ശബരിമലയില്‍ സമരം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവര്‍: മുഖ്യമന്ത്രി

Posted on: January 20, 2019 12:14 pm | Last updated: January 20, 2019 at 9:25 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമരം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ ഇറങ്ങിയപ്പോള്‍ തുടക്കത്തില്‍ വിധിയെ അനുകൂലിച്ചവര്‍ക്ക് പോലും പൊള്ളിയെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. തിരുവനന്തപുരത്ത് കേരള സമൂഹത്തിന്റെ വലതുപക്ഷവത്കരണം ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറച്ചുവെക്കാന്‍ ബോധപൂര്‍വമുള്ള ശ്രമം നടക്കുന്നുണ്ട്. 1991വരെ മാസാദ്യ പൂജക്ക് സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നു. 1991ല്‍ ജഡ്ജി ബോധപൂര്‍വമാണ് ഉത്തരവിറക്കിയതെന്നും 1991ല്‍ വന്ന കാര്യം എങ്ങിനെ നാടിന്റെ ആചാരമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമൂഹത്തില്‍ യാഥാസ്ഥിതിക നിലപാട് വര്‍ധിച്ച് വരുന്നുണ്ട്. സ്ത്രീ പുരുഷ സമത്വവുമായി യോജിക്കാനാകാത്തവരാണ് സ്ത്രീ പ്രവേശനത്തിന് എതിരെ നിലപാടെടുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.