Connect with us

Editorial

രാജ്യദ്രോഹികള്‍ ഉണ്ടാകുന്നത്

Published

|

Last Updated

എങ്ങനെയാണ് രാജ്യദ്രോഹികളുണ്ടാകുന്നത്? ബി ജെ പിയുടെ വിദ്യാര്‍ഥി സംഘടനയായ എ ബി വി പിയുടെ ജെ എന്‍ യു ഘടകം മുന്‍ നേതാക്കളായ പ്രദീപ് നര്‍വാളും ജതിന്‍ ഗോരയ്യയും കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ മുമ്പാകെ നടത്തിയ വെളിപ്പെടുത്തല്‍ ഈ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരമാണ്. 2016 ഫെബ്രുവരി ഒമ്പതിന് പാര്‍ലിമെന്റ് ആക്രമണക്കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങ് നടക്കുകയാണ് ജെ എന്‍ യു സബര്‍മതി ധാബയില്‍. കനയ്യകുമാര്‍, ഉമര്‍ ഖാലിദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സമാധാനപരമായി പരിപാടികള്‍ നടന്നു കൊണ്ടിരിക്കെ ഏതാനും എ ബി വി പി വിദ്യാര്‍ഥികള്‍ സദസ്സിലേക്ക് കടന്നു വന്ന് പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നു. രാജ്യദ്രോഹ മുദ്രാവാക്യം എന്ന പരാതിയില്‍ കനയ്യകുമാറിനെയും ഉമര്‍ഖാലിദിനെയും ഏതാനും സുഹൃത്തുക്കളെയും പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയും മുദ്രാവാക്യം മുഴക്കിയവര്‍ അണിയറക്കുള്ളിലേക്ക് പിന്‍വലിയുകയും ചെയ്യുന്നു.
കേസില്‍ ഡല്‍ഹി പോലീസ് കനയ്യകുമാര്‍ അടക്കം പത്ത്‌പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പട്യാലഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ്, സംഭവം നടക്കുന്ന ഘട്ടത്തില്‍ എ ബി വി പിയുടെ സജീവപ്രവര്‍ത്തകരും കോളജ് യൂനിറ്റ് നേതാക്കളുമായിരുന്ന പ്രദീപ് നര്‍വാളും ജതിന്‍ ഗോരയ്യയും സത്യാവസ്ഥ വെളിപ്പെടുത്തിയത്. മൂന്ന് വര്‍ഷത്തിനു ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് പോലീസ് 1200 പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. ഹൈദരാബാദ് യൂനിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ഥിയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവുമായിരുന്ന രോഹിത് വെമുല കോളജ് അധികൃതരുടെ അസഹ്യമായ പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവം വിദ്യാര്‍ഥി സമൂഹത്തിലും പൊതുമണ്ഡലത്തിലും സൃഷ്ടിച്ച ശക്തമായ വികാരവും പ്രതിഷേധവും തണുപ്പിക്കാനായിരുന്നു ജെ എന്‍ യുവില്‍ ബി ജെ പിയും എ ബി വി പിയും ചേര്‍ന്ന് ഈ നാടകം നടത്തിയതെന്നും രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ടും ചാനല്‍ ചര്‍ച്ചകളില്‍ ന്യായീകരിച്ചു സംസാരിക്കാന്‍ ദളിതരായ തങ്ങളോട് ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടിരുന്നതായും ഇരുവരും പറഞ്ഞു.
ഇതൊരു പുതിയ അറിവല്ല. അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചത് എ ബി വി പി പ്രവര്‍ത്തകരാണെന്ന് വ്യക്തമാക്കുന്ന വീഡിയോ 2016 ഫെബ്രുവരി 16ന് ഒരു ഹിന്ദി ചാനലും പുറത്തു വിട്ടിരുന്നു. ഏതാനും എ ബി വി പി പ്രവര്‍ത്തകര്‍ സദസ്സിലേക്ക് നുഴഞ്ഞു കയറുന്നതും അവര്‍ നില്‍ക്കുന്ന ഭാഗത്തു നിന്ന് പാക് അനുകൂല മുദ്രാവാക്യങ്ങള്‍ ഉയരുന്നതും വീഡിയോയില്‍ ദൃശ്യമാണ്. നുഴഞ്ഞു കയറിയ വിദ്യാര്‍ഥികളില്‍ ചിലര്‍ നേരത്തേ കോളജില്‍ എ ബി വി പി നടത്തിയ പ്രകടനത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ഈ വീഡിയോ അധികൃതരുടെ മുമ്പാകെ ഹാജരാക്കിയതാണ്. സംഭവത്തില്‍ ജെ എന്‍ യുവില്‍നിന്നുള്ള ആര്‍ക്കും പങ്കില്ലെന്ന് മജിസ്റ്റീരിയല്‍ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയതുമാണ്. എന്നിട്ടും പോലീസ് കേസെടുത്തത് അപരാധികളെ മാറ്റി നിര്‍ത്തി നിരപരാധികളായ ജെ എന്‍ യു വിദ്യാര്‍ഥികളുടെ പേരില്‍! ഏതായാലും കുറ്റപത്രം സ്വീകരിക്കാന്‍ കോടതി തയ്യാറായിട്ടില്ല.
അവിചാരിതമായുണ്ടായ ഒരു സംഭവമല്ല പാക് അനുകൂല മുദ്രാവാക്യവും തുടര്‍ന്നുള്ള നടപടികളും. തുടക്കം മുതലുള്ള അതിന്റെ എപ്പിസോഡുകള്‍ പരിശോധിച്ചാല്‍ ചില വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി ആസൂത്രിതമായി നടത്തിയതാണ് കരുനീക്കങ്ങളെന്ന് ബോധ്യമാകും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോളജ് അധികൃതര്‍ ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. പൂര്‍ണമായും മാനേജ്‌മെന്റിന്റെ നിലപാടിനെ അംഗീകരിക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തി രൂപവത്കരിച്ച സമിതി കുറ്റാരോപിതരായ വിദ്യാര്‍ഥികളോട് വിശദീകരണം തേടാതെയാണ് അവരുടെ മേല്‍ പിഴക്കും സസ്‌പെന്‍ഷനും ശിപാര്‍ശ ചെയ്തത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് സമിതി രൂപവത്കരിച്ചതെന്ന് ചൂണ്ടിക്കാട്ടി ജെ എന്‍ യു ടീച്ചേഴ്‌സ് അസോസിയേഷന്‍ അതിനെതിരെ രംഗത്തു വന്നിരുന്നു.
രാജ്യത്തെ ബൗദ്ധിക കേന്ദ്രങ്ങളായ പ്രമുഖ സര്‍വകലാശാലകളില്‍ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ വിമര്‍ശവും ചോദ്യങ്ങളും ഉയരുക സ്വാഭാവികമാണ്. പ്രതികരണ ശേഷിയുള്ള യുവത അനീതിക്കെതിരെ ശബ്ദിച്ചു കൊണ്ടിരിക്കും. ഫാസിസത്തിന് ഒട്ടും ദഹിക്കാത്ത കാര്യമാണ് വിമര്‍ശം. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ വിഖ്യാത സര്‍വകലാശാലയില്‍ നിന്നുണ്ടാകുന്ന ഭരണകൂട ഭീകരതക്കെതിരായ ചെറുത്തു നില്‍പ്പ് സര്‍ക്കാറിനെ കൂടുതല്‍ അലോസരപ്പെടുത്തുകയും ചെയ്യും. സര്‍ക്കാറിനിഷ്ടമില്ലാത്തവരെയും ഭരണഘടനയെയും ദേശീയപതാകയെയും തള്ളിപ്പറയുന്ന ഒറിജിനല്‍ ദേശദ്രോഹികളായ സംഘ്പരിവാര്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നവരെയും രാജ്യദ്രോഹികളാക്കി മുദ്രകുത്തുന്ന തലതിരിഞ്ഞ ഭരണ രീതിയാണ് രാജ്യത്ത് നിലവിലുള്ളത്. ഭരണം വര്‍ഗീയ ഫാസിസത്തിന്റെ കരങ്ങളിലായതിനാല്‍ ഈ മുദ്രചാര്‍ത്തിന് നിയമത്തിന്റെ, കോടതികളുടെ പോലും പിന്തുണയും ലഭിക്കുന്നു.

Latest