കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റിട്ട യൂത്ത് ലീഗ് നേതാവ് രാജിവെച്ചു

Posted on: January 18, 2019 5:00 pm | Last updated: January 18, 2019 at 5:00 pm

കോഴിക്കോട്: മുത്വലാഖ് വോട്ടെടുപ്പ് ദിവസം പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ ഹാജരാകാത്തതിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യൂത്ത് ലീഗ് നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 23ാം വാര്‍ഡ് അംഗവുമായ എം ബാബു മോനാണ് രാജിവെച്ചത്. മണ്ഡലം യൂത്ത് ലീഗില്‍ ദിവസങ്ങളായി തുടരുന്ന പ്രശ്‌നങ്ങള്‍ക്കിടെയാണ് രാജി. മുത്വലാഖ് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ നടപടി ചോദ്യം ചെയ്ത് കേരളത്തിനകത്തു നിന്നും പുറത്ത് നിന്നും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ആ സമയത്താണ് ബാബു മോനും ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
വിവാദവുമായി ബന്ധപ്പെട്ട് താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് വിശദീകരണം തേടാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതരായിരുന്നു. അതിന് കുഞ്ഞാലിക്കുട്ടി മറുപടി നല്‍കുകയും തുടര്‍ന്ന് വിഷയം അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയും ചെയ്തിരുന്നു.

കുഞ്ഞാലിക്കുട്ടിക്കെതിരെ നേതൃത്വം നടപടിയെടുത്തിരുന്നില്ല. എന്നാല്‍, കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച താഴെത്തട്ടിലുള്ള നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി പലരും പാര്‍ട്ടി സംസ്ഥാന നേതാക്കളെ സമീപിച്ചിരുന്നു. ഇതേ ആവശ്യമാണ് ബാബു മോനെതിരെയും ഉയര്‍ന്നത്. പാര്‍ട്ടിയുടെ ദേശീയ നേതാവിനെ വിമര്‍ശിച്ചതിന് ബാബുമോനെതിരെ നടപടിയെടുക്കണമെന്നും മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നും കുന്ദമംഗലം ടൗണ്‍ മുസ്‌ലിം ലീഗ് യോഗം ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് നേതൃത്വത്തിന്റെ സമ്മര്‍ദം ശക്തമായപ്പോള്‍ ബാബുമോന്‍ ഖേദം പ്രകടിപ്പിക്കുകയും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഒരു വിഭാഗം ഉറച്ച് നില്‍ക്കുകയായിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസം ചേര്‍ന്ന കുന്ദമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് യോഗത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കൈയാങ്കളി ഉണ്ടായതായി പാര്‍ട്ടി പ്രാദേശിക നേതാക്കളില്‍ നിന്ന് തന്നെ പ്രചാരണമുണ്ടായി. എന്നാല്‍, പാര്‍ട്ടി ഇത് പിന്നീട് നിഷേധിച്ചു. ഈ രീതിയില്‍ പാര്‍ട്ടിയില്‍ തനിക്കെതിരെ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തിലാണ് ബാബുമോന്റെ രാജി.

കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ നിയോജകമണ്ഡലം കമ്മിറ്റിയിലെ ഭൂരിപക്ഷം പേര്‍ക്കും ബാബു മോന്റെ അഭിപ്രായമുണ്ടെങ്കിലും പലരും അത് തുറന്ന് പറയാന്‍ തയ്യാറായിരുന്നില്ല.
വ്യാപാരി വ്യവസായി നേതാവായി പാര്‍ട്ടി നേതൃപദവിയിലെത്തിയ ബാബുമോന്‍ നിലവില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിന് വിജയിച്ച ബാബുമോന്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള പന്തീര്‍പ്പാടത്ത് നിന്നാണ് യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ ജന്മനാട്ടില്‍ നിന്നുള്ള നേതാവ് കൂടിയായ ബാബുമോന്‍ അദ്ദേഹത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കുന്നതില്‍ ചരട്‌വലിച്ചവരില്‍ പ്രമുഖനാണ്.

അതേസമയം, രാജിവാര്‍ത്ത സ്ഥിരീകരിച്ച ബാബു മോന്‍ മറ്റ് പാര്‍ട്ടികളിലേക്ക് ഇപ്പോഴില്ലെന്ന് വ്യക്തമാക്കി. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റിന് രാജിക്കത്ത് കൈമാറിയതായും അദ്ദേഹം സിറാജിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് ബാബുമോന്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ക്ക് നല്‍കാനായി കത്ത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഏല്‍പ്പിച്ചത്.