മുക്കം കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു

Posted on: January 20, 2019 12:30 pm | Last updated: January 20, 2019 at 12:30 pm

കൊടിയത്തൂര്‍: മുക്കം, കൊടുവള്ളി നഗരസഭകളെയും സമീപത്തെ ഏഴ് ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിച്ചിട്ടുള്ള മുക്കം മേജര്‍ കുടിവെള്ളപദ്ധതി യാഥാര്‍ഥ്യമാകുന്നു. പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ബൃഹത്തായ പദ്ധതിയാണ് കേരള വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയിരിക്കുന്നത്. ഈ നഗരസഭകള്‍ക്ക് പുറമേ കാരശ്ശേരി, കൊടിയത്തൂര്‍, ചാത്തമംഗലം, മാവൂര്‍, ഓമശ്ശേരി, കിഴക്കോത്ത്, മടവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണ് പദ്ധതിക്കു കീഴില്‍ വരിക. പദ്ധതിയുടെ ആകെ ചെലവ് 400 കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്.
മൂന്ന് ഘട്ടമായി പദ്ധതി നടപ്പാക്കുന്ന വിധമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ മുക്കം മുനിസിപ്പാലിറ്റിയും കാരശ്ശേരി ഗ്രാമപഞ്ചായത്തും രണ്ടാംഘട്ടത്തില്‍ കൊടിയത്തൂര്‍, മാവൂര്‍, ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകളും മൂന്നാംഘട്ടത്തില്‍ കൊടുവള്ളി മുനിസിപ്പാലിറ്റിയും കിഴക്കോത്ത്, മടവൂര്‍ പഞ്ചായത്തുകളുമാണ് വരിക. ആദ്യഘട്ടമായ 60 കോടി രൂപയുടെ പദ്ധതിയുടെ ഭരണാനുമതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
കേരള വാട്ടര്‍ അതോറിറ്റി മാവൂര്‍ പ്ലാന്റില്‍ നിന്ന് മെയിന്‍ പൈപ്പുകളിലൂടെ വെള്ളം എത്തിക്കും. ഹൗസ് കണക്ഷന്‍, പഞ്ചായത്ത്/ മുനിസിപ്പാലിറ്റികള്‍ വഴിയാണ് നല്‍കുക.
വെള്ളക്കരം പിരിക്കലും മെയിന്റനന്‍സും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചുമതലയായിരിക്കും. ആദ്യഘട്ടത്തിലെ സംഭരണി കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് എള്ളങ്ങല്‍ മലയിലാണ്. 40 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണിയാണ് ഇവിടെ സ്ഥാപിക്കുക. മുക്കം കാരശ്ശേരി, കൊടിയത്തൂര്‍ പ്രദേശങ്ങളില്‍ ജലവിതരണം നടത്താന്‍ പര്യാപ്തമാകും. പദ്ധതിയുടെ നടത്തിപ്പിനും വിശദമായ ചര്‍ച്ചകള്‍ക്കും വേണ്ടി മുക്കം മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ വച്ച് യോഗം ചേര്‍ന്നു.
യോഗത്തില്‍ കുന്ദമംഗലം എം എല്‍ എ. പി ടി എ റഹീം, കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖ് എന്നിവരും മുക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ വി കുഞ്ഞന്‍ കൊടുവള്ളി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ബാബു എന്നിവരും വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി കെ വിനോദ് (കാരശ്ശേരി), സി ടി സി അബ്ദുല്ല (കൊടിയത്തൂര്‍), കെ എസ് ബീന (ചാത്തമംഗലം), മുനീറത്ത് (മാവൂര്‍), ഗ്രേസി നെല്ലിക്കുന്നേല്‍ (ഓമശ്ശേരി), എന്‍ സി ഉസൈന്‍ (കിഴക്കോത്ത്), വി സി അബ്ദുല്‍ഹമീദ് (മടവൂര്‍), മുക്കം നഗരസഭ സെക്രട്ടറി എം കെ ഹരീഷ്, മറ്റു നഗരസഭാ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, വാട്ടര്‍ അതോറിറ്റി ഉത്തരമേഖല ചീഫ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍ പി വി, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എം കെ മൊയ്തീന്‍കോയ, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷംസുദ്ദീന്‍ പങ്കെടുത്തു.