ശബരിമല: ബിജെപി നിരാഹാര സമരം അവസാനിപ്പിച്ചു

Posted on: January 20, 2019 12:25 pm | Last updated: January 20, 2019 at 4:17 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി കഴിഞ്ഞ ഒന്നര മാസത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കഴിഞ്ഞ മൂന്നുദിവസമായി നിരാഹാരം കിടന്നിരുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന് ഗാന്ധിയന്‍ ഗോപിനാഥന്‍ നായരും അയ്യപ്പന്‍പിള്ളയും ചേര്‍ന്ന് നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

വിശ്വാസ സംരക്ഷണത്തിനായി നടത്തിയ സമരം പൂര്‍ണവിജയമായില്ലെന്നും പോരാട്ടം തുടരുമെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള ഇന്നലെ പറഞ്ഞിരുന്നു.

49ാം ദിനത്തിലാണ് സമരം അവസാനിപ്പിക്കുന്നത്. പികെ കൃഷ്ണദാസിന് പുറമെ, ബിജെപി സംസ്ഥാന ജനറല്‍ എ.എന്‍.രാധാകൃഷ്ണനാണ് ആദ്യം നിരാഹാരമിരുന്നത്. പിന്നീട് സി.കെ.പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, ശിവരാജന്‍, പി.എം.വേലായുധന്‍, വി.ടി. രമ എന്നിവരും നിരാഹാരം അനുഷ്ഠിച്ചിരുന്നു.