മുനമ്പം മനുഷ്യക്കടത്ത്: ഇരുനൂറോളം പേര്‍ ആസ്‌ത്രേലിയയിലേക്ക് തിരിച്ചതായി മൊഴി

Posted on: January 19, 2019 10:16 am | Last updated: January 20, 2019 at 12:26 am

ന്യൂഡല്‍ഹി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ദീപക്കിനേയും പ്രഭു ദണ്ഡപാണിയേയും ഇന്ന് കേരളത്തിലെത്തിക്കും. കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പോലീസ് ഇരുവരേയും പിടികൂടിയത്. ഇരുനൂറോളം പേര്‍ ആസ്‌ത്രേലിയയിലേക്ക് യാത്ര തിരിച്ചതായി ദീപക് മൊഴി നല്‍കി. യാത്രക്കായി ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം നല്‍കിയെന്നും മൊഴിയിലുണ്ട്. ദീപക്കിന്റെ ഭാര്യയും കുഞ്ഞും യാത്രാസംഘത്തിലുണ്ട്.

മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ബോട്ടുടമ അനില്‍കുമാറിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആസ്‌ത്രേലിയയിലേക്ക് കടന്ന സംഘത്തിന് ബോട്ട് വാങ്ങി നല്‍കാന്‍ കൂട്ടുനിന്നത് അനില്‍കുമാര്‍ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബോട്ടിനുള്ള പണം നല്‍കിയത് മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തമിഴ്‌നാട് സ്വദേശികളായ ശ്രീകാന്തനും സെല്‍വനുമാണ്. തനിക്കു മാസം ഒരു തുക കമ്മീഷന്‍ ലഭിക്കും എന്ന് പറഞ്ഞാണ് ബോട്ട് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അനില്‍കുമാര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇവരെ കണ്ടെത്താന്‍ പൊലീസ് ശ്രമം ഊര്‍ജിതമാക്കി.