Connect with us

Articles

ആ നവോത്ഥാനത്തെ പണ്ഡിതന്മാര്‍ ചെറുത്തില്ലായിരുന്നെങ്കില്‍

Published

|

Last Updated

ഐക്യസംഘം ഉണ്ടാക്കിയ വിദ്യാഭ്യാസ വിപ്ലവം തീര്‍ച്ചയായും ചരിത്രപ്രധാനമാണ്. കൊടുങ്ങല്ലൂരിലാണ് തുടക്കമെങ്കിലും കേരളത്തിലുടനീളം സംഘത്തിന് ശാഖകളുണ്ടായിരുന്നു. സമൂഹത്തിലെ സമ്പന്നരും അതിസമ്പന്നരും സംഘത്തില്‍ സര്‍വാത്മനാ അണിചേര്‍ന്നിരുന്നു. വിദ്യാസമ്പന്നരായ മധ്യവര്‍ഗവും ഇതിനൊപ്പം കൈകോര്‍ത്തു. അതാടെ സംഘത്തിനു സാമ്പത്തികമായും സാമൂഹികമായും സുശക്തമായ അടിത്തറയുണ്ടായി. ഒരു വിദ്യാഭ്യാസ മുന്നേറ്റത്തിനു പത്തം വര്‍ഷം മതിയായ കാലയളവൊന്നുമല്ല. എന്നാല്‍, നടേപ്പറഞ്ഞ “സമുദായത്തിന്റെ നടുക്കഷ്ണ”ത്തിനു ഗംഭീരമായ ഒരു തുടക്കത്തിന് തീര്‍ത്തും മതിയായ കാലയളവാണ്. പണക്കാരും വിദ്യാസമ്പന്നരും പുരോഗമനവാദികളായ മൗലവിമാരും ചേര്‍ന്നു പത്തു വര്‍ഷം കൊണ്ട് കേരളത്തിലുണ്ടാക്കിയ വിദ്യാഭ്യാസ പുരോഗതിയുടെ കണക്ക് താഴെ ചേര്‍ക്കുന്നു:
1922-1933 കാലത്ത് കേരളത്തിലങ്ങോളമിങ്ങോളം ഐക്യസംഘം സ്ഥാപിച്ച
1) എല്‍ പി സ്‌കൂളുകള്‍ -0
2) യു പി സ്‌കൂളുകള്‍ -0
3) ഹൈസ്‌കൂളുകള്‍ – 0
4) ഡിഗ്രി കോളജുകള്‍ -0
5) പി ജി കോളജുകള്‍ -0
6) യൂനിവേഴ്‌സിറ്റികള്‍ – 0
7) മതപാഠശാലകള്‍ – 0
8) ഇതില്‍ നിന്നെല്ലാം
പഠിച്ചിറങ്ങിയവര്‍ – 0

ഈ കണക്കുകളും സംഘത്തിന്റെ ഔദ്യോഗിക ചരിത്രത്തില്‍ നിന്നാണ്. ദോഷം പറയരുതല്ലോ, കേരളത്തിലെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി ആലുവയില്‍ അലിഗഢ് മോഡല്‍ കോളജ് സ്ഥാപിക്കാന്‍ ഐക്യസംഘത്തിന്റെ ആലുവയില്‍ ചേര്‍ന്ന രണ്ടാം സമ്മേളനം തീരുമാനിച്ചിരുന്നു. ഇതിനായി പ്രഗത്ഭരടങ്ങുന്ന കോളജ് കമ്മറ്റിയും രൂപീകരിച്ചിരുന്നു. ആ കഥ പറയാം:
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് സൗജന്യനിരക്കില്‍ (ഏക്കര്‍ ഒന്നിന് 1000 രൂപ) ഭൂമി അനുവദിക്കുമെന്ന് അക്കാലത്ത് തിരുവിതാംകൂര്‍ രാജകുടുംബം വിളംബരം ചെയ്തു. ഇതനുസരിച്ച് ആലുവയില്‍ നിന്ന് രണ്ട് ടീം അപേക്ഷകള്‍ സമര്‍പ്പിച്ചു. മലങ്കര ഓര്‍ത്തോഡക്‌സ് സഭ, സിറിയന്‍ ചര്‍ച്ച്, മാര്‍തോമാ ചര്‍ച്ച്, യാക്കോബായ സഭ എന്നീ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ കോണ്‍ഫെഡറേഷനായിരുന്നു ഒരപേക്ഷകര്‍. ഐക്യസംഘത്തിന്റെ “കേരള മുസ്‌ലിം കോളജ് കമ്മറ്റി”യായിരുന്നു മറ്റൊരപേക്ഷകര്‍. സംഘം 8 ഏക്കര്‍ 46സെന്റ് ഭൂമി കൈവശപ്പെടുത്തുകയും ചെയ്തു.
പ്രൊഫസര്‍ കെ സി ചാക്കോയുടെയും പ്രൊഫ. എം എ വര്‍ക്കിയുടെയും മറ്റും നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഭൂമി സമ്പാദിച്ചു കോളജും തുടങ്ങി, യു സി കോളജ് എന്ന “യൂണിയന്‍ ക്രിസ്ത്യന്‍ കോളജ്.” ആലുവയിലെ യു സി കോളജ് ഇന്ന് കേരളത്തിലെ ഒന്നാംകിട കോളജുകളില്‍ ഒന്നാണ്.
ഐക്യസംഘം വിലക്കെടുത്ത ഭൂമിയില്‍ അലീഗഢും വന്നില്ല, ജാമിഅ:മില്ലിയ്യയും വന്നില്ല. ആലുവാ മുനിസിപ്പാലിറ്റിയുടെ ഒന്നാം തരം വാട്ടര്‍ട്രീറ്റ്‌മെന്റ് പ്ലാന്റ് വന്നു! പിന്നെയും അതായത്, ചാക്കോച്ചനും വര്‍ക്കിച്ചനും കോളജ് തുടങ്ങിയപ്പോള്‍ മണപ്പാടനും സംഘവും കിട്ടിയ ഭൂമി വിറ്റ് പള്ളി പിടിക്കാന്‍ പോയി, മഖ്ബറ പൊളിക്കാന്‍ പോയി.പാരമ്പര്യ മുസ്‌ലിംകളെ മുശ്‌രിക്കാക്കാനുള്ള വഴികളന്വേഷിച്ചുപോയി. എന്തുകൊണ്ട് ഇങ്ങനെ എന്നു ചോദിച്ചാല്‍ ഉത്തരം ലളിതം; ഒരാള്‍ മുറ്റത്തൊരു മാവിന്‍തൈ നട്ടുപിടിപ്പിക്കുമ്പോള്‍ അതില്‍ നിന്നു ചക്കപ്പഴം കിട്ടണം എന്നു കരുതുകയില്ല! മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയോ സാമൂഹിക വളര്‍ച്ചയോ ഒന്നുമായിരുന്നില്ല ഐക്യസംഘത്തിന്റെ ലക്ഷ്യം; സലഫിസമായിരുന്നു. പുരോഗമനാത്മകമായ ഒരു താത്പര്യം ഐക്യസംഘത്തിന് ഉണ്ടായിരുന്നില്ല.
ഐക്യസംഘവും സലഫിസവും വരുന്നതിനു മുമ്പ് കേരളത്തിലെ മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല, മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല എന്നാക്കെ പറഞ്ഞാല്‍ അതു സലഫിസം വരുന്നതിനു മുമ്പ് കോഴിക്കോട് വിമാനത്താവളമുണ്ടായിരുന്നില്ല, കണ്ണൂരില്‍ സര്‍വകലാശാല ഉണ്ടായിരുന്നില്ല എന്നാക്കെ പറയുന്നതുപോലെ എട്ടുകാലി മമ്മുഞ്ഞിത്തരമാണ്. 1910 കാലത്ത് കേരളത്തിന്റെ സാരക്ഷരത തന്നെ 10 ശതമാനത്തിനും താഴെയായിരുന്നു. അര നൂറ്റാണ്ട് കഴിഞ്ഞു 1951ലെ കണക്കനുസരിച്ച് ഇത് 47.18 ശതമാനമായി മാത്രമേ വളര്‍ന്നിട്ടുള്ളൂ. കേവലം സാക്ഷരതാ നിരക്ക് ഇതാണെങ്കില്‍ വിദ്യാസമ്പന്നരുടെ കണക്ക് പറയാനുണ്ടോ? മാതൃഭൂമി വാരികയില്‍ ലളിതാംബിക എഴുതിയ ലേഖനം ഓര്‍ക്കുന്നു; 1945 കാലത്ത് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ പഠിക്കുമ്പോള്‍ അവരുടെ ബാച്ചിലെ 45 കുട്ടികളില്‍ ഒരൊറ്റ പിന്നാക്കക്കാരനോ ന്യൂനപക്ഷക്കാരനോ ഉണ്ടായിരുന്നില്ലത്രെ, എല്ലാം ഉപരിവര്‍ഗത്തില്‍ നിന്നുള്ളവര്‍! പെണ്‍കുട്ടികള്‍ മൂന്നോ നാലോ! 1957ല്‍ വടകരയില്‍ വെച്ച് എസ് എന്‍ ഡി പി ക്കാര്‍ ഒരു തിയ്യപെണ്‍കുട്ടിയെ സ്വര്‍ണപ്പതക്കം നല്‍കി ആദരിച്ചുവത്രെ! ആദ്യമായി ആ സമുദായത്തില്‍ നിന്നു ഡിഗ്രി പാസായതിനായിരുന്നു ഈ പുരസ്‌കാരം!
അപ്പോള്‍ അതായിരുന്നു കേരളത്തിലെ അക്കാലത്തെ പൊതുവിദ്യാഭ്യാസത്തിന്റെ അവസ്ഥ. മുസ്‌ലിംകള്‍ക്ക് എന്നല്ല; ഉപരിവര്‍ഗത്തിനല്ലാതെ ആര്‍ക്കും വ്യാപകമായി വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല എന്നതാണു ചരിത്രപരമായ വസ്തുത. മുസ്‌ലിംകള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമായതിനു പിന്നെയും നിരവധി കാരണങ്ങളുണ്ട്. ഈജിപ്തില്‍ നിന്നു പുറപ്പെട്ട സലഫിസത്തിന് കേരളത്തിലേക്കുള്ള വണ്ടി വൈകിപ്പോയതാണു കേരളത്തിലെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതി പിന്നാക്കമാകാന്‍ കാരണമായത് എന്ന ചരിത്രപരമായ മണ്ടത്തരമൊന്നും ദയവായി ആരും എഴുന്നെള്ളിക്കരുത്. കേരളം വിദ്യാഭ്യാസപരമായി വളര്‍ന്നപ്പോള്‍ ഇസ്‌ലാമിക സമൂഹവും ഒപ്പം വളര്‍ന്നതിന് പുതുകാല ചരിത്രം സാക്ഷി. ഇന്ന് മറ്റേതു സമുദായങ്ങള്‍ക്കുമൊപ്പം മുസ്‌ലിംകളും മുന്‍നിരയിലുണ്ട്. അന്തര്‍ദേശീയ നിലവാരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് കേരളത്തിലെ പാരമ്പര്യ മുസ്‌ലിംകളാണ്. പഴയ നവോത്ഥാന മേലാളന്മാരുടെ പിന്മുറക്കാരാകട്ടെ, ഉത്തരാധുനിക കാലത്ത് ജിന്നു ജികിത്സയും മാരണ ശാസ്ത്രവും പറഞ്ഞ് തര്‍ക്കിച്ചു പലതായി പിളര്‍ന്നിരിക്കുന്നു. അവരുടെ വൈജ്ഞാനിക കേന്ദ്രങ്ങളായ പുളിക്കലും അരീക്കോടും കുറ്റ്യാടിയും ശാന്തപുരവും ചിത്രത്തില്‍ നിന്ന് അന്തര്‍ധാനം ചെയ്തിരിക്കുന്നു.
മുസ്‌ലിം ലീഗ് ഒരുക്കിക്കൊടുത്ത അവസരങ്ങളുടെ തണലിലായിരുന്നു സലഫിസവും മൗദൂദിസവും കേരളത്തില്‍ വേര് പിടിച്ചത്. പാരമ്പര്യ മുസ്‌ലിംകള്‍ പിന്‍നിരയിലേക്ക് തള്ളപ്പെട്ടുപോയതും രാഷ്ട്രീയത്തിന്റെ ദുഷ്ടലാക്ക് കാരണമായിരുന്നു. രണ്ട് പക്ഷത്ത് നിന്നുകൊണ്ടാണെങ്കിലും യഥാര്‍ഥ മുസ്‌ലിം വിഭാഗങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചപ്പോള്‍ കേരളത്തിന്റെ ഇസ്‌ലാമിക ചരിത്രം തന്നെ അടിമുടി മാറിയില്ലേ?
മലപ്പുറം മഅദിന്‍ അക്കാദമിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്‌ലിം നവോഥാനത്തെക്കുറിച്ച് ദീര്‍ഘമായി ഉപന്യസിച്ചപ്പോള്‍ വേദിക്ക് മുമ്പിലെ സീറ്റിലിരുന്നു ഞാന്‍ ആലോചിച്ചതിങ്ങനെയാണ്: “വക്കം മൗലവിയും സംഘവും ഉയര്‍ത്തിവിട്ട നവോത്ഥാനം യാതൊരു വിഘ്‌നവും കൂടാതെ അങ്ങനെതന്നെ പുരോഗമിച്ചിരുന്നുവെങ്കില്‍, കേരളത്തിലെ ആദരണീയ ഉലമാക്കള്‍ ആ മുന്നേറ്റത്തിനു തടയിട്ടില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ അവസ്ഥ? കേരളം ഇന്ന് മറ്റൊരു അഫ്ഗാനോ സിറിയയോ യമനോ ആകുമായിരുന്നു, മുസ്‌ലിം ചെറുപ്പക്കാര്‍ കൂട്ടത്തോടെ ആട് മേയ്ക്കാന്‍ പോയ കാരണത്താല്‍ ആണ്‍തുണയറ്റ് പെണ്‍കുട്ടികള്‍ മൂത്തുനരച്ചു പോകുമായിരുന്നു. ആഗോള ഭൂപടത്തില്‍ സലഫി ടെററിസ്റ്റ് മേഖലകള്‍ അടയാളപ്പെടുത്തിയാല്‍ കേരളം ഒന്നാം സ്ഥാനത്തുണ്ടാകുമായിരുന്നു. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരായ നടപടികള്‍ക്ക് വേണ്ടി രാജ്യം ഒരുക്കിയ സന്നാഹങ്ങളുടെ ആസ്ഥാനം തിരുവനന്തപുരമോ കൊച്ചിയോ ആകുമായിരുന്നു. ശാന്തരായി തന്നെ ശ്രവിക്കുന്ന, ലക്ഷക്കണക്കിനു മുസ്‌ലിം വിശ്വാസികള്‍ അടങ്ങിയ ഇങ്ങനെ ഒരു മഹാസമ്മേളനത്തെ അഭിമുഖീകരിക്കാനുള്ള അവസരം തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഉണ്ടാകുമായിരുന്നില്ല !”
(അവസാനിച്ചു)
ഒ എം തരുവണ ഫോണ്‍- 919400 501168

Latest