മായാവതിയെ വ്യക്തിഹത്യ ചെയ്ത് പ്രസംഗ‌ം; ബിജെപി വനിതാ നേതാവ് വെട്ടിൽ

Posted on: January 20, 2019 2:23 pm | Last updated: January 20, 2019 at 2:23 pm

ലക്‌നോ: ബിഎസ്പി നേതാവ് മായാവതിയെ വ്യക്തിഹത്യ ചെയ്യുന്ന പരാമര്‍ശവുമായി ബിജെപിയുടെ വനിതാ നേതാവ്. ഉത്തര്‍പ്രദേശിലെ മുഗള്‍സാരെയ് എംഎല്‍എ സാധ്‌ന സിംഗാണ് വിവാദ പരാമര്‍ശം നടത്തിയത്. മായാവതി സ്ത്രീ സമൂഹത്തിന് കളങ്കമുണ്ടാക്കിയെന്നും അധികാരത്തിന് വേണ്ടി അന്തസിനെ അവര്‍ വിറ്റുവെന്നുമായിരുന്നു പരാമര്‍ശം. ബിജെപി റാലിക്കിടെയാണ് സാധ്‌ന ഈ പരാമര്‍ശം നടത്തിയത്.

മായാവതിക്ക് ആത്മാഭിമാനമില്ല. അവര്‍ നേരത്തെ അപമാനിക്കപ്പെട്ടിരുന്നു. ഇപ്പോഴും അത് തുടരുകയാണ്. എല്ലാം കൈവിട്ടിട്ടും അധികാരത്തിന് വേണ്ടി അന്തസ്സ് കളഞ്ഞുകുളിക്കുകയാണ് അവരെന്നും സാധ്‌ന പറഞ്ഞു.

പരാമര്‍ശം വിവാദമായതോടെ സാധ്‌നാ സിംഗിനെതിരെ ബിഎസ്പി രംഗത്ത് വന്നു. സാധ്‌നക്ക് മാനസിക രോഗമുണ്ടെന്ന് ബിഎസ്പി കേന്ദ്രങ്ങള്‍ പ്രതികരിച്ചു. കോണ്‍ഗ്രസും പ്രസ്താവനക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. സാധ്‌നക്ക് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.