Connect with us

National

ബി ജെ പിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമെന്ന് പ്രകാശ് രാജ്

Published

|

Last Updated

ബെംഗളൂരു: ബി ജെ പിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും അദ്ദേഹം ബെംഗളൂരു പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ആം ആദ്മി പാര്‍ട്ടിയും ടി ആര്‍ എസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ജെ ഡി എസും നിലപാട് അറിയിച്ചിട്ടില്ല. മതേരതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടികളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണ്. ആറ് മാസം കഴിഞ്ഞാല്‍ മോദി വെറും എം പി മാത്രമായി മാറുമെന്നും പ്രകാശ് രാജ് പറഞ്ഞു.

50 വര്‍ഷത്തേക്ക് ബി ജെ പി രാജ്യം ഭരിക്കുമെന്ന് പറയാന്‍ ഇന്ത്യ അവരുടെ തറവാട് സ്വത്തല്ല. ബി ജെ പിക്കുള്ള മറുപടി ജനം ഈ തിരഞ്ഞെടുപ്പില്‍ നല്‍കും. മോദി അധികാരത്തിലെത്തിയപ്പോള്‍ ജനം വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, ദീര്‍ഘവീക്ഷണമില്ലാത്ത അദ്ദേഹത്തിന്റെ ഭരണം രാജ്യത്തെ പ്രതിസന്ധിയിലാക്കി. നോട്ട് നിരോധനം രാജ്യത്തെ കൊണ്ടെത്തിച്ചത് അരാജകത്വത്തിലേക്കാണ്. ജി എസ് ടി തെറ്റായ ആശയമല്ല. തെറ്റായ രീതിയില്‍ നടപ്പാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഹനിക്കപ്പെടാനുള്ളതല്ല. ഇതിന്റെ രക്തസാക്ഷിയാണ് ഗൗരി ലങ്കേഷ്. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിന് പോരാടും. പൊതുജനത്തിന്റെ ശബ്ദമായി മാറും. മണ്ഡലത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു.