Connect with us

Editorial

ബ്രെക്‌സിറ്റിന്റെ പാഠം

Published

|

Last Updated

യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തു കടക്കാനുള്ള ബ്രിട്ടീഷ് ജനതയുടെ ഹിതം നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പ്രധാനമന്ത്രി തെരേസാ മെയ് വല്ലാത്തൊരു ഊരാക്കുടുക്കിലാണ് അകപ്പെട്ടിരിക്കുന്നത്. ബ്രെക്‌സിറ്റ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വേര്‍പിരിയല്‍ പ്രക്രിയ അത്രമേല്‍ സങ്കീര്‍ണവും ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്നതുമാണ്. അത് ബ്രിട്ടനെ മാത്രം ബാധിക്കുന്ന ഒന്നല്ല എന്നതിനാല്‍ ലോകത്തിന്റെ തന്നെ ഉത്കണ്ഠയായി അത് മാറിയിട്ടുണ്ട്. 2016 ജൂണില്‍ ബ്രെക്‌സിറ്റിനായുള്ള ഹിതപരിശോധനയില്‍ യെസ് വോട്ട് രേഖപ്പെടുത്തുമ്പോള്‍ വലിയൊരു പ്രതിസന്ധിയിലേക്കാണ് തങ്ങള്‍ വഴികാണിക്കുന്നതെന്ന് വോട്ടര്‍മാരോ ഇത്ര വിഷമം പിടിച്ച പ്രശ്‌നമായി ഇത് മാറുമെന്ന് തെരേസ മെയ് അടക്കമുള്ള നേതാക്കളോ കരുതിയിരുന്നില്ല. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ് ഈ ആശയം എടുത്തിട്ടതെങ്കിലും അദ്ദേഹം വേര്‍പിരിയലിന് എതിരായിരുന്നു. യെസ് പക്ഷം വിജയിച്ചതോടെ സ്വാഭാവികമായും അതിനായി ശക്തിയുക്തം വാദിച്ച കണ്‍സര്‍വേറ്റീവ് നേതാവ് തെരേസ മെയ് പ്രധാനമന്ത്രിയായി. രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ തിരസ്‌കൃതയായ പ്രധാനമന്ത്രിയായി തേരേസ മാറിയിരിക്കുന്നു. ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ തിരസ്‌കരണമാണ് അവരുടെ ബ്രെക്‌സിറ്റ് കരാറിന് ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. 202നെതിരെ 432 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കരാര്‍ തള്ളിയത്. ഭരണകക്ഷിയിലെ 118 അംഗങ്ങള്‍ കരാറിനെതിരായി വോട്ട് ചെയ്തുവെന്നതാണ് ശ്രദ്ധേയം. പിന്നീട് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കഷ്ടിച്ച് അതിജീവിച്ചെങ്കിലും അതൊരു വിജയമായി തെരേസ പോലും വിലയിരുത്തുമെന്ന് തോന്നുന്നില്ല. ബ്രെക്‌സിറ്റ് കരാര്‍ അമ്പേ തള്ളിക്കളയുമ്പോള്‍ അവരെ തന്നെയാണ് പാര്‍ലിമെന്റ് നിരസിച്ചത്. ആ സന്ദേശം ഉള്‍ക്കൊണ്ട് രാജിവെച്ചൊഴിയുന്നതായിരുന്നു ഉചിതം. അതിന് അവരുടെ പാര്‍ട്ടി സമ്മതിച്ചില്ലെന്നാണ് അറിയുന്നത്. കുരുക്കഴിച്ചിട്ട് ഇറങ്ങിയാല്‍ മതിയെന്ന് പാര്‍ട്ടി തീരുമാനമെടുത്തുവത്രേ.
യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ വേര്‍പെടുന്നതിന്റെ നടപടിക്രമങ്ങളും ചട്ടങ്ങളും വിശദമാക്കുന്ന രേഖയാണ് ബ്രെക്‌സിറ്റ് കരാര്‍. ഇത്തരമൊരു കരാര്‍ മൂന്ന് വിധത്തില്‍ തയ്യാറാക്കാവുന്നതാണ്. ഒന്ന് സമ്പൂര്‍ണ ബ്രെക്‌സിറ്റ്. ഇത് തിരഞ്ഞെടുത്താല്‍ എല്ലാ ബന്ധവും വിച്ഛേദിക്കപ്പെടും. ഇ യു കസ്റ്റംസ് യൂനിയനില്‍ നിന്നും ഏകീകൃത വിപണിയില്‍ നിന്നും പൊതു നീതിന്യായ കോടതിയില്‍ നിന്നും പുറത്ത് കടക്കും. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള മനുഷ്യരുടെ സ്വതന്ത്ര സഞ്ചാരം നിലക്കും. ഇ യുവിന്റെ ഭാഗമായിരുന്നപ്പോഴുള്ള എല്ലാ അന്താരാഷ്ട്ര കരാറുകളും അവസാനിക്കും. ബ്രിട്ടനില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്പനികളും പുതുതായി കരാര്‍ വെക്കേണ്ടി വരും.
രണ്ടാമത്തേത് മൃദു ബ്രക്‌സിറ്റാണ്. വേര്‍പിരിയുന്നു എന്നാല്‍ വേര്‍പിരിയുന്നില്ല എന്നതാണ് ഈ ഏര്‍പ്പാട്. യൂനിയനിലെ അംഗത്വം നഷ്ടപ്പെടുമ്പോഴും കസ്റ്റംസ് യൂനിയന്‍ അടക്കമുള്ള പൊതു സംവിധാനത്തില്‍ നിന്ന് പുറത്ത് കടക്കാതിരിക്കുകയാണ് ചെയ്യുക. ഈ സാധ്യതയാണ് തെരേസ മെയ് സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്. അതിന് അവരെ പ്രേരിപ്പിച്ച പ്രധാന ഘടകം വടക്കന്‍ അയര്‍ലാന്‍ഡിന്റെ പ്രശ്‌നമാണ്. ഈ പ്രദേശം ബ്രിട്ടന്റെ ഭാഗമാണ്. എന്നാല്‍ ഇവര്‍ക്ക് ഐറിഷ് റിപ്പബ്ലിക്കിനോട് സാംസ്‌കാരിക ബന്ധം രൂഢമൂലമാണ്. വര്‍ഷങ്ങള്‍ നീണ്ട അക്രമാസക്ത വിഘടനവാദത്തിന് അന്ത്യം കുറിച്ചത് അയര്‍ലാന്‍ഡുമായുള്ള അതിര്‍ത്തി തുറന്നു കൊണ്ടാണ്. ഇതാണ് 1998ലെ ഗുഡ് ഫ്രൈഡേ കരാര്‍. ഇ യുവില്‍ നിന്ന് ബ്രിട്ടന്‍ പൂര്‍ണമായി പുറത്ത് വരികയാണെങ്കില്‍ ഐറിഷ് അതിര്‍ത്തി അടക്കേണ്ടി വരും. ഇതോടെ അവിടെ പ്രശ്‌നങ്ങള്‍ തലപ്പൊക്കും. ഇത് മുന്‍ കൂട്ടി കണ്ടത് കൊണ്ടാണ്് മൃദു ബ്രക്‌സിറ്റ് മതിയെന്ന് തെരേസ ശഠിക്കുന്നത്. ഇതുപ്രകാരം കസ്റ്റംസ് യൂനിയനിലും ഏകീകൃത വിപണിയിലും തുടരും. സാങ്കേതികമായി പിരിയുന്നുവെന്നേ ഉള്ളൂ. ബന്ധവും അതുമായി ബന്ധപ്പെട്ട ബാധ്യതകളും തുടരും. ഈ പ്ലാന്‍ അംഗീകരിക്കാന്‍ തെരേസയുടെ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും തയ്യാറല്ല. ഇ യുവിന് കീഴടങ്ങലാണ് തെരേസ പ്ലാനെന്ന് അവര്‍ ആക്ഷേപിക്കുന്നു. സ്വതന്ത്ര രാഷ്ട്രമായി നിന്ന് സ്വന്തം അതിജീവന മാര്‍ഗം കണ്ടെത്താനാണ് ഹിതപരിശോധനയില്‍ ജനം യെസ് പറഞ്ഞതെന്ന് അവര്‍ വാദിക്കുന്നു. ജെറമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ ചേരിയും തെരേസ പ്ലാനിനെ എതിര്‍ത്തു. യൂറോപ്യന്‍ യൂനിയനോട് ഇത്രയൊക്കെ ബന്ധമാകാമെങ്കില്‍ എന്തിന് ബ്രെക്‌സിറ്റ് നാടകമെന്ന് അവര്‍ ചോദിക്കുന്നു.
ചുരുക്കത്തില്‍ ആര്‍ക്കും വേണ്ടാത്ത ഒരു കരാറിനാണ് യൂറോപ്യന്‍ യൂനിയനില്‍ നിന്ന് തെരേസ മെയ് അംഗീകാരം നേടിയെടുത്തത്. മാര്‍ച്ച് 29ന് വേര്‍പിരിയല്‍ പ്രക്രിയ ആരംഭിക്കണമെന്നതിനാല്‍ പുതിയൊരു കരാര്‍ വെക്കാനാകില്ലെന്ന് ഇ യു നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ചെറിയ മാറ്റങ്ങളൊക്കെയാകാമെന്ന ഇ യുവിന്റെ വാക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് മിനുക്കുപണി നടത്തിയ പ്ലാനുമായി രംഗത്തു വരികയെന്ന പോംവഴിയാണ് ഇനി മെയ്ക്ക് മുമ്പിലുള്ളത്. അതും ബ്രിട്ടീഷ് പാര്‍ലിമെന്റ് തള്ളിയാല്‍ കരാറില്ലാതെ പുറത്തു കടക്കുകയോ പുതിയ ഹിതപരിശോധന നടത്തി തീരുമാനമെടുക്കുകയോ വേര്‍പിരിയല്‍ വേണ്ടെന്നു വെക്കുകയോ മാത്രമാണ് ബ്രിട്ടനു മുന്നിലുള്ള വഴികള്‍. മൂന്നായാലും വലിയ പ്രതിസന്ധിയാകും ഫലം. തീവ്ര ദേശീയ യുക്തികള്‍ക്കനുസരിച്ച് ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് എടുത്തു ചാടുന്ന എല്ലാവര്‍ക്കും ബ്രെക്‌സിറ്റ് അധ്യായത്തില്‍ പാഠങ്ങളുണ്ട്.

Latest