അബുദാബി-ദുബൈ ഹൈപ്പര്‍ലൂപ്: ഒരു കി.മി നിര്‍മാണച്ചെലവ് 4 കോടി ഡോളറെന്ന്

Posted on: January 18, 2019 5:29 pm | Last updated: January 18, 2019 at 5:29 pm

അബുദാബി: യു എ ഇയിലെ വികസനക്കുതിപ്പിന് വേഗം കൂട്ടുന്നതിന് ഭരണകൂടം പ്രഖ്യാപിച്ച അതിവേഗ ട്രെയിനായ ഹൈപ്പര്‍ലൂപ് യാഥാര്‍ഥ്യമാകുന്നതിന് വന്‍തുക ചെലവ് വരുമെന്ന് വെളിപ്പെടുത്തല്‍. അബുദാബി-ദുബൈയെ ബന്ധിപ്പിച്ചുകൊണ്ട് നിര്‍മിക്കാനുദ്ദേശിക്കുന്ന ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിന് ഒരു കിലോമീറ്ററിന് മാത്രം നിര്‍മാണച്ചെലവ് രണ്ടുമുതല്‍ നാല് കോടി ഡോളര്‍ വരെ വരുമെന്ന് ഹൈപ്പര്‍ലൂപ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ് ചെയര്‍മാന്‍ ബിബോപ് ഗ്രിസ്റ്റ വെളിപ്പെടുത്തി.

യു എ ഇ വാര്‍ത്താ ഏജന്‍സിയായ ‘വാം’ ന് നല്‍കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ അടിസ്ഥാനത്തില്‍, പദ്ധതി പൂര്‍ത്തീകരണത്തിന് വന്‍തുകയുടെ നിക്ഷേപം ആവശ്യമായി വരുമെങ്കിലും, പ്രവര്‍ത്തനമാരംഭിച്ചു 8-15 വര്‍ഷങ്ങള്‍കൊണ്ട് പദ്ധതി ലാഭകരമാകുമെന്ന് ബിബോപ് ഗ്രിസ്റ്റ ചൂണ്ടിക്കാട്ടി.

അബുദാബിയില്‍ നടക്കുന്ന ഭാവി ഊര്‍ജ ഉച്ചകോടിയുടെ ഭാഗമായാണ് ബിബോപ് ഹൈപ്പര്‍ലൂപ്പുമായി ബന്ധപ്പെട്ട പത്രക്കുറിപ്പിറക്കിയത്. പദ്ധതിക്ക് നിശ്ചയിക്കപ്പെട്ട സമയക്രമമനുസരിച്ച് പ്രവര്‍ത്തികള്‍ അതിവേഗം മുന്നോട്ടു പോകുന്നുണ്ട്. എക്‌സ്‌പോ 2020 തുടങ്ങുന്നതോടെ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനം തുടങ്ങാനാകും, അദ്ദേഹം പറഞ്ഞു. 10 കിലോമീറ്ററാണ് അബുദാബി-ദുബൈ ഹൈപ്പര്‍ലൂപ് പദ്ധതിയുടെ ആദ്യഘട്ടം.

ഹൈപ്പര്‍ലൂപിന്റെ ആദ്യ പാസഞ്ചര്‍ ബോഗികളുടെ നിര്‍മാണം സ്‌പെയിനില്‍ പൂര്‍ത്തിയായെന്നും ഉടന്‍ ഫ്രാന്‍സില്‍ എത്തിച്ച ബോഗികള്‍ അസംബിള്‍ ചെയ്ത് അവിടെ പരീക്ഷണയോട്ടം നടത്തി വിജയം ഉറപ്പുവരുത്തിയശേഷം മാത്രമേ ഇത് യു എ യിലേക്ക് കൊണ്ടുവരികയുള്ളൂവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വ്യാപാരാടിസ്ഥാനത്തില്‍ ഹൈപ്പര്‍ലൂപ് പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യ രാജ്യമാണ് യു എ ഇ. ദുബൈ-അബുദാബിക്കിടയിലുള്ള സീ്ഹ് അല്‍ സദീറയില്‍ അല്‍ ദാര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഹൈപ്പര്‍ലൂപ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.