അറബ് കവി ഉതൈബയെ ആദരിച്ചു

Posted on: January 18, 2019 4:43 pm | Last updated: January 18, 2019 at 4:43 pm

മറാക്കിഷ്: പ്രമുഖ അറബ് കവിയും ചിന്തകനുമായ ഡോ. മാന സഈദ് അല്‍ ഉതൈബയെ ‘ദക്തൂറ ഫഖ്‌രിയ്യ’ പദവി നല്‍കി ജാമിഅ മര്‍കസ് ആദരിച്ചു. മോറോക്കോയിലെ മറാക്കിഷില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിലാണ് നയതന്ത്ര വിദഗ്ധനും യു എ ഇ ഭരണാധികാരി ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പ്രത്യേക ഉപദേഷ്ടാവുമായ ഉതൈബക്ക് പ്രത്യേക അംഗീകാരം നല്‍കിയത്. മര്‍കസ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തിന് സ്ഥാനവസ്ത്രവും സര്‍ട്ടിഫിക്കറ്റും നല്‍കി. ഇന്ത്യ – അറബ് രാജ്യങ്ങള്‍ക്കിടയിലെ സാംസ്‌കാരിക വാണിജ്യ ബന്ധത്തിന്റെ അടയാളമായ കപ്പല്‍ ഉപഹാരമായും സമര്‍പ്പിച്ചു.

ഇന്ത്യയിലെ പ്രശസ്തമായ അക്കാദമിക സ്ഥാപനമായ മര്‍കസ് നല്‍കുന്ന ഈ ഉപഹാരം മൊറോക്കോയില്‍ നിന്ന് സ്വീകരിക്കാന്‍ സാധിച്ചതില്‍ വലിയ ചാരിതാര്‍ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആദരവ് സമര്‍പ്പിച്ച് പ്രഭാഷണം നടത്തി. വൈജ്ഞാനികവും നയതന്ത്രപരവുമായ ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതില്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിയാണ് ഉതൈബയെന്ന് അദ്ദേഹം പറഞ്ഞു.

സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. മൊറോക്കോയിലെ പ്രധാന യൂനിവേഴ്‌സിറ്റികളായ ജാമിഅത്തുല്‍ അഖവൈന്‍, ജാമിഅത്തു മുഹമ്മദുല്‍ ഖാമിസ്, ജാമിഅത്തു ഖാളി എന്നീ വൈജ്ഞാനിക കേന്ദ്രങ്ങളുടെ വൈസ് ചാന്‍സലര്‍മായ ഡോ. ഇദ്‌രീസ്, ഡോ. അല്‍ ഖാഷി മുഹമ്മദ്, ഡോ അബ്ദുല്ലത്വീഫ് മീറാവി സംസാരിച്ചു. മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ‘ഇന്തോ- അറബ് നോര്‍ത്ത് ആഫ്രിക്കന്‍ ബന്ധങ്ങളുടെ ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. മൊറോക്കന്‍ രാജാവിന്റെ പ്രതിനിധികള്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

യു എ ഇ , മൊറോക്കോ, ഇന്ത്യ എന്നീ രാഷ്ട്രങ്ങളിലെ പ്രമുഖ അക്കാദമിക പണ്ഡിതരും സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിപുണരും മര്‍കസ് എക്‌സലന്‍സി ക്ലബ്ബ് അംഗങ്ങളും സംബന്ധിച്ചു.