സ്‌പോർട്‌സ് ഹോസ്റ്റലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 25ന്

Posted on: January 19, 2019 3:52 pm | Last updated: January 19, 2019 at 3:52 pm

തിരുവനന്തപുരം: സ്‌കൂൾ, പ്ലസ് വൺ, കോളേജ് സ്‌പോർട്‌സ് ഹോസ്റ്റലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നു. ജില്ലാ സെലക്ഷൻ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ജനുവരി 25ന് നടക്കും. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ വിഭാഗങ്ങളിലുള്ളവർക്കാണ് അന്ന് സെലക്ഷൻ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.

സോണൽ സെലക്ഷൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഫെബ്രുവരി 13 ന് നടക്കും. സ്വിമ്മിംഗ്, ബോക്‌സിംഗ്, ജൂഡോ, ഫെൻസിംഗ്, ആർച്ചറി, റെസ്ലിംഗ്, തയ്ക്വാണ്ടോ, സൈക്ലിംഗ്, നെറ്റ്‌ബോൾ, ഹോക്കി, കബഡി, ഹാൻഡ്‌ബോൾ, ഖോ-ഖോ, വെയ്റ്റ്‌ലിഫ്റ്റിംഗ്, സോഫ്റ്റ്‌ബോൾ (കോളേജ് മാത്രം) വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.

ഫെബ്രുവരി 15ന് കനോയിംഗ് & കയാക്കിംഗ്, റോവിംഗ് വിഭാഗങ്ങളിലുള്ളവരുടെ സെലക്ഷൻ ആലപ്പുഴ എസ്.ഡി.വി.എച്ച്.എസ്.എസിൽ നടക്കും.

സ്‌കൂൾ ഹോസ്റ്റലുകളിലേക്ക് കായികതാരങ്ങൾക്ക്  7, 8 ക്ലാസ്സുകളിലേയ്ക്കാണ് പ്രവേശനം നൽകുന്നത്. ഇപ്പോൾ  6, 7 ക്ലാസ്സുകളിൽ പഠിക്കുന്നവർ ആയിരിക്കണം.

സംസ്ഥാന മൽസരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനം നേടിയവർക്കും, ദേശീയ മൽസരങ്ങളിൽ  പങ്കെടുത്തവർക്കും ഒൻപതാം ക്ലാസ്സിലേയ്ക്ക് സെലക്ഷനിൽ പങ്കെടുക്കാം. ദേശീയ മൽസരങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സ്‌കൂൾ വിഭാഗത്തിൽ മെഡൽ നേടിയ കായിക താരങ്ങൾക്ക് 7,8,9 ക്ലാസ്സുകളിലേയ്ക്ക് നേരിട്ട് പ്രവേശനം നൽകും. ശാരീരിക ക്ഷമതയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. ഉയരത്തിന് വെയിറ്റേജ് മാർക്ക് നൽകും.

പ്ലസ്‌വൺ, കോളേജ്, ഐ.ടി.ഐ, പോളിടെക്‌നിക് സ്‌പോർട്‌സ് ഹോസ്റ്റലുകളിലേക്കുള്ള പ്രവേശനത്തിന് ജില്ലാ, സംസ്ഥാന മൽസരങ്ങളിൽ പങ്കെടുത്തിരിക്കണം.(ജൂനിയർ, സീനിയർ, ഖേലോ ഇന്ത്യ മൽസരം). ഉയരത്തിന് വെയിറ്റേജ് മാർക്ക് നൽകും. ദേശീയ മൽസരങ്ങളിൽ  ആദ്യമൂന്ന് സ്ഥാനം നേടിയവർക്ക് ശാരീരിക ക്ഷമതയുടെ അടിസ്ഥാനത്തിൽ നേരിട്ട് പ്രവേശനം നൽകും.