വഖഫ് ട്രിബ്യൂണല്‍ ന്യായം വിധിച്ച് മുന്നോട്ട് പോകണം: സി മുഹമ്മദ് ഫൈസി

Posted on: January 20, 2019 12:41 pm | Last updated: January 20, 2019 at 12:41 pm

കോഴിക്കോട്: വഖഫ് ട്രിബ്യൂണല്‍ അന്തസ്സോടെ ന്യായം വിധിച്ച് മുന്നോട്ടു പോയാല്‍ വഖ്ഫ് സംബന്ധിച്ച തര്‍ക്കങ്ങള്‍ കുറയുമെന്ന് മതവിഭാഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചവര്‍ക്ക് ഉറപ്പുനല്‍കുകയാണെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് പറഞ്ഞു. ശനിയാഴ്ച കോഴിക്കോട്ട് വഖഫ് ട്രിബ്യൂണല്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കക്ഷിരാഷ്ട്രീയക്കാര്‍ അവരുടെ സങ്കുചിതമായ താത്പര്യത്തിന് പള്ളികളും മദ്റസകളും ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഈ മേഖലയില്‍ ശ്രദ്ധ വെച്ച മന്ത്രി അഭിനന്ദനം അര്‍ഹിക്കുന്നു. സ്ഥാപനങ്ങള്‍ അവയുടെ ഉദ്ദേശ്യശുദ്ധി കാറ്റില്‍പറത്തി ചില കുത്തകകള്‍ കൈയടക്കി വെച്ചിരിക്കുന്നത് ഫാസിസം തന്നെയാണ്. ഇവിടെ ന്യായത്തിന്റെ പക്ഷത്ത് നില്‍ക്കാന്‍ കഴിയണം.

ഭരണഘടനയില്‍ ചുമതലകളോടൊപ്പം തന്നെ അവകാശങ്ങളുമുണ്ട്. ചുമതലകളെ കുറിച്ച് മാത്രം പറയുന്നവര്‍ അവകാശങ്ങള്‍ അവഗണിക്കപ്പെടുമ്പോഴുള്ള കരച്ചില്‍ കാണാതെ പോകരുത്. സര്‍ക്കാര്‍ ന്യായവും നീതിയും നടപ്പാക്കുമ്പോള്‍ ജനങ്ങളുടെ പിന്തുണയുണ്ടാകും. ഇവിടെ ആര്‍ക്കും പക്ഷപാതിത്വമില്ല. ന്യായം പുലുരണമെന്നാണ് ആഗ്രഹം. ന്യായത്തിന്റെ പക്ഷത്ത് എല്ലാവരും അണിനിരക്കണമെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു.