വായു മലിനീകരണം ഡല്‍ഹിയെ ഗ്യാസ് ചേംബറിന് സമാനമാക്കി, അവിടെ ആരും കഴിയാത്തതാണ് നല്ലത്: സുപ്രീം കോടതി

Posted on: January 18, 2019 11:26 pm | Last updated: January 19, 2019 at 9:56 am

ന്യൂഡല്‍ഹി: വായു മലിനീകരണം മൂലം ഡല്‍ഹി ഗ്യാസ് ചേംബറിനു സമാനമായിരിക്കുകയാണെന്നും അവിടെ ആരും കഴിയാതിരിക്കുന്നതാണ് നല്ലതെന്നും സുപ്രീം കോടതി. നഗരത്തിലെ വായു മലിനീകരണവും ഗതാഗത തിരക്കും നിയന്ത്രിക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊള്ളാത്തതില്‍ കോടതി വിഷമം പ്രകടിപ്പിച്ചു.

ഡല്‍ഹിയില്‍ പകല്‍ സമയത്തും വൈകീട്ടുമെല്ലാം വലിയ തോതില്‍ വായു മലിനീകരിക്കപ്പെടുകയാണ്. വാഹനങ്ങള്‍ ധാരാളമായി റോഡിലിറങ്ങുന്നത് കടുത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു- ദേശീയ തലസ്ഥാനത്തു വായു മലിനീകരണം രൂക്ഷമാകുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെ രണ്ടംഗ ബഞ്ചിലെ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ഡല്‍ഹിയില്‍ താമസിക്കുക ബുദ്ധിമുട്ടാണെന്നും താനതിനു ഇഷ്ടപ്പെടുന്നില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ ഗതാഗത കുരുക്കില്‍ പെട്ടതു കാരണം കോടതിയില്‍ രണ്ടു ജഡ്ജിമാരുടെ സ്ഥാനാരോഹണ ചടങ്ങിനെത്താന്‍ തനിക്കു സാധിക്കാതെ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഈ പ്രശ്‌നത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ബഞ്ചിലെ ജസ്റ്റിസ് ദീപക് ഗുപ്തയും പറഞ്ഞു. മലിനീകരണവും ഗതാഗത പ്രശ്‌നവും പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നതു സംബന്ധിച്ചു യാതൊരു ആലോചനയും ഉണ്ടാകുന്നില്ലെന്ന് ബഞ്ച് വിലയിരുത്തി. വിവിധ കേസുകളില്‍ പിടികൂടി പോലീസ് സ്‌റ്റേഷനുകളില്‍ കൂട്ടിയിട്ടതും ഭാവിയില്‍ നിയമ നടപടികള്‍ക്ക് ആവശ്യമില്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഡല്‍ഹി പോലീസിനോട് ബഞ്ച് ചോദിച്ചു.