മലപ്പുറത്തെ പ്രശംസിച്ച് സാക്ഷരതാ ഡയറക്ടര്‍

Posted on: January 19, 2019 3:22 pm | Last updated: January 19, 2019 at 3:22 pm

മലപ്പുറം: സാക്ഷരത യജ്ഞത്തില്‍ രാജ്യത്തിന് മാതൃക കേരളമാണെങ്കില്‍ കേരളത്തിന് വഴി കാട്ടിയത് മലപ്പുറമായിരുന്നുവെന്ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി .എസ് ശ്രീകല പറഞ്ഞു. സാക്ഷരതമിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭരണഘടന സാക്ഷരത സന്ദേശയാത്രക്ക് ജില്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ പി.എസ് ശ്രീകല.
അധിനിവേശവിരുദ്ധ പോരാട്ടത്തിലും മതസൗഹാര്‍ദ്ദത്തിലും മനുഷ്യസ്നേഹത്തിലും മാതൃകയാണ് മലപ്പുറം. ഭരണഘടനാ സാക്ഷരതാ യാത്രക്ക് മറ്റു ജില്ലകളില്‍ ലഭിക്കാത്ത സ്വീകരണമാണ് മലപ്പുറത്ത് ലഭിച്ചത്. ജില്ലയുടെ ആതിഥ്യ മര്യാദയുടെയും നന്മയുടെയും തെളിവാണിത്. വരുന്നവരെയെല്ലാം മനസ്സിന്റെ ഭാഗമാക്കി സ്വീകരിക്കുന്ന സംസ്‌കാരം മലപ്പുറത്തിനുണ്ട്. ഈ നാടിനെയാണ് വര്‍ഗീയവാദികള്‍ കത്തിച്ചുകളയണമെന്ന് പറയുന്നത്. കേരളവും ഭരണഘടനയും ഇതിന് അനുവദിക്കില്ല.
ചേലക്കോടന്‍ ആയിഷയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമടക്കമുള്ള നവോത്ഥാന പോരാളികള്‍ക്കും സ്വതന്ത്ര്യ സമരസേനാനികള്‍ക്കും ജന്മം നല്‍കിയ മണ്ണാണ് മലപ്പുറം. മുഖം മൂടാതെ കൈകള്‍ പിറകിലേക്ക് കെട്ടാതെ മുന്നില്‍ നിന്ന് നെഞ്ചിലേക്ക് വെടിവെക്കണമെന്ന് ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ട പോരാളിയാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും അവര്‍ പറഞ്ഞു.