കര്‍ണാടകയില്‍ ബി ജെ പിയുടെ ചാക്കിട്ടു പിടിത്തത്തിനു തടയിടാന്‍ കോണ്‍ഗ്രസ്; എം എല്‍ എമാരെ റിസോര്‍ട്ടിലാക്കി

Posted on: January 18, 2019 8:50 pm | Last updated: January 19, 2019 at 9:56 am

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി ജെ പിയുടെ കുതിരക്കച്ചവട നീക്കങ്ങളെ പ്രതിരോധിക്കുന്നതിന് തന്ത്രപരമായ നടപടികളുമായി കര്‍ണാടക കോണ്‍ഗ്രസ്. ചിലര്‍ കൂറുമാറിയേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍, വിധാന്‍ സൗധയില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ എം എല്‍ എമാരെയും ബംഗളൂരുവിനു സമീപത്തെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്കു മാറ്റി. യോഗത്തിനു ശേഷം ടൂറിസ്റ്റ് ബസിലാണ് 75 എം എല്‍ എമാരെ മാറ്റിയത്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു എം എല്‍ എമാരെ നിരീക്ഷിക്കുന്നതിനായി ഒപ്പമുണ്ട്.

സ്പീക്കര്‍ ഉള്‍പ്പടെ 80 എം എല്‍ എമാരാണ് കോണ്‍ഗ്രസിന് കര്‍ണാടകത്തില്‍ ഉള്ളത്. ഇവരില്‍ വിമത പക്ഷത്തുള്ള ഉമേഷ് യാദവ്, രമേശ് ജാഗര്‍ഹോളി, മഹേഷ് കുമതല്ലി, ബി നാഗേന്ദ്ര എന്നിവര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നില്ല. നാഗേന്ദ്രയും ഉമേഷും യോഗത്തിനെത്താന്‍ അസൗകര്യം അറിയിച്ചു നേതൃത്വത്തിനു കത്ത് നല്‍കിയിരുന്നു.

70 കോടി രൂപ വരെ വാഗ്ദാനം ചെയ്ത് തങ്ങളുടെ എം എല്‍ എമാരെ സ്വന്തം പക്ഷത്തേക്കു കൂറുമാറ്റാനാണ് ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രിമാരും ചേര്‍ന്നു ശ്രമിക്കുന്നതെന്നും ഇതിനു തന്റെ കൈയില്‍ തെളിവുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.