Connect with us

Kasargod

വാഹന വില്‍പ്പന നടത്തുന്നവര്‍ ഉടമസ്ഥാവകാശത്തില്‍ മാറ്റംവരുത്തണം: ജില്ലാ കളക്ടര്‍

Published

|

Last Updated

കാസര്‍കോട്‌: വാഹനങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ വാങ്ങുന്ന വ്യക്തിയുടെ പേരിലേക്ക് വാഹനത്തിന്റെ “രജിസ്‌ട്രേഷന്‍” കര്‍ശനമായി മാറ്റണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബു നിര്‍ദേശിച്ചു. ഇത്തരത്തില്‍ രേഖകളില്‍ മാറ്റംവരുത്താതെ വില്‍പ്പന നടത്തിയവര്‍ വഞ്ചിക്കപ്പെടുന്നതായി നിരവധി പരാതികള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നിര്‍ദേശം.

രേഖകകളില്‍ മാറ്റം വരുത്താതെ വില്‍ക്കുന്ന വാഹനങ്ങള്‍ കാസര്‍കോട് ജില്ലയില്‍ മണല്‍ക്കടത്ത്, പിടിച്ചുപറി, കള്ളക്കടത്ത് തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്നത് വര്‍ധിച്ചിരിക്കുകയാണ്. ഇത്തരം വാഹനങ്ങള്‍ പിടിയിലായി പോലീസ് കേസ് എടുക്കുമ്പോഴാകും വാഹനം വിറ്റയാള്‍ ചതിയില്‍പ്പെട്ട വിവരം അറിയുന്നത്. രേഖകളില്‍ മാറ്റംവരുത്തിയിട്ടില്ലാത്തതിനാല്‍ മുന്‍ ഉടമയുടെ പേരില്‍തന്നെയാകും വാഹനം. ഈ സാഹചര്യത്തില്‍ സ്വാഭാവികമായും യഥാര്‍ഥ ഉടമയുടെ പേരില്‍ പോലീസിന് കേസ് എടുക്കേണ്ടതായി വരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനങ്ങള്‍ വിറ്റവര്‍ വരെ കേസില്‍പ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇങ്ങനെ കേസില്‍പ്പെട്ടവര്‍ പരാതിയുമായി എത്തിയാല്‍ നിയമപരമായി ഒരു സഹായവും ചെയ്യാന്‍ കഴിയില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. രേഖകളില്‍ മാറ്റം വരുത്താതെ വാഹനം വിറ്റിട്ടുള്ളവര്‍ ഉടന്‍തന്നെ മാറ്റണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. നിരവധിപേര്‍ ചതിയില്‍പ്പെട്ട കേസുകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു അറിയിപ്പ് നല്‍കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.

വാഹനങ്ങള്‍ വില്‍പ്പന നടത്തുമ്പോള്‍ ഫോം 29, ഫോം 30 പൂരിപ്പിച്ച് നിശ്ചിത ഫീസ് അടച്ച് ഒര്‍ജിനല്‍ ആര്‍സി, ഇന്‍ഷുറന്‍സ്, പൊലുഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് പേപ്പറുകള്‍ സഹിതം ആര്‍ടിഒ യില്‍ സമര്‍പ്പിക്കണം. എന്നാല്‍ മാത്രമേ ഉടമസ്ഥാവകാശം മാറ്റംവരുത്താന്‍ കഴിയു. ടാക്‌സിയായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമേ ടാക്‌സി പെര്‍മിറ്റിലും മാറ്റംവരുത്തുകയും വേണം. പേര് മാറ്റത്തിന് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളെയും സമീപിക്കാം.

---- facebook comment plugin here -----

Latest