അമൃതയും രാജ്യറാണിയും വൈകി ഓടുന്നതില്‍ യാത്രക്കാര്‍ക്ക് അമര്‍ഷം

Posted on: January 20, 2019 3:07 pm | Last updated: January 20, 2019 at 3:07 pm


തൃശൂര്‍: ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ സ്വതന്ത്ര വണ്ടികളായി വേര്‍പിരിയാന്‍ പോകുന്ന അമൃതയും രാജ്യറാണിയും ഇഴഞ്ഞോടുന്നതില്‍ യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാകുന്നു. തെക്കോട്ടുള്ള യാത്രയില്‍ 20 മിനിട്ട് കൊണ്ട് ഷൊര്‍ണൂര്‍ ബി ക്യാബിനില്‍ നിന്നും തൃശൂരിലെത്തുന്ന ഈ രണ്ട് വണ്ടികളും മടക്കയാത്രയില്‍ ഇതേ ദൂരം സഞ്ചരിക്കുന്നതിന് 160 മിനിട്ട് സമയമെടുക്കുമെന്നാണ് റെയില്‍വെയുടെ കണക്ക്. ഇതിന് പുറമെ പാലക്കാട്-മധുര മേഖലയിലും അമൃത എക്‌സ്പ്രസ്സിന് ആവശ്യത്തില്‍ കൂടുതല്‍ സമയം അനുവദിച്ചതായി യാത്രക്കാര്‍ പറയുന്നു. നിലവില്‍ രാത്രി 10 മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് രാവിലെ 04.20ന് തൃശൂര്‍ കടന്ന് പിറ്റേന്ന് ഉച്ചക്ക് 1.10ന് മധുരയില്‍ എത്തിയിരുന്ന അമൃത എക്‌സ്പ്രസ് മെയ് ഒന്‍പത് മുതല്‍ രാത്രി 08.30ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് പുലര്‍ച്ചെ 2.30ന് തൃശൂര്‍ കടക്കുമെങ്കിലും ഉച്ചക്ക് 12.15ന് മാത്രമേ മധുരയില്‍ എത്തുകയുള്ളൂ.
രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന 16347 മംഗലാപുരം എക്‌സ്പ്രസ് കഴിഞ്ഞാല്‍ മെയ് ഒന്‍പത് മുതല്‍ വടക്കോട്ടുള്ള യാത്രക്കാര്‍ക്ക് രാത്രി 11.30നുള്ള ചെന്നൈ ഗുരുവായൂര്‍ മാത്രമാകും പ്രതിദിന തീവണ്ടി. തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസും തിരുവനന്തപുരം-നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയം വൈകിപ്പിക്കുകയും സ്ലാക്ക് ടൈം പരമാവധി കുറച്ച് നിലമ്പൂരും മധുരയിലും നേരത്തെ എത്തിച്ചേരുന്ന വിധത്തില്‍ ക്രമീകരിക്കുകയും ചെയ്യണമെന്ന് തൃശൂര്‍ റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ റെയില്‍വെ അധികൃതരോട് ആവശ്യപ്പെട്ടു. കൂടാതെ അമൃതക്ക് 24ഉം രാജ്യറാണിക്ക് 16ഉം കോച്ചുകള്‍ വീതം വര്‍ധിപ്പിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടു. നിലമ്പൂരിന്റെ സവിശേഷത കണക്കിലെടുത്ത് രാജ്യറാണിക്ക് ടീക് ടൗണ്‍ രാജ്യറാണി എക്‌സ്പ്രസ് എന്ന് നാമകരണം ചെയ്യണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.