Connect with us

National

റഫാല്‍: വിമാനങ്ങള്‍ക്കു കൂടുതല്‍ വില നല്‍കേണ്ടി വന്നത് എണ്ണം കുറച്ചു വാങ്ങിയതു കാരണമെന്നു മാധ്യമ റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: നേരത്തെ പറഞ്ഞുറപ്പിച്ചതില്‍ നിന്നു വിരുദ്ധമായി എണ്ണം കുറച്ചു വാങ്ങിയതിനാലാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കു കൂടുതല്‍ വില നല്‍കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

126 വിമാനങ്ങള്‍ വാങ്ങാനായിരുന്നു സര്‍ക്കാര്‍ ആദ്യം ഉറപ്പിച്ചിരുന്നത്. എന്നാല്‍ ഇതിനു ശേഷം പ്രധാന മന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ ചെന്നു നടത്തിയ നേരിട്ടുള്ള ഇടപെടലില്‍ എണ്ണം 36 ആയി കുറച്ചു. ഇതാണ് വിമാന വിലയില്‍ 41.42 ശതമാനം വര്‍ധനയുണ്ടാകാന്‍ കാരണമുണ്ടായത്. റഫാല്‍ വിമാനങ്ങള്‍ എത്ര വില നല്‍കിയാണ് വാങ്ങിയതെന്നതിന്റെ കൃത്യമായ കണക്ക് ഇതേവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഫ്രാന്‍സുമായുള്ള കരാറിലെ വ്യവസ്ഥകള്‍ക്കു വിധേയമായാണ് ഇതെന്നാണ് സര്‍ക്കാറിന്റെ ന്യായീകരണം. അതേസമയം, വിമാനങ്ങളുടെ വില വെളിപ്പെടുത്തുന്നതില്‍ കരാറില്‍ ഒരു നിയന്ത്രണവും വ്യവസ്ഥ ചെയ്തിട്ടില്ലെന്നാണ് ഫ്രാന്‍സിന്റെ പക്ഷം.

2007ല്‍ യു പി എ ഭരണകാലത്ത് ഒരു യുദ്ധജെറ്റിന്റെ വില 79.3 ദശലക്ഷം യൂറോ ആയിരുന്നു. 2011ല്‍ ഇത് 100.85 ദശലക്ഷം യൂറോയായി വര്‍ധിച്ചു. 2016ല്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുമ്പത്തെ വിലയില്‍ ഒമ്പതു ശതമാനം ഇളവു നല്‍കാമെന്ന് ഫ്രാന്‍സ് അറിയിക്കുകയും വില 91.75 ദശലക്ഷം ഡോളറായി നിജപ്പെടുത്തുകയും ചെയ്തു. അതിനിടെ, വിമാനങ്ങളുടെ രൂപകല്‍പനക്കും നിര്‍മാണത്തിനും മറ്റുമായി നൂറുകോടി നാല്‍പതു ലക്ഷം യൂറോ നല്‍കണമെന്ന് വിമാന നിര്‍മാണ കമ്പനിയായ കമ്പനി ഡാസോ അറിയിക്കുകയും ഇതേതുടര്‍ന്നുള്ള വിലപേശലില്‍ നൂറുകോടി 30 ലക്ഷം യൂറോയായി കുറഞ്ഞു.

മോദി സര്‍ക്കാര്‍ 36 വിമാനങ്ങള്‍ മാത്രം വാങ്ങാന്‍ തീരുമാനിച്ചതോടെ ചെലവുതുക 2007ല്‍ 11.11 ദശലക്ഷം യൂറോ ആയിരുന്നത് 2016ല്‍ 36.11 ദശലക്ഷം യൂറോ ആയി ഉയര്‍ന്നു. 126 വിമാനങ്ങളുടെ അതേ ചെലവുതുക 36 എണ്ണത്തിന് ഈടാക്കിയെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

Latest