Connect with us

Kozhikode

വഖ്ഫ് ട്രൈബ്യൂണല്‍ ഉദ്ഘാടനം സംവാദ വേദിയായി

Published

|

Last Updated

കോഴിക്കോട്: വഖ്ഫ് ട്രൈബ്യൂണല്‍ ഉദ്ഘാടന പരിപാടി വിശ്വാസ സംബന്ധമായ സംവാദ വേദിയായി. വഖ്ഫിന്റെയും വിശ്വാസത്തിന്റെയും പരിപാവനതയെ കുറിച്ച് സംസാരിച്ച് അധ്യക്ഷന്‍ ജസ്റ്റിസ് സി കെ അബ്ദുര്‍റഹീമാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. വിശ്വാസം കൂടുമ്പോഴും തര്‍ക്കങ്ങള്‍ കുറയുന്നില്ലെന്നതിന്റെ കാരണത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടായിരുന്നു മന്ത്രി കെ ടി ജലീലിന്റെ പ്രഭാഷണം. ഇത് ഏറ്റെടുത്ത് സംസാരിച്ച മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ വാക്കുകളെ ഖണ്ഡിച്ച് എ പ്രദീപ് കുമാര്‍ എം എല്‍ എ രംഗത്തെത്തിയതോടെ ചര്‍ച്ചക്ക് ചൂടുപിടിക്കുകയും ചെയ്തു.

ഭക്തരെ തിരിച്ചറിയാന്‍ ഇന്ന് പ്രയാസമായിരിക്കുകയാണെന്നും അതാണ് നാം നേരിടുന്ന വലിയ പ്രശ്‌നമെന്നുമായിരുന്നു ശബരിമല വിവാദത്തിന്റെ കൂടി പശ്ചാത്തലത്തില്‍ മേയര്‍ പറഞ്ഞത്. വിശ്വാസി സമൂഹം പുനര്‍വിചിന്തനത്തിന് വിധേയരാകേണ്ട സാഹചര്യമാണ്. കുറ്റങ്ങള്‍ കുറയുമ്പോഴേ യഥാര്‍ഥ വിശ്വാസം നിലനില്‍ക്കൂവെന്ന് പറയാനാകൂ. എന്നാല്‍ വിശ്വാസം തിരിച്ചറിയേണ്ട കാര്യമില്ലെന്നും അത് വ്യക്തിപരമാണെന്നുമായിരുന്നു പ്രദീപ് കുമാര്‍ എം എല്‍ എയുടെ പ്രതികരണം. വിശ്വാസം ദൈവവുമായി ബന്ധപ്പെട്ടതാണ്. അത് അളക്കേണ്ട കാര്യമില്ല. തടഞ്ഞുനിര്‍ത്തി വിശ്വാസം ചോദിക്കേണ്ടതുമില്ല.
എല്ലാ മതവിഭാഗങ്ങള്‍ക്കിടയിലും വിശ്വാസം കൂടുന്നതോടൊപ്പം തര്‍ക്കങ്ങളും അധര്‍മവും കൂടുകയാണെന്നായിരുന്നു മന്ത്രി കെ ടി ജലീലിന്റെ പരാമര്‍ശം. യഥാര്‍ഥ വിശ്വാസമാണെങ്കില്‍ ഇവ കുറയുകയാണ് വേണ്ടത്. ഇതേക്കുറിച്ച് പുനര്‍വിചിന്തനത്തിന് തയ്യാറാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ട്രൈബ്യൂണല്‍ അന്തസ്സോടെ ന്യായം വിധിച്ച് മുന്നോട്ടു പോയാല്‍ വഖ്ഫ് സംബന്ധിച്ച തര്‍ക്കങ്ങള്‍ കുറയുമെന്ന് മതവിഭാഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചവര്‍ക്ക് ഉറപ്പുനല്‍കുകയാണെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. കക്ഷിരാഷ്ട്രീയക്കാര്‍ അവരുടെ സങ്കുചിതമായ താത്പര്യത്തിന് പള്ളികളും മദ്‌റസകളും ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഈ മേഖലയില്‍ ശ്രദ്ധ വെച്ച മന്ത്രി അഭിനന്ദനം അര്‍ഹിക്കുന്നു. സ്ഥാപനങ്ങള്‍ അവയുടെ ഉദ്ദേശ്യശുദ്ധി കാറ്റില്‍പറത്തി ചില കുത്തകകള്‍ കൈയടക്കി വെച്ചിരിക്കുന്നത് ഫാസിസം തന്നെയാണ്. ഇവിടെ ന്യായത്തിന്റെ പക്ഷത്ത് നില്‍ക്കാന്‍ കഴിയണം. ഭരണഘടനയില്‍ ചുമതലകളോടൊപ്പം തന്നെ അവകാശങ്ങളുമുണ്ട്. ചുമതലകളെ കുറിച്ച് മാത്രം പറയുന്നവര്‍ അവകാശങ്ങള്‍ അവഗണിക്കപ്പെടുമ്പോഴുള്ള കരച്ചില്‍ കാണാതെ പോകരുത്. സര്‍ക്കാര്‍ ന്യായവും നീതിയും നടപ്പാക്കുമ്പോള്‍ ജനങ്ങളുടെ പിന്തുണയുണ്ടാകും. ഇവിടെ ആര്‍ക്കും പക്ഷപാതിത്വമില്ല. ന്യായം പുലുരണമെന്നാണ് ആഗ്രഹം. ന്യായത്തിന്റെ പക്ഷത്ത് എല്ലാവരും അണിനിരക്കണമെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു.

സ്രഷ്ടാവില്‍ അര്‍പ്പിതമായ സ്വത്തുക്കളാണ് വഖ്ഫ് സ്വത്തുക്കളെന്ന് ജസ്റ്റിസ് സി കെ അബ്ദുര്‍റഹീം പറഞ്ഞു. ഒരു വ്യക്തി തന്റെ സ്വത്ത് മതപരമായ ആവശ്യത്തിന് മനസ്സ് കൊണ്ടോ വാക്ക് കൊണ്ടോ പറയുന്ന സന്ദര്‍ഭത്തില്‍ തന്നെ അല്ലാഹുവില്‍ അര്‍പ്പിതമാകുകയാണ്. ഇത്തരം വഖ്ഫ് സ്വത്തുക്കളുടെ ഉടമ അല്ലാഹുവാണ്. ഇതിന്റെ സംരക്ഷണം ഭരിക്കുന്നവരുടെ കടമയാണ്. ഇതിനാണ് വഖ്ഫ് ബോര്‍ഡുകളും ട്രൈബ്യുണലും രൂപവത്കരിച്ചത്. ആശുപത്രികളും കോടതികളും ഉദ്ഘാടനം ചെയ്യുമ്പോള്‍ രോഗികളും കേസുകളും കൂടട്ടെ എന്ന് ആശംസിക്കാനാകില്ല. കോടതികള്‍ സ്ഥാപിക്കുമ്പോള്‍ കേസ് കുറയുകയാണ് വേണ്ടത്- ജസ്റ്റിസ് പറഞ്ഞു.

Latest