ലോറി ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു

Posted on: January 20, 2019 4:11 pm | Last updated: January 21, 2019 at 1:10 pm
ജിതിന്‍, പ്രണവ്‌

തേഞ്ഞിപ്പലം: കാക്കഞ്ചേരി ദേശീയപാതയില്‍ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കടലുണ്ടി പേടിയാട്ട്കുന്ന് കാഞ്ഞീരം കുന്നത്ത് പ്രഭാകരന്റെ മകന്‍ പ്രണവ് (25), കടലുണ്ടി പച്ചാട്ട് വീട്ടില്‍ സുരേഷിന്റെ മകന്‍ ജിതിന്‍ (22) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷം 3.30ന് ദേശീയ പാതയില്‍ കാക്കഞ്ചേരി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം.

കോഴിക്കോട് ഭാഗത്ത് നിന്ന് അമിത വേഗതയില്‍ വന്ന എയ്ച്ചര്‍ ലോറി അതേ ദിശയിലുള്ള മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍നിന്ന് വന്ന ബൈക്കില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ രണ്ട് യുവാക്കളും തല്‍ക്ഷണം മരിച്ചു.

അപകടത്തിനു ശേഷം നിര്‍ത്താതെ പോയ എയ്ച്ചര്‍ ലോറി നാട്ടുകാരുടെ സഹായത്തോടെ പണിക്കോട്ടും പടിയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവര്‍ എറണാകുളം എടത്തിരുത്തി വേങ്ങൂര്‍, മറ്റമനവീട്ടില്‍ പ്രസാദ് (51) നെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. എയ്ച്ചര്‍ ലോറി നിറപറ കമ്പനിയുടേതാണ്. കണ്ണൂരില്‍ നിന്ന് നെല്ല് കയറ്റി പെരുമ്പാവൂര്‍ കാലടിയിലേക്ക്‌പോകുകയായിരുന്നു.
പ്രണവിന്റെ മാതാവ്: റീമ. സഹോദരി: രേഷ്മ. അദ്ദേഹത്തിന്റെ വിവാഹം ഏപ്രില്‍ 22ന് നടക്കാനിരിക്കുകയായിരുന്നു. ജിതിന്റെ മാതാവ്: ശകുന്തള. സഹോദരങ്ങള്‍: ശ്യാംജിത്ത്, സുഭിഷ. ഇലക്ട്രിഷ്യനാണ്.