പ്രവാസി ഭാരതീയ ദിവസ് ജനുവരി 21 മുതല്‍ വാരണസിയില്‍

Posted on: January 18, 2019 5:52 pm | Last updated: January 18, 2019 at 5:52 pm

ദുബൈ: കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് ജനുവരി 21 മുതല്‍ 23 വരെ വാരണസിയില്‍ നടക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന പ്രവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ പരിചയപ്പെടുത്തുന്നതിനുമാണ് മൂന്ന് ദിവസം നീളുന്ന സംഗമം ഒരുക്കിയിരിക്കുന്നത്. ലോകരാഷ്ട്രങ്ങളിലെ ഇന്ത്യന്‍ വംശജരായ ജനപ്രതിനിധികളുടെ പ്രത്യേക സമ്മേളനവും ഇത്തവണ നടക്കും.

രാഷ്ട്രപിതാവായ ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ദിവസമായ ജനുവരി 9 നു അനുബന്ധമായാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്. ഇത്തവണ പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് കുംഭമേളയിലും ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും. പ്രവാസി ഭാരതീയ ദിവസില്‍ ഈ പരിപാടികള്‍ കൂടി ചേര്‍ക്കാനാണ് സമയക്രമത്തില്‍ മാറ്റംവരുത്തിയതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നേരത്തെ അറിയിച്ചിരുന്നു.
പ്രവാസി ദിവസില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസി ദിവസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കും. നിരവധി മന്ത്രിമാരും ഉന്നത വ്യക്തിത്വങ്ങളും പങ്കെടുക്കുന്നുണ്ട്.

പ്രവാസി ദിവസില്‍ പങ്കെടുക്കുന്ന പ്രതിനിധികളെ ദില്ലിയില്‍ നിന്നുള്ള പ്രത്യേക തീവണ്ടികളില്‍ വാരാണസിയിലേക്ക് കൊണ്ടുപോകും. സമ്മേളനത്തിനായി പ്രത്യേക പ്രവാസി ഗ്രാമം തന്നെ യു പി സര്‍ക്കാര്‍ ഒരുക്കും. എന്നാല്‍ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരണസിയില്‍ വെച്ച് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. യു പിയില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉത്സവാന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമുണ്ടെന്നും പറയപ്പെടുന്നു.