ഊര്‍ജ്ജ പ്രതിസന്ധികള്‍ക്ക് പരിഹാരമേകാന്‍ പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ ഊര്‍ജ്ജയാനം പദ്ധതി

Posted on: January 19, 2019 3:47 pm | Last updated: January 19, 2019 at 3:47 pm

കാസര്‍കോട്‌: ഊര്‍ജ പ്രതിസന്ധികള്‍ക്ക് പരിഹാരമേകാന്‍ പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ ഊര്‍ജ്ജയാനം പദ്ധതി പുരോഗമിക്കുന്നു. നിലവിലെ വൈദ്യുതി ഉപഭോഗത്തില്‍ കുറവ് വരുത്താനും സൗരോര്‍ജ ഉപയോഗം പരമാവധി വര്‍ദ്ധിപ്പിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് പഞ്ചായത്തില്‍ ലഭിച്ചത്. ജനസംഖ്യ വര്‍ദ്ധനവും പാര്‍പ്പിടങ്ങളുടെ എണ്ണത്തിലുണ്ടായ പെരുപ്പവും ഉപകരണങ്ങളുടെ വൈവിധ്യത്തിലും വന്ന വര്‍ദ്ധനവും ഊര്‍ജ ഉപയോഗത്തില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാക്കി.ശാസ്ത്ര -സാങ്കേതിക വിദ്യയുടെ ഫലമായുണ്ടായ നവീന ഉപഭോഗ വസ്തുക്കള്‍ പുതിയൊരു ഉപഭോക്തൃ സംസ്‌കാരത്തിന് തന്നെ കാരണമായി. ഇതാകട്ടെ നിലവിലുള്ള ഊര്‍ജ്ജ പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. പ്രകൃതി വിഭവങ്ങളുടെ മേലുള്ള സമ്മര്‍ദത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ച് വരുന്ന തലമുറയുടെ ജീവിതത്തെ തന്നെ ചോദ്യം ചെയ്യുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് എത്തിയപ്പോള്‍ ഇതിനെ ചെറുക്കാന്‍ പ്രാദേശികമായി എന്ത് ചെയ്യുമെന്ന അന്വേഷണമാണ് പിലിക്കോടിനെ ഊര്‍ജ്ജയാനം പദ്ധതിയിലേക്ക് നയിച്ചത്.

ഘട്ടംഘട്ടമായുള്ള സൗരവൈദ്യുതിയുടെ വ്യാപനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിലധിഷ്ടിതമായ ഊര്‍ജ സംരക്ഷണം, സാങ്കേതിക അറിവുകളെ പ്രദേശത്തെ ജനതയുടെ തിരിച്ചറിവുകളാക്കി മാറ്റി ശീല വ്യതിയാനത്തിലൂടെ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളാക്കി മാറ്റുക എന്നിവയാണ് ഊര്‍ജ്ജയാനം പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങളിലെ വിളക്കുകളും തെരുവ് വിളക്കുകളും  സമ്പൂര്‍ണ്ണമായി എല്‍ ഇ ഡി സംവിധാനത്തിലേക്ക് മാറ്റി.  പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനായി പഞ്ചായത്തിലെ കുടുംബങ്ങളുടെ  നിലവിലുള്ള വൈദ്യുതി ഉപഭോഗം, ഉപകരണങ്ങളുടെ കാര്യക്ഷമത, ഊര്‍ജ്ജം ലാഭകരമായി ഉപയോഗിക്കുന്നതിലുള്ള കാഴ്ചപ്പാട് തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി ഊര്‍ജ്ജമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇ എം സി കേരളയുമായി ബന്ധപ്പെട്ടു. പഞ്ചായത്തിന്റെ അഭ്യര്‍ത്ഥന ഇഎംസി അംഗീകരിക്കുകയും ഒന്നാംഘട്ടമെന്ന നിലയില്‍ ഊര്‍ജ്ജ സംരക്ഷണത്തിന്റെ വിവിധ സങ്കേതങ്ങളെ കുറിച്ച് പഞ്ചായത്തിലെ സാമൂഹിക പ്രവര്‍ത്തകരും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന അമ്പത് പേര്‍ക്കുള്ള രണ്ട് ദിവസത്തെ ക്ലാസ്സ് ഇഎംസി തിരുവനന്തപുരത്ത് വച്ച് നല്‍കി. ഇതാണ് പിന്നീട ഊര്‍ജ്ജയാനത്തിന്റെ ആവേശമായി മാറിയത്.

തുടര്‍ന്ന് വാര്‍ഡ് തലത്തില്‍ ഊര്‍ജ്ജയാന സമിതികള്‍ രൂപീകരിക്കുകയും രാഷ്ട്രീയപാര്‍ട്ടികള്‍,സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പ്രതിനിധികള്‍ക്കായുള്ള പ്രത്യേകയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. കൂടാതെ അയല്‍കൂട്ട തലത്തില്‍ വ്യാപകമായ ഊര്‍ജ ക്ലസ്സുകള്‍ , പഞ്ചായത്ത് തലത്തില്‍ വാട്ട്‌സ് ആപ് കൂട്ടായ്മ, ഗൃഹ സന്ദര്‍ശന പരിപാടി, മീറ്റര്‍ റീഡിംഗ് നടത്തുന്നതിനുള്ള  പ്രായോഗിക പരിശീലന കളരി തുടങ്ങിയവ സംഘടിപ്പിച്ചു. പിലീക്കോട് ഗ്രാമപഞ്ചായത്തിലെ ജനതയുടെ വൈദ്യുതി ഉപയോഗം 2016 മാര്‍ച്ചില്‍ നിന്ന് 2017 മാര്‍ച്ചിലേക്കെത്തുമ്പോള്‍ 101694 യൂണിറ്റ് കുറയ്ക്കാന്‍ കഴിഞ്ഞു. 2018 ഏപ്രില്‍ 12 ന് മുഖ്യമന്ത്രി  പിണറായി വിജയന്‍ പിലിക്കോട് പഞ്ചായത്തിനെ ഇന്ത്യയിലെ ആദ്യ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു.           ഊര്‍ജ്ജയാനം പദ്ധതി ഇപ്പോള്‍ രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കയാണ്. പദ്ധതിയുടെ തുടര്‍ച്ചയായി സോളാര്‍പദ്ധതിയിലേക്കുള്ള പരിവര്‍ത്തനത്തിനായി സൗരഗ്രാമം പദ്ധതി ആവിഷ്‌കരിച്ചു. അനര്‍ട്ടിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ സ്ഥാപനങ്ങളിലും സോളാര്‍ സംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.