വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

Posted on: January 19, 2019 8:08 pm | Last updated: January 20, 2019 at 12:15 pm

കോഴിക്കോട്: വഖഫ് ട്രിബ്യുണല്‍ തീര്‍ത്തും നിഷ്പക്ഷമായിട്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അതില്‍ ആര്‍ക്കും സന്ദേഹം വേണ്ടെന്നും വഖഫ് ഉന്നത വിദ്യഭ്യാസ മന്ത്രി കെടി ജലീല്‍. പുതിയതായി രൂപീകരിച്ച വഖഫ് ട്രിബ്യുണല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമ രംഗത്ത് പരിജ്ഞാനവും വളരെയേറെ പരിചയവുമുള്ള ഒരു ജഡ്ജിയുടെ നേതൃത്വത്തിലാണ് ട്രിബ്യുണല്‍ കേസുകള്‍ കേള്‍ക്കുകയും വിധി കല്‍പ്പിക്കുകയും ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി. ട്രിബ്യുണലിന്റെ പ്രവര്‍ത്തനത്തിന് സഹായകമാകുന്ന തരത്തില്‍ വഖഫിനു മാത്രമായി ഒരു മുഴു സമയ ജോയന്റ് സര്‍വ്വെ കമ്മിഷണറെ ഉടന്‍ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.

വഖഫ് സംബന്ധമായ എല്ലാ കേസുകളും ട്രിബ്യുണലില്‍ വരണം.നേരിട്ട് ഹൈക്കോടതിയില്‍ പോകാന്‍ ഇനി കഴിയില്ല. ഏകാംഗ ട്രിബ്യുണലുകളിലും മറ്റു കോടതികളിലുമുള്ള കേസുകളും മൂന്നംഗ ട്രിബ്യുണലിലേക്ക് മാറും.ഏകാംഗ ട്രിബ്യുണലുകള്‍ക്ക് മറ്റു കേസുകളും കൈകാര്യം ചെയ്യേണ്ടി വന്നിരുന്നതു കൊണ്ട് വഖഫ് കേസുകള്‍ക്ക് അവസാന പരിഗണന മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ മൂന്നംഗ ട്രിബ്യുണല്‍ വഖഫ് കേസുകള്‍ മാത്രമാണ് കൈകാര്യം ചെയ്യുക. ഇത് ട്രിബ്യുണലിന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

വഖഫ് സ്വത്തുക്കള്‍ ക്രിയാത്മകമായി സംരക്ഷണവും പരിപാലനവും ഉറപ്പു വരുത്തുകയാണ് ട്രിബ്യുണലിന്റെ ലക്ഷ്യമെന്നും നീതി നിര്‍വ്വഹണത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും അധ്യക്ഷത വഹിച്ച കോഴിക്കോടിന്റെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സികെ അബ്ദുറഹീം പറഞ്ഞു. കോടതികളില്‍ കേസ് കൂട്ടാനല്ല മറിച്ച് കുറച്ചു കൊണ്ടു വരികയാകണം ട്രിബ്യുണലിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് അഡീഷനല്‍ ജില്ലാ ജഡ്ജി കെ സോമന്‍ ചെയര്‍മാനും സെക്രട്ടേറിയറ്റ് നിയമ വകുപ്പ് അണ്ടര്‍ സെക്രട്ടറി എ സി ഉബൈദുല്ല, അഡ്വ.ടികെഹസ്സന്‍ ആലുവ എന്നിവര്‍ അംഗങ്ങളുമായാണ് ട്രിബ്യുണല്‍ രൂപവത്കരിച്ചത്.

ഉദ്ഘാടന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എംആര്‍ അനിത, ന്യൂനപക്ഷ ക്ഷേമ വഖഫ് വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ ഐഎഎസ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മദ്രസാ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എംപി അബ്ദുല്‍ ഗഫൂര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എംപി ജഗജിത്, കൗണ്‍സിലര്‍ ടിസി ബിജു രാജ്, ഹൗസ് ഫെഡ് റീജിയനല്‍ മാനേജര്‍ പികെ ജയശ്രീ എന്നിവര്‍ ആശംസ നേര്‍ന്നു. ചെയര്‍മാന്‍ ജഡ്ജി കെ സോമന്‍ സ്വാഗതവും വഖഫ് ബോര്‍ഡ് സിഇഒ ബിഎം ജമാല്‍ നന്ദിയും പറഞ്ഞു.