ആരുമായും കൂട്ടില്ലെന്ന് എ എ പി; പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല

Posted on: January 19, 2019 9:32 am | Last updated: January 20, 2019 at 12:26 am

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യവും ഉണ്ടായിരിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. മൂന്ന് സംസ്ഥാനങ്ങളിലെയും മുഴുവന്‍ സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്ന് എ എ പി നേതാവ് ഗോപാല്‍ റായി പറഞ്ഞു.

ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കാന്‍ സഖ്യത്തിന്റെ കൂടെ നില്‍ക്കണമെന്ന് പാര്‍ട്ടിക്ക് മേല്‍ സമ്മര്‍ദമുണ്ടെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു എ എ പി നേതാവ് വെളിപ്പെടുത്തിയിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു എന്നിവരില്‍ നിന്നാണ് സമ്മര്‍ദം എന്നായിരുന്നു നേതാവിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍, ഇതിന് വിരുദ്ധമായ പ്രഖ്യാപനമാണ് ഇപ്പോള്‍ ഗോപാല്‍ റായി നടത്തിയിരിക്കുന്നത്. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ഒരിടത്തും കോണ്‍ഗ്രസുമായി എ എ പി സഖ്യമുണ്ടാക്കില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ പ്രതിപക്ഷമായാണ് എ എ പി പ്രവര്‍ത്തിക്കുന്നത്. അവിടെ ഇരു പാര്‍ട്ടികളും സഖ്യമുണ്ടാക്കിയാല്‍ അത് വലിയ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുത്ത ഷീലാ ദീക്ഷിതും എ എ പിയുമായുള്ള സഖ്യം തള്ളിക്കളഞ്ഞിരുന്നു. സ്ഥാനമൊഴിഞ്ഞ അധ്യക്ഷന്‍ അജയ് മാക്കന്റെ നിലപാടിന് വിരുദ്ധമായിരുന്നു ദീക്ഷിതിന്റെ പ്രഖ്യാപനം. കോണ്‍ഗ്രസിന്റെ നിലവിലെ നിലപാട് ഡല്‍ഹിയുടെ ചുമതലയുള്ള എ ഐ സി സി നേതാവ് പി സി ചാക്കോയും വ്യക്തമാക്കിക്കഴിഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ശക്തമാണെന്നും സഖ്യമില്ലാതെ തന്നെ തിരഞ്ഞെടുപ്പ് നേരിടാനാകുമെന്നുമാണ് പി സി ചാക്കോ പറഞ്ഞത്.