മരുഭൂമിയില്‍ ഒട്ടകയാത്ര ആരംഭിച്ചു ; 700 കിലോമീറ്റര്‍ താണ്ടും

Posted on: January 18, 2019 5:26 pm | Last updated: January 18, 2019 at 5:26 pm

ദുബൈ: ഹംദാന്‍ ബിന്‍ മുഹമ്മദ് പൈതൃക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള അഞ്ചാമത് ഒട്ടകയാത്രക്ക് തുടക്കമായി. 700 കിലോമീറ്റര്‍ സഞ്ചരിക്കുന്ന യാത്രയില്‍ യു എ ഇയിലെ 10 താമസക്കാരാണുള്ളത്. അബുദാബിയിലെ ഗയാതിയില്‍ നിന്നാണ് യാത്രക്ക് തുടക്കമായത്.

യു എ ഇ, അമേരിക്ക, ബ്രിട്ടന്‍, അര്‍ജന്റീന, ഫ്രാന്‍സ്, അള്‍ജീരിയ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 10 പേരാണ് യാത്രയിലുള്ളതെന്ന് ഹംദാന്‍ ബിന്‍ മുഹമ്മദ് പൈതൃക കേന്ദ്രം ഡയറക്ടര്‍ ഹിന്ദ് ബിന്‍ ദിമൈതാന്‍ അല്‍ ഖിസ്മി പറഞ്ഞു. ദുബൈയിലെ അല്‍ നഖ്‌റ ഒട്ടക ഫാമില്‍ പരിശീലനം പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു യാത്ര. ലിവ മരുപ്പച്ച, സൈ്വഹാന്‍ മരുഭൂമി എന്നിവിടങ്ങളിലൂടെയുള്ള യാത്ര ഇമാറാത്തി സംസ്‌കാരവും ബദ്‌വിയന്‍ ചരിത്രങ്ങളും അടുത്തു മനസിലാക്കാന്‍ സാധിക്കുന്നതാണ്.

ടെന്റുകളും ഭക്ഷണവും മറ്റു സൗകര്യങ്ങളും പൈതൃകകേന്ദ്രമാണ് ഒരുക്കിക്കൊടുക്കുന്നത്. കൂടാതെ ഒരു മെഡിക്കല്‍ സംഘവും യാത്രയെ അനുഗമിക്കുന്നുണ്ട്. ഈ മാസം 29ന് യാത്ര ദുബൈ ഗ്ലോബല്‍ വില്ലേജില്‍ സമാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.