അവസാനിച്ചത് സംഘര്‍ഷങ്ങളുടെ മണ്ഡലകാലം

തിരുവനന്തപുരം
Posted on: January 20, 2019 12:39 pm | Last updated: January 20, 2019 at 12:39 pm

ശബരിമലയില്‍ യുവതീ പ്രവേശം ആകാമെന്ന സുപ്രീകോടതി വിധി വന്നതോടെ കഴിഞ്ഞു പോയത് വിവാദങ്ങളുടെയും സംഘര്‍ഷങ്ങളുടെയും മണ്ഡലകാലം. മണ്ഡലകാലം കഴിഞ്ഞ് ഇന്ന് ശബരിമല നട അടച്ചു. ഇന്നലെയും യുവതികള്‍ ശബരിമല പ്രവേശത്തിന് എത്തിയിരുന്നു. തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ പ്രവേശിച്ച യുവതികളുടെ കണക്കില്‍ കൃത്യതയുണ്ടായില്ലെന്ന വിവാദത്തോടെയാണ് മണ്ഡലകാലം അവസാനിച്ചത്്.
മണ്ഡലകാലത്ത് ശബരിമലയില്‍ പ്രവേശിച്ച യുവതികളുടെ പേരും ലിസ്റ്റും കാണിച്ച് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കും വിവാദമായി. ഇക്കാര്യത്തില്‍ ലിസ്റ്റ് തയാറാക്കി നല്‍കിയ പോലീസും സര്‍ക്കാറിനെ നാണം കെടുത്തി. കനകദുര്‍ഗയും ബിന്ദുവും പോലീസ് സഹായത്തോടെ ശബരിമലയില്‍ എത്തി ദര്‍ശനം നടത്തിയെന്ന സ്ഥിരീകരണം ഉണ്ടായതോടെ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നമായി ഇവരുടെ ദര്‍ശനം മാറി. തുലാമാസത്തില്‍ നട തുറന്നപ്പോള്‍ നടവരവില്‍ ഉണ്ടായ ഇടിവ് ഒരു സൂചനയായി കാണേണ്ടി വരുമെന്ന അഭിപ്രായം ശരിവെക്കുന്ന സംഭവ വികാസങ്ങളാണ് ശബരിമലയില്‍ ഉണ്ടായത്. യുവതികള്‍ ദര്‍ശനത്തിനായി എത്തിയതും അവര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് വന്‍ സുരക്ഷാ സംവിധാനം ഒരുക്കിയതും പോലീസിന് ഏറെ വെല്ലുവിളിയായി.

ശബരിമല യുവതീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകുകയും അതിനെ നേരിടാന്‍ ബി ജെ പി നേതൃത്വത്തിലുള്ള മറുവിഭാഗം ഒരുങ്ങുകയും ചെയ്തതോടെ ശബരിമല പലപ്പോഴും പോലീസിന്റെ പരീക്ഷണ ശാലയായി. ശബരിമലയുടെ പേരില്‍ വോട്ടുബേങ്ക് രാഷട്രീയത്തിന് ബി ജെ പി ശ്രമമാരംഭിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറും തയാറായി.

ശബരിമലയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ കാരണം സംസ്ഥാനത്ത്് നിന്നുളള തീര്‍ത്ഥാടകരുടെ വരവില്‍ ഇടിവുണ്ടായെന്ന് ദേവസ്വം ബോര്‍ഡും ചൂണ്ടിക്കാട്ടുന്നു. ഇത് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തിലും കുറവുണ്ടാക്കി. ശബരിമല പ്രശ്‌നത്തിലൂടെ വോട്ടു ബേങ്ക് രാഷ്ട്രീയമാണ് ബി ജെ പിയും സംഘ്പരിവാര്‍ സംഘടനകളും ലക്ഷ്യമിട്ടത്. എന്‍ എസ് എസ് അടക്കം ചില സമുദായ സംഘടനകളും ബി ജെ പിക്ക് പിന്തുണയുമായി എത്തി. അയ്യപ്പ ജ്യോതിയുമായി ബി ജെ പിയും സംഘ്പരിവാറും രംഗത്തെത്തിയപ്പോള്‍ നവോത്ഥാന കേരളത്തിന്റെ പ്രതീകമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ ഉയര്‍ത്തി സര്‍ക്കാറും നവോത്ഥാന സംഘടനകളും അതിനെ നേരിട്ടു. വനിതാ മതില്‍ ഉയര്‍ന്നതിന് തൊട്ടടുത്ത ദിവസം യുവതികളായ ബിന്ദുവിനേയും കനകദുര്‍ഗയേയും സന്നിധാനത്ത് പോലീസ് എത്തിച്ചു. ശബരിമലയില്‍ തമ്പടിച്ചിരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ കണ്ണില്‍പ്പെടാതെയാണ് പോലീസ് യുതികളെ മലകയറ്റിയത്.
യുവതീ സന്ദര്‍ശനം നടന്നുവെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചതിന് ശേഷം സംസ്ഥാനത്തുടനീളം കലാപമുയര്‍ത്തുന്നതിനാണ് ബി ജെ പിയും സംഘ്പരിവാറും തയാറായത്.

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളില്‍ പലരെയും പ്രതിഷേധത്തെ തുടര്‍ന്ന് സന്നിധാനത്തെത്തിക്കാന്‍ കഴിയാതിരുന്നത് പോലീസിന്റെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ബിന്ദുവിനെയും കനകദുര്‍ഗയെയും സന്നിധാനത്തെത്തിച്ചത് നേട്ടമായി സംസ്ഥാന സര്‍ക്കാറിനും പോലീസിനും കരുതാം. മണ്ഡലകാലം അവസാനിക്കുന്നതിന് തൊട്ടുതലേ ദിവസം വരെ യുവതികള്‍ ദര്‍ശനത്തിനായി എത്തിയിരുന്നു. എന്നാല്‍ അവരെ സന്നിധാനത്തെത്തിക്കാനവാതെ പോലീസ് മടക്കി അയക്കുകയായിരുന്നു. ശബരിമല പ്രശ്‌നത്തിലൂടെ എന്‍ എസ് എസിന്റെ പിന്തുണ നേടാനായതാണ് ബി ജെ പിക്കുണ്ടായ നേട്ടം. എന്നാല്‍ എസ് എന്‍ ഡി പി യോഗത്തിന്റെയും കെ പി എം എസ് അടക്കമുളള സംഘടനകളുടെയും പിന്തുണ സംസ്ഥാന സര്‍ക്കാറിനായിരുന്നു. ഇനി ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ മുമ്പാകെയുളള റിവ്യൂ ഹരജികളില്‍ കോടതി എന്തുനിലപാടെടുക്കും എന്നതനുസരിച്ചാകും തുടര്‍ വിവാദങ്ങള്‍.

ഡി ആര്‍ സരിത്ത്
തിരുവനന്തപുരം