ഇടുക്കിയില്‍ 6000 പേര്‍ക്ക് പട്ടയം നല്‍കുന്നു

Posted on: January 20, 2019 12:51 pm | Last updated: January 20, 2019 at 12:51 pm

കൊച്ചി: 40 വര്‍ഷങ്ങള്‍ക്കു ശേഷം ഇടുക്കിയിലെ ഉള്‍ഗ്രാമങ്ങളിലടക്കമുള്ള ആറായിരം പേര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടി പൂര്‍ത്തിയായി. പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, മുരിക്കാശ്ശേരി, ഇടുക്കി, കരിമണ്ണൂര്‍, രാജകുമാരി എന്നീ ഭൂമി പതിവ് ഓഫീസുകള്‍ ഇടുക്കി, തൊടുപുഴ, ദേവികുളം താലൂക്കാഫീസുകള്‍, തൊടുപുഴ ലാന്‍ഡ് ട്രൈബ്യൂണല്‍ എന്നീ കാര്യാലയങ്ങളില്‍ നിന്നുള്ള 6000ത്തോളം പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറാകുന്നത്.
ഇതില്‍ അടിമാലി മന്നാങ്കണ്ടം വില്ലേജിലെ പതിനാലാം മൈല്‍ മുതല്‍ നേര്യമംഗലം വരെ വസിക്കുന്ന 100 കണക്കിന് കുടുംബങ്ങളടക്കം ഉള്‍പ്പെട്ടുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മന്നാങ്കണ്ടം വില്ലേജിലെ ഭൂമി സംബന്ധമായ രേഖകളില്‍ റിസര്‍വ്വ് ഫോറസ്റ്റ്, മലയാറ്റൂര്‍ റിസര്‍വ്വ് ഫോറസ്റ്റ് എന്ന് രേഖപ്പെടുത്തിയിരുന്നതിനാല്‍ 40 വര്‍ഷങ്ങളായി ഈ മേഖലയില്‍ പട്ടയ നടപടികള്‍ നടന്നിരുന്നില്ല. വിഷയം സൂക്ഷ്മമായി പരിശോധിച്ച ജില്ലാകലക്ടര്‍ വിശദമായ പരിശോധനക്കും പഠനത്തിനുമായി ഭൂമിസംബന്ധമായ വിഷയങ്ങളില്‍ വിദഗ്ധരായ ഒരു ടീമിനെ നിയോഗിക്കുകയും ആ ടീം പഴയകാല റവന്യൂ, സര്‍വേ രേഖകളടക്കം സൂക്ഷ്മമായി പഠിച്ചതില്‍ നിന്ന് രേഖകളിലെ റിസര്‍വ്വ് ഫോറസ്റ്റ് എന്ന് രേഖപ്പെടുത്തല്‍ തെറ്റായി വന്നതാണെന്ന് കണ്ടെത്തിയിരുന്നു.

ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഇവിടെയുള്ളവരുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാന്‍ അവസരം ഒരുങ്ങിയത്.സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഇടുക്കിയില്‍ നടക്കുന്ന മൂന്നാമത് പട്ടയ മേളയാണ് അടുത്ത ദിവസം കുട്ടിക്കാനത്ത് നടക്കുക. 2017 മെയ് 21ന് കട്ടപ്പനയില്‍ നടന്ന ആദ്യ പട്ടയമേളയില്‍ വിവിധ കാര്യാലയങ്ങളില്‍ നിന്ന് തയ്യാറാക്കിയ 5490 പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു.

1964ലെ ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം 2010 പട്ടയങ്ങളും 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം 3480 പട്ടയങ്ങളും ഉള്‍പ്പെട്ടിരുന്നു. രണ്ടാമത് പട്ടയമേള 2018 ഫെബ്രുവരി 17ന് ആയിരുന്നു. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം കുമളി, ഇരട്ടയാര്‍, അടിമാലി എന്നിവിടങ്ങളിലായിരുന്നു പട്ടയമേളകള്‍ ക്രമീകരിച്ചിരുന്നത്. 1964ലെ ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം 5856 പട്ടയങ്ങളും 1993ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം 2952 പട്ടയങ്ങളും 56 ക്രയസര്‍ട്ടിഫിക്കറ്റുകളുമടക്കം 8864 പട്ടയങ്ങളാണ് മൂന്നിടങ്ങളിലായി വിതരണം ചെയ്തത്. ഇടുക്കി അണക്കെട്ടിന്റെ പത്ത് ചെയിന്‍ മേഖലയിലെ ജനങ്ങള്‍ക്ക് അന്യമായിരുന്ന പട്ടയ നടപടികളാണ് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയത്.

സുരക്ഷാമേഖലയായ മുന്ന് ചെയിന്‍ പ്രദേശം ഒഴിവാക്കി ഏഴ് ചെയിന്‍ വരുന്ന സ്ഥലത്ത് പട്ടയം അനുവദിച്ചത് നിയമ പ്രശ്‌നങ്ങളെയെല്ലാം മറികടന്നാണ്. ഇരട്ടയാര്‍ വില്ലേജിലെ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം അനുവദിച്ചുകൊണ്ടും സര്‍ക്കാര്‍ വേഗത്തില്‍ ഉത്തരവിറക്കി.
1950കള്‍ മുതല്‍ തലമുറകളായി കൈവശം വച്ചിരുന്ന ഭൂമിക്കാണ് സര്‍ക്കാര്‍ പട്ടയമനുവദിച്ചത്. ഇരട്ടയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് വൈദ്യുതി വകുപ്പിന് സുരക്ഷാ പ്രശ്‌നങ്ങളാല്‍ ആവശ്യമുള്ള സ്ഥലം ഒഴിവാക്കി ജനങ്ങളുടെ കൈവശമിരുന്ന കുടിയേറ്റ ഭൂമിയാണ് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.