ലൈംഗികപീഡനം എതിര്‍ത്തു; കാമുകന്‍ പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചിട്ടു

Posted on: January 19, 2019 5:14 pm | Last updated: January 19, 2019 at 7:57 pm
പ്രതിയെ തെളിവെടുപ്പിനായി എത്തിക്കുന്നു

കോട്ടയം: മൂന്ന്ദിവസം മുമ്പു കോട്ടയം അയര്‍കുന്നത്ത് കാണാതായ 15 കാരിയായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കൊന്നു കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ മണര്‍കാട് സ്വദേശിയായ യുവാവ് അജേഷ് അറസ്റ്റിലായി. മൊബൈല്‍ പ്രണയത്തിനൊടുവിലാണു കൊലപാതകമെന്നാണു പോലീസ് നല്‍കുന്ന സൂചന.

പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയയുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊന്നതാണെന്ന് ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തി. ഇയാള്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഹോളോബ്രിക്സ് കമ്പനിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടത്. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

പീഡിപ്പിക്കാനുള്ള ശ്രമം എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രതി സമ്മതിച്ചു. മൊബൈല്‍ വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഒടുവില്‍ പ്രണയത്തിലായ പെണ്‍കുട്ടിയെ വ്യാഴാഴ്ച ലോറിയില്‍ കയറ്റി കൊണ്ടു പോയി. പ്രതി ജോലിചെയ്യുന്ന ഹോളോബ്രിക്സ് കമ്പിനിക്കു സമീപം എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത് പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു. ശേഷം കമ്പിനിക്കു സമീപത്തെ വാഴതോട്ടത്തില്‍ ചാക്കില്‍കെട്ടി കുഴിച്ചിട്ടു. വെള്ളിയാഴ്ച പതിവു പോലെ പ്രതി ജോലിക്കെത്തുകയും ചെയ്തു. വെള്ളിയാഴ്ചയാണു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്. ഫോണ്‍ വിളിപ്പട്ടികയില്‍നിന്നു അജേഷുമായുള്ള ബന്ധം കണ്ടെത്തുകയായിരുന്നു.