Connect with us

Articles

2019ല്‍ വരള്‍ച്ചയെ  പേടിക്കണോ ?

Published

|

Last Updated

കേരളത്തിലെ കാലാവസ്ഥക്ക് കാരണവന്‍മാര്‍ പറഞ്ഞുതന്ന കാലചക്രത്തില്‍ നിന്ന് ഈയടുത്തുവരെ വ്യതിയാനം ഉണ്ടായിരുന്നില്ല. ഏതാനും വര്‍ഷം മുമ്പ് വരെ താളം തെറ്റാത്ത നമ്മുടെ കാലാവസ്ഥ ഇപ്പോള്‍ സാധാരണക്കാരുടെ പ്രതീക്ഷക്കും കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്താണ്. കാലാവസ്ഥാ വിദഗ്ധരെ പോലും വട്ടംചുറ്റിക്കുന്ന കാലാവസ്ഥാ വ്യതിയാനമാണ് 2018ല്‍ കണ്ടത്. പ്രളയം കേരളത്തിലെ മിക്കവരെയും ബാധിച്ചപ്പോഴാണ് കാലാവസ്ഥാ മാറ്റത്തെ കുറിച്ച് മലയാളികള്‍ ചിന്തിച്ചു തുടങ്ങിയത്. എന്തുകൊണ്ടാണ് കാലാവസ്ഥാ മാറ്റം? അതെങ്ങനെ കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കും? അതെങ്ങനെ നേരത്തേ കണ്ടെത്താം. ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് മലയാളികള്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. വിവിധ അന്താരാഷ്ട്ര കാലാവസ്ഥാ ഏജന്‍സികള്‍, പ്രമുഖ കാലാവസ്ഥാ കമ്പനികള്‍, വിദഗ്ധര്‍ എന്നിവരുടെ കണക്കുകൂട്ടലുകളുടെ പശ്ചാത്തലത്തില്‍ 2019ലെ കാലാവസ്ഥ എങ്ങനെ കേരളത്തെ ബാധിക്കുമെന്ന് വിലയിരുത്തുകയാണിവിടെ.

എന്തൊരു തണുപ്പ്
പുതുവര്‍ഷം പിറക്കുമ്പോള്‍ തന്നെ നമുക്ക് പരിചയമില്ലാത്തവിധം തണുപ്പാണ് കേരളത്തില്‍ അനുഭവപ്പെട്ടത്. സാധാരണ ഹൈറേഞ്ച് മേഖലകളില്‍ മാത്രം അനുഭവപ്പെടുന്ന തണുപ്പാണ് പലയിടത്തും അനുഭവപ്പെട്ടത്. ഇതോടെ വരാനിരിക്കുന്നത് കൊടുംവരള്‍ച്ചയാണെന്ന തരത്തില്‍ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുകയും ആശങ്കകള്‍ വ്യാപിക്കുകയും ചെയ്തു. കേരളത്തിനു 4000 കിലോമീറ്റര്‍ പരിധിയിലെ കാലാവസ്ഥാ മാറ്റം നിരീക്ഷിച്ചതില്‍ ഇത്തരം ആശങ്കകള്‍ക്ക് ഇപ്പോള്‍ അടിസ്ഥാനമില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. നിരവധി വസ്തുതകള്‍ പരിശോധിച്ച ശേഷമാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തുന്നത്.
സാധാരണ വൃശ്ചികത്തില്‍ എത്തേണ്ട തണുപ്പ് ധനുമാസം അവസാനത്തോടെയാണ് സജീവമായത്. മകരത്തില്‍ ശൈത്യം വിടവാങ്ങുകയും ചെയ്യും. ഇതിലൊന്നും അസ്വാഭാവികതയില്ല. കേരളത്തിലേക്ക് തണുപ്പെത്താനുള്ള കാരണം അറിഞ്ഞാല്‍ ആശങ്കള്‍ക്ക് വിരാമമാകും. യൂറോപ്പില്‍ നവംബറോടെ ശൈത്യകാലം തുടങ്ങും. മെഡിറ്റേറിയന്‍ കടലില്‍ (മധ്യധരണ്യാഴി) നിന്ന് രൂപ്പപെടുന്ന ശൈത്യക്കാറ്റാണ് അവിടെ കൊടുംശൈത്യത്തിന് കാരണമാകുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തുര്‍ക്കിയിലെ പര്‍വതനിരകളില്‍ നിന്ന് സഊദിയെയും ഇറാഖിനെയും ലക്ഷ്യമാക്കി വീശിയ ശൈത്യക്കാറ്റിന്റെ പരിണിത ഫലമാണ് ഈയിടെ സഊദിയില്‍ ഉണ്ടായ പ്രളയവും മഞ്ഞുമഴയുമെല്ലാം. തുടര്‍ന്ന് കാറ്റിന്റെ ദിശമാറി. ഇതോടൊപ്പം മെഡിറ്റേറിയന്‍ കടലില്‍ നിന്ന് വീശുന്ന ശൈത്യക്കാറ്റിന്റെ മറ്റൊരു ഭാഗം അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ വഴി ജമ്മു കശ്മീര്‍ വരെ എത്തിനില്‍ക്കും. ഇതിനെ ണലേെലൃി ഉശേൌൃയമിരല (പശ്ചിമവാതം) എന്നാണ് അറിയപ്പെടുന്നത്. പശ്ചിമവാതം വേനല്‍ക്കാലത്ത് പാക്കിസ്ഥാനോ അഫ്ഗാനിസ്ഥാനോ മുകളിലായിരിക്കും. ശൈത്യകാലത്ത് ഇത് ജമ്മു കശ്മീരിലെത്തുന്നതോടെ യൂറോപ്പില്‍ നിന്നുള്ള ശൈത്യക്കാറ്റിനെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കും. ഇതാണ് ഉത്തരേന്ത്യയിലെ തണുപ്പിന് കാരണമാകുന്നത്.
ഡിസംബര്‍, ജനുവരി മാസങ്ങളില്‍ സൂര്യന്‍ ദക്ഷിണാര്‍ധ ഗോളത്തിനു അഭിമുഖമായാണ് സഞ്ചരിക്കുന്നതെന്നതിനാല്‍ ഉത്തരാര്‍ധ ഗോളം തണുപ്പിലേക്ക് നീങ്ങും. ഭൂമധ്യരേഖയില്‍ നിന്ന് അധികം അകലെയല്ലാത്ത കേരളത്തില്‍ ഈ മാസങ്ങളില്‍ വലിയതോതില്‍ ശൈത്യം അനുഭവപ്പെടാത്തതും നമ്മുടെ തെക്ക് ദിശയിലൂടെ സൂര്യന്‍ കടന്നുപോകുന്നത് കൊണ്ടാണ്.

എന്തുകൊണ്ട് കൊടുംതണുപ്പ്?
കേരളത്തില്‍ എന്തുകൊണ്ട് തണുപ്പ് എന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്. തണുപ്പ് കാര്യമായി അനുഭവപ്പെട്ട കഴിഞ്ഞ ആഴ്ച ഉത്തരേന്ത്യയില്‍ മര്‍ദംകൂടിയ മേഖല രൂപപ്പെട്ടു. ഇതോടെ വടക്കുകിഴക്കന്‍ കാറ്റിന്റെ ഗതി ദക്ഷിണേന്ത്യയിലേക്കായി. ഇതാണ് കേരളം ശൈത്യത്തിലമരാന്‍ ഇടയാക്കിയത്. ഉത്തരേന്ത്യയിലെ ശൈത്യക്കാറ്റ്(ഇീഹറ ണമ്‌ല)നെ വടക്കുകിഴക്കന്‍ കാറ്റ് തമിഴ്‌നാട് വഴി കേരളത്തിലെത്തിച്ചതാണ് തണുപ്പിന് കാരണം. തുടര്‍ന്ന് കാറ്റിന്റെ ഗതിമാറ്റത്തോടെയും പശ്ചിമവാതം ഉത്തരേന്ത്യയില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തതോടെയാണ് കേരളത്തില്‍ രാത്രികാല താപനില വീണ്ടും സാധാരണ നിലയിലേക്ക് എത്തിയത്. ഇപ്പോഴത്തെ നിഗമനം അനുസരിച്ച് ഈ മാസം 30വരെ കേരളത്തില്‍ തണുപ്പ് തുടരും. എന്നാല്‍ ഈ സീസണില്‍ ലഭിക്കേണ്ട സാധാരണ തണുപ്പ് മാത്രം പ്രതീക്ഷിച്ചാല്‍ മതിയാകും.

വരാനിരിക്കുന്നത് വരള്‍ച്ചയോ?
കഴിഞ്ഞതവണ പ്രളയം ഉണ്ടായതുകൊണ്ട് ഇത്തവണ വരള്‍ച്ചയായിരിക്കും എന്ന് കരുതുന്നവരുണ്ട്. അതല്ല മഴ കൂടുതല്‍ ലഭിച്ചതിനാല്‍ ഇത്തവണ വരള്‍ച്ച ഉണ്ടാകില്ലെന്നും ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ഈ രണ്ട് നിഗമനങ്ങളും പൂര്‍ണമായി ശരിയല്ല. ജനുവരിയില്‍ ഇതുവരെ കേരളത്തില്‍ ലഭിക്കേണ്ട 2.5 മില്ലി മീറ്റര്‍ മഴ ഇതുവരെ ലഭിച്ചില്ല. ജനുവരി മാസം അവസാനം വരെ മഴക്ക് സാധ്യതയില്ല. ആഗോള വെതര്‍ മോഡലു(കാലാവസ്ഥാ പ്രവചന മാതൃക)കള്‍ പരിശോധിക്കുമ്പോള്‍ ഈ മാസം 23ന് ശേഷം തെക്കന്‍ കേരളത്തിലും കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട ചാറ്റല്‍മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തികുറഞ്ഞ മഴയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ മഴക്ക് സാധ്യതയില്ല.

എല്‍നിനോ ഭീഷണി?
പെസഫിക് സമുദ്രത്തിലെ സമുദ്ര ഉപരിതല താപനില വ്യതിയാനമാണ് എല്‍നിനോയെന്ന ആഗോള കാലാവസ്ഥാ പ്രതിഭാസത്തിനു കാരണം. ഇത് ഇന്ത്യയിലെ മഴമേഘങ്ങളെ തടയാനും വേനല്‍മഴയും കാലവര്‍ഷവും കുറയാനും ഇടയാക്കും. ഈ സാഹചര്യം കണ്ടെത്തുന്നത് തുടര്‍ച്ചയായ നാല് മാസത്തെ പെസഫിക് സമുദ്രത്തിലെ കടല്‍ജലത്തിന്റെ താപനില നിരീക്ഷിച്ചാണ്. ആഗോളതാപനത്തിന്റെ ഭാഗമായി കടല്‍ജലത്തിന്റെ താപനില കൂടുന്നുണ്ടെങ്കിലും എല്‍നിനോ ഭീതിക്ക് കാരണമാകുന്ന വിധത്തില്‍ എത്തിയിട്ടില്ലെന്ന് യു എസ് നാഷനല്‍ ക്ലൈമെറ്റ് പ്രഡിക്ഷന്‍ സെന്ററിന്റെ ഡാറ്റകള്‍ പറയുന്നു. അടുത്ത വേനല്‍ വരെ കേരളത്തില്‍ ശക്തമായ വരള്‍ച്ചക്കുള്ള സാഹചര്യം ഇല്ലെന്നാണ് ഇതുവിലയിരുത്തുമ്പോള്‍ മനസ്സിലാക്കേണ്ടത്. എല്‍നിനോ ഇല്ലെങ്കില്‍ കേരളത്തിലേക്ക് എപ്പോഴും മഴമേഘങ്ങള്‍ക്ക് കടന്നുവരാനുള്ള സാഹചര്യം ഒരുങ്ങും. ന്യൂനമര്‍ദമോ മറ്റോ രൂപപ്പെട്ടാല്‍ മഴലഭിക്കുകയും ചെയ്യും. മഴമേഘങ്ങളുടെ സമൂഹമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ പാറ്റേണും കേരളത്തിന് ഇപ്പോഴത്തെ അവസ്ഥയില്‍ പ്രതികൂലമാണെന്ന് കരുതാന്‍ വയ്യ. ആസ്‌ത്രേലിയന്‍ മേഖലയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കൊടുംചൂടും വരള്‍ച്ചയും എല്‍നിനോയുടെ ഭാഗമാണ്. എല്‍നിനോ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് എത്തുമ്പോഴേ നാം പേടിക്കേണ്ടതുള്ളൂ.

വരണ്ട ജനുവരി
ജനുവരിയില്‍ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയില്‍ 100 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ജനുവരി 1 മുതല്‍ 10 വരെ കേരളത്തില്‍ 2.5 മില്ലി മീറ്റര്‍ മഴയും ലക്ഷദ്വീപില്‍ 8.8 മില്ലി മീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ രണ്ടിടങ്ങളിലും മഴക്കുറവ് 100 ശതമാനമാണെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നു.
വിവിധ ജില്ലകളില്‍ ഈ കാലയളവില്‍ മഴലഭിക്കേണ്ട കണക്ക് (മില്ലി മീറ്ററില്‍). ആലപ്പുഴ 5.4, കണ്ണൂര്‍ 0.2, എറണാകുളം 3.2, ഇടുക്കി 4.3, കാസര്‍കോട് 0.3, കൊല്ലം 5.6, കോട്ടയം 4.1, കോഴിക്കോട് 0.4, മലപ്പുറം 0.1, പാലക്കാട് 1.2, പത്തനംതിട്ട 5.1, തിരുവനന്തപുരം 4.6, തൃശൂര്‍ 1.6, വയനാട് 0.7.
ഫെബ്രുവരിയില്‍ കേരളം വരണ്ടുതന്നെയായിരിക്കും. മഴക്ക് സാധ്യത തീരെ കാണുന്നില്ല. കഴിഞ്ഞ ദിവസം മകരസംക്രമണ ദിനത്തില്‍ സൂര്യന്‍ ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്ന് ഉത്തരാര്‍ധ ഗോളത്തിലേക്ക് മാറിയതും കേരളത്തിനു മുകളില്‍ മേഘങ്ങളില്ലാത്ത അവസ്ഥയും അടുത്ത ഒരുമാസം വെയില്‍ ചൂടുകൂടാനും ആര്‍ദ്രത (വൗാശറശ്യേ) കുറയാനും കാരണമാകും.
മാര്‍ച്ചില്‍ ഒറ്റപ്പെട്ട വേനല്‍മഴ ലഭിക്കാനുള്ള സാഹചര്യമുണ്ട്. പക്ഷേ കോട്ടയം, പത്തനംതിട്ട ജില്ലകളിലോ സമീപ ജില്ലകളിലോ ഒന്നോ രണ്ടോ മഴ മാത്രമാണ് പ്രതീക്ഷിക്കുന്നത്. മറ്റു ജില്ലകളില്‍ വരണ്ട കാലാവസ്ഥ തുടരും. ജലവിതാനം കുറയാനും തുടങ്ങും. ജലസ്രോതസ്സുകളെ കരുതലോടെ ഉപയോഗിക്കുകയും വെള്ളത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യണം. 2018ല്‍ ന്യൂനമര്‍ദങ്ങളുടെ ഫലമായി മാര്‍ച്ച് മുതല്‍ മഴ ലഭിച്ചിരുന്നു. അത്തരം സാധ്യതകള്‍ കൂടി പരിഗണിക്കുമ്പോഴേ മഴ പ്രവചനം കൃത്യമാകൂ.

ന്യൂനമര്‍ദ സാധ്യത എങ്ങനെ?
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ സീസണ്‍ ആരംഭിക്കുന്നത് മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ്. അറബിക്കടല്‍ ഈ സമയത്ത് ശാന്തമായിരിക്കും. എന്നാല്‍ സൂര്യന്‍ ദക്ഷിണേന്ത്യക്ക് നേരെ മുകളില്‍ നില്‍ക്കുന്ന സാഹചര്യം ബംഗാള്‍ ഉള്‍ക്കടലിലെ സമുദ്രോപരിതല താപനില (ലെമ ൗെൃളമരല ലോുലൃമൗേൃല(ടടഠ) കൂടാന്‍ ഇടയാക്കും. എസ് എസ് ടി 25 ഡിഗ്രിക്ക് മുകളില്‍ പോയാല്‍ ന്യൂനമര്‍ദമോ ചുഴലിക്കാറ്റോ രൂപപ്പെടാനുള്ള സാഹചര്യം ഒരുങ്ങും. ഇത്തരത്തില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റോ ന്യൂനമര്‍ദമോ സഞ്ചരിക്കുന്ന പാത കേരളത്തിന് അനുകൂലമെങ്കില്‍ മാര്‍ച്ചിലും ഏപ്രിലിലും കഴിഞ്ഞ തവണത്തെ പോലെ മഴ ലഭിക്കാം. ആ സാധ്യതകള്‍ ഏതാനും ആഴ്ച മുമ്പ് മാത്രമേ കൃത്യമായി പറയാനാകൂ. ഇത്തരം മഴ ലഭിച്ചാല്‍ 2018 പോലെ കേരളം വേനലിലും ജലസമൃദ്ധമാകും.
ഏപ്രിലില്‍ ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെ തീരദേശം കേന്ദ്രീകരിച്ച് വേനല്‍മഴക്കുള്ള സാധ്യത കാണുന്നു. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാമെങ്കിലും വടക്കന്‍ കേരളം വരണ്ടു തന്നെയാകാനാണ് സാധ്യത.
മെയ് മാസത്തില്‍ കേരളത്തിലേക്ക് വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഉഷ്ണക്കാറ്റിന്റെ സ്വാധീനം എത്താനും ചൂട് കൂടാനും സാധ്യത കാണുന്നു. വടക്കന്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ വൈകീട്ട് വേനല്‍മഴക്ക് സാധ്യതയുണ്ടെങ്കിലും വേനല്‍ മഴയില്‍ കുറവുണ്ടായേക്കും.

കാലവര്‍ഷം വൈകിയേക്കും
കാലവര്‍ഷം എപ്പോള്‍ എത്തുമെന്ന് ഇപ്പോള്‍ പറയുക അസാധ്യമാണ്. എങ്കിലും ചില കാലാവസ്ഥാ ഏജന്‍സികളുടെ നിഗമനം അനുസരിച്ച് കാലവര്‍ഷം എത്താന്‍ ജൂണ്‍ പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. എന്നാല്‍ ജൂലൈ മാസത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സജീവമാകും. വേനല്‍മഴയാണ് വരള്‍ച്ചയെ ആശ്രയിക്കുന്ന പ്രധാനഘടകം. തുലാവര്‍ഷവും കാലവര്‍ഷവും ഇത്തവണ സാധാരണ അളവില്‍ ലഭിച്ചത് പ്രതീക്ഷയാണ്. വേനല്‍ മഴകൂടി ശരാശരി അളവില്‍ ലഭിച്ചാല്‍ 2019ല്‍ വരള്‍ച്ചയെ പേടിക്കേണ്ടി വരില്ല.

ഫെസിന്‍ അഹ്മദ്
www.facebook.com/keralaweather.in

www.facebook.com/keralaweather.in

Latest