Connect with us

National

അതിര്‍ത്തിയില്‍ ഇത്രയധികം സൈനികര്‍ കൊല്ലപ്പെടുന്നത് മോദി സര്‍ക്കാറിന്റെ വീഴ്ച: ആര്‍ എസ് എസ്

Published

|

Last Updated

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നിരവധി ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടാനിടയാകുന്നത് ബി ജെ പി സര്‍ക്കാറിന്റെ കഴിവുകേടാണെന്ന ആരോപണവുമായി ആര്‍ എസ് എസ്. യുദ്ധമില്ലാത്ത സാഹചര്യത്തിലും ഇത്രയധികം സൈനികര്‍ കൊല്ലപ്പെടുന്നത് മോദി സര്‍ക്കാറിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് ആര്‍ എസ് എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് പറഞ്ഞു.

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പും യുദ്ധകാലത്തും മറ്റുമാണ് ഇത്രയധികം സൈനികര്‍ കൊല്ലപ്പെട്ടിരുന്നത്. ചെയ്യേണ്ടതായ കാര്യങ്ങള്‍ നല്ല രീതിയില്‍ നിര്‍വഹിക്കാത്തതു കൊണ്ടാണ് ഇത്തരമൊരു അവസ്ഥയിലേക്കു കാര്യങ്ങള്‍ പോകുന്നത്. അതിനു സര്‍ക്കാര്‍ മാത്രമല്ല, നമ്മളെല്ലാം ഉത്തരവാദികളാണ്. അവര്‍ ചെയ്യട്ടെ, ഇവര്‍ ചെയ്യട്ടെ എന്നു പറഞ്ഞു മാറിനില്‍ക്കുകയല്ലേ വേണ്ടത്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങളുടെ ഒറ്റക്കെട്ടായ പരിശ്രമമുണ്ടാകണം.

സര്‍ക്കാര്‍ നടപ്പിലാക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളെ ബാധിക്കുന്നതാണ്. തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവുമൊന്നും എന്റെയോ നിങ്ങളുടെയോ ചെയ്തിയല്ലെങ്കില്‍ പോലും എല്ലാവരെയും ബാധിക്കുന്നു. ഇതു തിരിച്ചറിയാനാകാണം- ഭാഗവത് പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം വൈകുന്നതില്‍ സര്‍ക്കാറിനെ ആര്‍ എസ് എസ് നേതൃത്വം കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2025നകം ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയുമുണ്ടായി.