ഹൈക്കമ്മീഷണര്‍ നിയമനത്തില്‍ വന്‍ അഴിച്ചുപണി നടത്തി വിദേശ മന്ത്രാലയം

Posted on: January 19, 2019 12:17 am | Last updated: January 19, 2019 at 9:56 am

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ നയതന്ത്ര പ്രതിനിധി നിയമനത്തില്‍ വന്‍ അഴിച്ചുപണി. ഇസ്‌റാഈല്‍, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന, ന്യൂസിലന്‍ഡ്, വിയത്‌നാം എന്നിവിടങ്ങളിലേക്ക് പുതിയ അംബാസഡര്‍മാരെ അയക്കാന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഭൂട്ടാന്‍, മാല്‍ഡീവ്‌സ് എന്നീ അയല്‍രാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ കാര്യത്തിലും നിര്‍ണായക മാറ്റം വരുത്തിയിട്ടുണ്ട്.

യഥാക്രമം ക്ഷിണാഫ്രിക്ക, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍മാരായ രുചിര കമ്പോജി, യ്ദീപ് സര്‍ക്കാര്‍ എന്നിവര്‍ സ്ഥാനങ്ങള്‍ പരസ്പരം വച്ചുമാറും. പെട്രോളിയം മന്ത്രാലയത്തിലെ ഉന്നതോദ്യാഗസ്ഥന്‍ സുഞ്ജയ് സുധീര്‍ ആയിരിക്കും മാല്‍ഡീവ്‌സ് നയതന്ത്ര പ്രതിനിധിയാകുക. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ഇസ്‌റാഈല്‍ ഹൈക്കമ്മീഷണറാക്കും.

അഫ്ഗാന്‍ മുന്‍ അംബാസഡര്‍ മന്‍പ്രിത് വോറയെ മെക്‌സിക്കോയിലേക്ക് അയക്കും. ഇവിടുത്തെ നിലവിലെ ഹൈക്കമ്മീഷണര്‍ മുഖ്‌തേഷ് പര്‍ദേശിയെ ന്യൂസിലന്‍ഡിലേക്കു മാറ്റും. തെക്കുകിഴക്കന്‍ ഏഷ്യന്‍ നയതന്ത്ര കാര്യങ്ങളുടെ ചുമതലയിലുള്ള പ്രണയ് വര്‍മയാകും വിയത്‌നാമിലെ പുതിയ നയതതന്ത്ര പ്രതിനിധി.

നേപ്പാള്‍, ഭൂട്ടാന്‍ ഉള്‍പ്പടെയുള്ള വടക്കന്‍ ഭാഗത്തെ ഉത്തരവാദിത്തമുണ്ടായിരുന്ന സുധാകര്‍ ദലേലയെ ചിക്കാഗോ കോണ്‍സുല്‍ ജനറലായി നിയമിക്കും. 2019 ജനുവരിക്കും ജൂണിനും ഇടയില്‍ 20 അംബാസഡര്‍, കോണ്‍സുലേറ്റ് പദവികളില്‍ മാറ്റം വരുത്തുമെന്ന് വിദേശ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.