ഇന്ത്യയും യു എസും മിസൈല്‍ പ്രതിരോധ സഹകരണത്തിന്

Posted on: January 19, 2019 9:23 am | Last updated: January 19, 2019 at 10:17 am

വാഷിംഗ്ടണ്‍: മിസൈല്‍ പ്രതിരോധ മേഖലയില്‍ ഇന്ത്യയും അമേരിക്കയും സഹകരണത്തിന്. ഇതുസംബന്ധിച്ച് ട്രംപ് ഭരണകൂടം ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് പെന്റഗണ്‍ അറിയിച്ചു.

മിസൈല്‍ പ്രതിരോധ കാഴ്ചപ്പാട് എന്ന തലക്കെട്ടില്‍ പെന്റഗണ്‍ 81 പേജുകളുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഇതിലാണ് ഇന്ത്യ- യു എസ് മിസൈല്‍ പ്രതിരോധ സഹകരണത്തെ സംബന്ധിച്ച് പരാമര്‍ശമുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. മികച്ച മിസൈല്‍ പ്രതിരോധ സംവിധാനം ലോകത്തെ ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രം മതിയാകില്ലെന്നും ദക്ഷിണേഷ്യന്‍ മേഖലയില്‍ ചില രാജ്യങ്ങള്‍ ഇപ്പോള്‍ മികച്ച മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും പെന്റഗണിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റഷ്യയില്‍ നിന്ന് 400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ അമേരിക്ക മുമ്പ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

നിലവിലെ സാഹചര്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട്, ഇന്ത്യയുമായി മിസൈല്‍ പ്രതിരോധ സഹകരണത്തെ സംബന്ധിച്ച് ചര്‍ച്ച നടത്തി. ഇന്‍ഡോ- പെസഫിക് മേഖലയില്‍ അമേരിക്കയുടെ സുപ്രധാന മിസൈല്‍ പ്രതിരോധ സഹകാരിയായി ഇന്ത്യ മാറുന്നത് സ്വാഭാവികമായ വളര്‍ച്ചമാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.