എസ് വൈ എസ് സംസ്ഥാന പ്രതിനിധി സമ്മേളനം രണ്ടിന് കോഴിക്കോട്ട്

Posted on: January 20, 2019 11:44 am | Last updated: January 20, 2019 at 11:44 am

കോഴിക്കോട്: ആറര പതിറ്റാണ്ട് കാലം കേരളത്തിലെ മത, വൈജ്ഞാനിക, സാമൂഹിക, സാംസ്‌കാരിക, നവോത്ഥാന രംഗങ്ങളില്‍ പ്രോജ്ജ്വല സാന്നിധ്യമായ സമസ്ത കേരള സുന്നി യുവജന സംഘം(എസ് വൈ എസ്) സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് കോഴിക്കോട്ട് വേദിയൊരുങ്ങുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍, ജില്ലാ മെമ്പര്‍ഷിപ്പ് പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അതിജീവനത്തിന്റെ പൂര്‍വകാല കഥകള്‍ ഓര്‍ത്തും അയവിറക്കിയും സാര്‍ഥവാഹക സംഘം വീണ്ടും ഒത്തുചേരുന്നത്.
ജനകീയ പ്രസ്ഥാനമെന്ന നിലയില്‍ ജനാധിപത്യ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി സാര്‍വത്രിക ദഅ്‌വത്തിന്റെ വഴിയില്‍ മുന്നേറുന്ന സംഘടനയുടെ സാരഥികള്‍ ഫെബ്രുവരി രണ്ടിന് രാവിലെ പത്ത് മുതല്‍ കാലിക്കറ്റ് ടവറിലാണ് സംഗമിക്കുന്നത്. ഫെബ്രുവരി ഒന്നിന് നടക്കുന്ന സംസ്ഥാന കൗണ്‍സിലിനെ തുടര്‍ന്നാണ് രണ്ടിന് പ്രതിനിധി സമ്മേളനം. സോണ്‍ ഭാരവാഹികളും ജില്ലാ ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളുമാണ് സമ്മേളന പ്രതിനിധികള്‍.
സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ ആറായിരം യൂനിറ്റ് കേന്ദ്രങ്ങളില്‍ എസ് വൈ എസ് യൂത്ത് കൗണ്‍സിലുകള്‍ സംഘടിപ്പിച്ചിരുന്നു. നവംബര്‍ ഒന്നിനും 30നുമിടയില്‍ നടന്ന യൂത്ത് കൗണ്‍സിലുകളിലാണ് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള യൂനിറ്റ് ഭാരവാഹികള്‍ ചുമതലയേറ്റത്. ‘സക്രിയ യൗവനത്തിന് കരുത്താവുക’ എന്ന വിഷയത്തില്‍ ക്ലാസുകളും സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു. സാന്ത്വനം, സാമൂഹിക ക്ഷേമം, ആദര്‍ശ മുന്നേറ്റം, സന്തുഷ്ട കുടുംബം, വ്യക്തിത്വ വികസനം തുടങ്ങിയവയിലൂന്നി അടുത്ത പ്രവര്‍ത്തന വര്‍ഷം സംഘടന മുന്നോട്ടുവെക്കുന്ന കര്‍മപദ്ധതിയുടെ അവതരണവും പഠനവും കേരളീയ യുവത്വത്തിന് പുതിയ അജന്‍ഡ നിര്‍ണയിക്കുന്ന കര്‍മരേഖയും യൂത്ത് കൗണ്‍സിലുകളില്‍ അവതരിപ്പിച്ചു. കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയ സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച സംഭാവന നല്‍കിയ എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍ വിഭാഗത്തെ കൂടുതല്‍ കര്‍മസജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ 20നകം സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകളും ജനുവരി 15നകം സോണ്‍ കൗ ണ്‍സിലുകളും പൂര്‍ത്തിയായി. ഈമാസം 28നകം എല്ലാ ജില്ലകളിലും പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും. പ്രസ്ഥാനത്തിന്റെ ബഹുജന മുഖമായ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥി യുവജന ഘടകത്തിലടക്കം ഒന്നിച്ചാണ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.