ഈ മതില്‍ ഭീരുത്വത്തിന്റെ സ്മാരകം

Posted on: January 20, 2019 11:33 am | Last updated: January 20, 2019 at 11:33 am

ഭരണാധികാരി അപകടകാരിയായി പരിണമിക്കുന്നതിന്റെ ലക്ഷണങ്ങള്‍ നിര്‍വചിക്കുന്നിടത്ത് സൈദ്ധാന്തികര്‍ വ്യക്തമാക്കുന്ന ഒരു ലക്ഷണം ഇങ്ങനെ വായിക്കാം ‘വ്യക്തി താത്പര്യങ്ങള്‍ രാജ്യ താത്പര്യമായി അവതരിപ്പിക്കുക, ശേഷം അത് നടപ്പിലാക്കാന്‍ സാധ്യമായ വഴികളൊക്കെ തേടുക’. ഇനി അമേരിക്കന്‍ ചരിത്രത്തില്‍, സമാനതകളില്ലാത്ത ഭരണസ്തംഭനം അഭിമുഖീകരിക്കുന്ന ജനങ്ങളോടുള്ള ട്രംപിന്റെ വാക്കുകളിലേക്ക് ശ്രദ്ധിക്കാം: ‘എനിക്കത് ചെയ്യാന്‍ കഴിയും, നമുക്ക് ഒരു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും മതില്‍ വളരെ വേഗം നിര്‍മിക്കാനും കഴിയും. ഞാന്‍ ചെയ്യുന്നത് അഭിമാനിക്കാവുന്ന പ്രവൃത്തിയാണ്. നിങ്ങളിത് ഏറ്റെടുക്കണം’. അപ്പോള്‍ അതാണ് കാര്യം. വ്യക്തി താത്പര്യം രാജ്യത്തിന്റെതായി അവതരിപ്പിക്കുന്നു, നടപ്പിലാക്കാനുള്ള ഏത് വഴിയും തേടുന്നു. അതായത് അപകടകാരിയായി ഭരണസാരഥ്യമേറ്റെടുത്തയാള്‍ കൂടുതല്‍ കൂടുതല്‍ അപകടകാരിയായി മാറുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് വലതുപക്ഷ തീവ്രവാദികളെ പ്രീതിപ്പെടുത്താന്‍ നടത്തിയ മതിലെന്ന വാഗ്ദാനം നടപ്പിലാക്കാനാവാത്തത് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായാണ് അദ്ദേഹം കാണുന്നത്. എത്ര ലാഘവത്തോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കുന്നത്? ഇത് സാധ്യമാക്കാനായി ഏതറ്റം വരെ പോകുമെന്നും അവിടെ പൗരന്മാരുടെ അസംതൃപ്തിയും അസൗകര്യങ്ങളും പരിഗണിക്കില്ലെന്നുമുള്ള വ്യക്തമായ സൂചനയാണ് ഓവല്‍ ഓഫീസില്‍ നിന്ന് മുഴങ്ങിക്കേള്‍ക്കുന്നത്. ജനായത്ത പ്രക്രിയയിലൂടെ അധികാരമേറി ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുരുതരമായ സ്ഥിതിഗതികളിലേക്ക് അമേരിക്ക നീങ്ങുന്നുവെന്ന് ചുരുക്കം.
ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മുഖ്യമായിരുന്നു മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുമെന്നത്. തിരഞ്ഞെടുപ്പ് കാലത്ത് തന്റെ ആരാധകരെ ആവേശഭരിതരാക്കാന്‍ അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന രണ്ട് വാക്കുകളുണ്ട്, ബിള്‍ഡ് ദ വാള്‍( മതില്‍ നിര്‍മിക്കൂ), ലോക്ക് ഹെര്‍ അപ് (അവരെ തുറുങ്കിലടക്കൂ). കുടിയേറ്റ വിരുദ്ധ സെന്റിമെന്റ്‌സിന്റെ പ്രചാരകരായ തീവ്രവലതുപക്ഷത്തെ ഇളക്കിവിടാനും അവരുടെ പൂര്‍ണ പിന്തുണ നേടാനുമായിരുന്നു ആദ്യത്തെ ആക്രോശം. ഹിലരി ക്ലിന്റണെ തുറുങ്കിലിലടക്കൂ എന്ന ആക്രോശമായിരുന്നു രണ്ടാമത്തേത്.
വിജയത്തിന് ശേഷം തീവ്രവലതു പക്ഷത്തിന്റെ വക്താക്കള്‍ ആഗ്രഹിച്ച മാറ്റങ്ങളാണ് അമേരിക്കയില്‍ കണ്ടത്. വംശ, വര്‍ണവെറി അതിന്റെ ഉഗ്രരൂപം പ്രാപിച്ചു. ട്രംപ് നാഷന്‍ വൈറ്റ്‌സ് ഓണ്‍ലി, മേക് അമേരിക്ക വൈറ്റ് എഗൈന്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അമേരിക്കന്‍ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടു. മുന്‍കാലത്തെ അപേക്ഷിച്ച് വംശീയപരമായി അധിക്ഷേപിക്കാന്‍, എന്തും പറയാന്‍ ഇന്ന് കൂടുതല്‍ അവസരം ലഭിക്കുന്നുവെന്ന പാരിഷ് അഡ്മിനിസ്‌ട്രേറ്റര്‍ ഹെന്‍ലിയുടെ വാക്കുകള്‍ ഇതിന്റെ ഭീതിതമായ മുഖം അനാവരണം ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ തന്ത്രപ്രധാനമായ ഉത്തരവാദിത്വങ്ങളില്‍ തങ്ങള്‍ക്കനുയോജ്യരായവരെ പ്രതിഷ്ഠിക്കുകയും അതിലൂടെ സ്വാര്‍ഥ താത്പര്യങ്ങള്‍ വിജയിപ്പിച്ചെടുക്കാനും ട്രംപ് നിരന്തരം ശ്രമിച്ച് കൊണ്ടിരുന്നു. എന്നാല്‍ ഇടക്കാല തിരഞ്ഞെടുപ്പാനന്തരമുള്ള ട്രംപിന്റെ ഇടപെടലുകള്‍, ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ നേടിയ മുന്നേറ്റം ട്രംപിനെ ഭയപ്പെടുത്തുന്നുണ്ട് എന്ന സൂചനകളാണ് നല്‍കുന്നത്.
തെക്കു ഭാഗത്തെ മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നുള്ള അനധികൃത കുടിയേറ്റവും ലഹരി വസ്തുക്കളുടെ കടത്തലിനും തടയിടാനായി മതില്‍ അത്യാന്താപേക്ഷിതമാണെന്നാണ് ട്രംപിന്റെ വാദം. ഈ അതിര്‍ത്തി പ്രദേശം രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും സമാധാനത്തിനും വിള്ളലുകള്‍ വീഴ്ത്തുന്നുവത്രേ. ഈയിടെ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടത് ഈ വാദഗതിക്ക് ആക്കം കൂട്ടി. അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റവും ലഹരിവസ്തുക്കളുടെ കടത്തും രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് നിരന്തരം ആവര്‍ത്തിക്കുന്നുവെങ്കിലും ഇതിന് ബലമേകുന്ന ഔദ്യോഗിക രേഖകളൊന്നും കൊണ്ടുവന്നിട്ടില്ല.
ഇതിനായി 570 കോടി യു എസ് ഡോളര്‍ ആണ് ട്രംപ് ആവശ്യപ്പെട്ടിരുന്നത്. ഈ ഫണ്ട് ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ട്രംപിന്റെ ആവശ്യം, ഇത്രയും ഭീമമായ ഫണ്ട് ചെലവഴിച്ച് മതില്‍ നിര്‍മിക്കേണ്ട സ്ഥിതിവിശേഷം രാജ്യത്തില്ലെന്ന നിലപാടില്‍ ജനപ്രതിനിധി സഭ തള്ളുകയുമുണ്ടായി. എന്നാല്‍ ഇതിന് ശേഷമാണ് ഏത് വിധേനയും ഫണ്ട് ലഭ്യമാക്കാനുള്ള വഴികള്‍ തേടുമെന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനപ്രതിനിധി സഭയുടെ സമ്മതമില്ലാതെ പ്രതിരോധത്തിന് മാറ്റിവെച്ച രാജ്യത്തിന്റെ ഫണ്ട് മതിലിനായി ഉപയോഗിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. ഫണ്ട് അനുവദിക്കാതെ ബജറ്റില്‍ ഒപ്പ് വെക്കാന്‍ ട്രംപ് വിസമ്മതിച്ചതോടെ അമേരിക്കയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഭരണസ്തംഭനത്തിനാണ് അമേരിക്ക സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. 22 വര്‍ഷം മുമ്പ് ബില്‍ ക്ലിന്റന്റെ കാലത്ത് നടന്ന 21 ദിവസം നീണ്ടുനിന്ന ഭരണസ്തംഭന റെക്കോര്‍ഡാണ് ഇതിലൂടെ തകര്‍ക്കപ്പെട്ടിരിക്കുന്നത്. ഒമ്പത് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ഒട്ടേറെ ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കാന്‍ പണം ലഭിക്കാതെയായി. എട്ട് ലക്ഷത്തോളം തൊഴിലാളികള്‍ വേതനം ലഭിക്കാതെ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷ ദിനങ്ങളില്‍ പോലും സന്തോഷരഹിതരായി കടന്ന് പോയി. മൂന്ന് ലക്ഷത്തോളം തൊഴിലാളികള്‍ താത്കാലികമായി ജോലികളില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ഇതൊന്നും ഏകാധിപതിയായിക്കഴിഞ്ഞ ട്രംപിനെ സ്പര്‍ശിക്കുന്നേയില്ല.
മതില്‍ നിര്‍മാണത്തിനായി ട്രംപ് ഉയര്‍ത്തുന്നത് പൊള്ളയായ വാദഗതികളാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ തോതില്‍ കാതലായ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അനധികൃത കുടിയേറ്റക്കാര്‍ താമസിക്കുന്ന സംസ്ഥാനങ്ങളില്‍ താരതമ്യേന ക്രമസമാധാന പ്രശ്‌നങ്ങള്‍ കുറവാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇതൊക്കെ മറച്ച് വെച്ച് മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നും കൊലപാതകങ്ങളുടെയും സംഘട്ടനങ്ങളുടെയും വക്താക്കള്‍ അനധികൃതകുടിയേറ്റക്കാരാണെന്നുമുള്ള നുണ ട്രംപ് ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രചാരണത്തിലൂടെ തന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമായ മതില്‍ നിര്‍മാണത്തിനനുകൂലമായ സാഹചര്യമൊരുക്കുകയാണ് ട്രംപ് ചെയ്യുന്നത്. ട്രംപ് ഉയര്‍ത്തുന്ന മറ്റൊരു പ്രധാന പ്രശ്‌നം തെക്കന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെയാണ് 90 ശതമാനം ലഹരിയും രാജ്യത്തെത്തുന്നത് എന്നാണ്. അമേരിക്കയിലേക്ക് പ്രവേശനം അനുവദനീയമായ അതിര്‍ത്തികളിലൂടെയാണ് കൂടുതലായും ലഹരി വസ്തുക്കള്‍ രാജ്യത്തെത്തുന്നത് എന്നതാണ് വസ്തുത.
അമേരിക്കയിലെ പൗരന്മാരുടെ അരക്ഷിതാവസ്ഥക്ക് പരിഹാരം കാണാനുള്ള ശ്രമമായിട്ടാണ് അദ്ദേഹം ഇതിനെ അവതരിപ്പിക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതലായി ജനങ്ങള്‍ കൊല്ലപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും സ്വതന്ത്രമായി തോക്ക് കൈവശം വെക്കാനുള്ള സാഹചര്യം നിലവിലുള്ളതിനാലാണെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷേ ഇതിന് പരിഹാരം കാണാനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനോ ട്രംപ് തയ്യാറാകുന്നില്ല. എഫ് ബി ഐയുടെ പഠന പ്രകാരം അമേരിക്കയിലെ 40 ശതമാനം ജനങ്ങളും വ്യത്യസ്ത രൂപത്തിലുള്ള തോക്കുകള്‍ കൈവശം വെക്കുന്നവരാണ്. ബി ബി സിയുടെ സ്മാള്‍ ആംസ് സര്‍വേ 2018 പ്രകാരം തോക്കുകളുടെ ഉപയോഗത്തില്‍ മറ്റു രാജ്യങ്ങളിലെ പൗരന്മാരെ അപേക്ഷിച്ച് അമേരിക്കന്‍ ജനത വളരെ മുന്‍പന്തിയിലാണുള്ളത്. ഇത്തരം ഭീതിതമായ സാഹചര്യത്തെ തിരുത്താനുള്ള നടപടികള്‍ സ്വീകരിക്കാതെ ജനതയുടെ സുരക്ഷ മുന്‍നിര്‍ത്തി മതില്‍ നിര്‍മിക്കാന്‍ ട്രംപ് ഒരുങ്ങുന്നത് എന്തൊരു വിരോധാഭാസമാണ്. വംശവര്‍ണ വെറിയുടെ ഈറ്റില്ലമായ അമേരിക്ക അവരുടെ ചരിത്രത്തിലേക്കുള്ള തിരിച്ചുനടത്തത്തിലാണ് എന്ന് വേണം കരുതാന്‍. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ എനിക്കൊരു സ്വപ്‌നമുണ്ട് എന്ന പ്രഭാഷണത്തെ 1968ല്‍ നെഞ്ചിലേക്ക് നിറയൊഴിച്ച് സ്വീകരിച്ച മണ്ണാണത്. അപഹാസങ്ങളും പരിഹാസങ്ങളും മൂലം കഴുത്തിലണിഞ്ഞ സ്വര്‍ണ മെഡല്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞ മുഹമ്മദലി കാഷ്യസ് ക്ലേ താമസിച്ച ഭൂവാണത്. അമേരിക്കയുടെ ആത്മാവായി അരനൂറ്റാണ്ടുകാലം വസിച്ച ജെഫേഴ്‌സണിന് കറുത്ത വര്‍ഗക്കാരിയിലുള്ള മകളുടെ സംരക്ഷണത്തിനായി കത്തെഴുതേണ്ടി വന്ന രാജ്യമാണത്. തങ്ങള്‍ ഉയര്‍ന്നവരാണ് മറ്റുള്ളവര്‍ നീചരാണ് എന്ന അപകടകരമായ മനോഭാവം തുടരുന്ന കാലത്തോളം അവരില്‍ നിന്ന് നന്മ പ്രതീക്ഷിക്കാനാകില്ല. എന്നാലും അമേരിക്കയിലെ ഭൂരിപക്ഷത്തെയും ചില പാഠങ്ങള്‍ ചിന്തിപ്പിക്കുന്നുണ്ട് എന്നത് സത്യമാണ്. അനവധി രാജ്യങ്ങളിലെ ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് പതിനായിരങ്ങളെ കൊന്ന് തള്ളിയവര്‍ തന്നെ തങ്ങളുടെ രാജ്യത്തെ പൗരന്മാര്‍ക്ക് സംരക്ഷണ കവചം തീര്‍ക്കാന്‍ തത്രപ്പാടിലാണ്. ചരിത്രം ടെസ്റ്റ് ഡോസുകളായി മറുപടി നല്‍കുകയാണ്.

ഫസീഹ് കുണിയ
[email protected]