ്മീരിലെ മഞ്ഞുമലകളും രജസ്ഥാനിലെ മരുഭൂമികളും താണ്ടി അവരുടെ വണ്ടിയോടുന്നത് ചരിത്രത്തിലേക്കാണ്. ഗാന്ധിയുടെ ഗുജറാത്തും ഖാജയുടെ അജ്മീറും കടന്ന് യാത്ര വരുന്നത് സാക്ഷര സൗഹൃദ ഇന്ത്യയെ സ്വപ്നം കണ്ടാണ്. ഖാജാ തങ്ങളുയർത്തിയ ‘സുൽഹെ കുൽ ‘ എന്ന മുദ്രാവാക്യമാണ് ജാഥ ഏറ്റു വിളിക്കുന്നത്.

വഴിയിൽ ആസിഫ മോളും രോഹിത് വെമുലയും മുഹമ്മദ് അഖ്‌ലാക്കും ഹാഫിള് ജുനൈദും പിന്നെ ആസിം മോനുമൊക്കെ സൗഹൃദ ഇന്ത്യക്ക് വേണ്ടി പ്രാർർത്ഥനകളോടെ യാത്രയെ ആശീർവദിക്കുന്നുണ്ടാവും.

കക്ഷി രാഷ്ടീയത്തിന്റെ ചെളിപുരളാത്ത നാട്, നിർമ്മാണ പ്രവർത്തനത്തിനുള്ള പുതിയ പ്ലാറ്റ്ഫോമിൽ കടുത്ത പ്രതീക്ഷയിലാണ് എല്ലായിടത്തും വിദ്യാർത്ഥികളും രക്ഷിതാക്കളും. ജമ്മുവിലെ സ്വീകരണ സമ്മേളനത്തിന് കൊടി കെട്ടാനും ഒരുക്കങ്ങൾക്കുമായെത്തിയ വിദ്യാർത്ഥികളുടെ സജീവ സാന്നിദ്ധ്യം എല്ലാം പറയുന്നുണ്ട്. യാത്രക്ക് പിന്നാലെ ജമ്മു കാശ്മീരിലെ വിവിധ ഘടകങ്ങളുടെ ശാക്തീകരണങ്ങൾക്ക് വ്യക്തമായ പ്ലാനായിക്കഴിഞ്ഞു. ജമ്മു ഡിവിഷൻ സെക്രട്ടറി ശാഹിദ് ഇഖ്ബാലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജമ്മു ബിട്ടിണ്ടിയിൽ നടന്ന സിറ്റിംഗ് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

ജമ്മു ബിട്ടിണ്ടിയിലെ സ്വീകരണ സമ്മേളനത്തിനിടെയാണ് സാംബ സ്വദേശി മുഹമ്മദ് ഷാഹ് പരിചയപ്പെടാൻ വന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ട്രൈനറാണ് അദ്ദേഹം. എസ് എസ് എഫിൽ അംഗമാവാൻ ആഗ്രഹം പറയാൻ വന്നതാണ്. സാംബ, ഡോഡ ജില്ലകളിലേക്ക് സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ സർവ്വ പിന്തുണയുമറിയിച്ചാണ് അദ്ദേഹം പിരിഞ്ഞത്. തുടർ കാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം അദ്ദേഹം വീണ്ടും ജമ്മുവിലെ യാസീൻ സ്കൂളിൽ വന്നിരുന്നു.

ഉറപ്പാണ്,
ജനഹൃദയങ്ങൾ കീഴടക്കിയാണ് ഈ യാത്ര. പാർലിമെന്റ് പിടിക്കലും പാര പണിയലുമല്ല ലക്ഷ്യമെന്നതിനാൽ വിജയം കാണുമെന്നതിൽ ആശങ്കയില്ല,
സഫർ ജയിക്കട്ടെ…
ഹിന്ദ് ജയിക്കട്ടെ…

🌱 ഫസൽ പുളിക്കൽ

ഫേസ്ബുക്ക് പോസ്റ്റ്: