പാടന്തറ മര്‍കസ് സമൂഹ വിവാഹം; 350 യുവതികള്‍ സുമംഗലികളാകും

Posted on: January 18, 2019 4:39 pm | Last updated: January 18, 2019 at 4:39 pm

പാട്ടവയല്‍: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ പാടന്തറ മര്‍കസില്‍ അഞ്ചാം തവണയും സമൂഹ വിവാഹ പന്തലൊരുങ്ങുന്നു. എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്. പെണ്‍മക്കളെ വിവാഹം ചെയ്ത് അയക്കാനാകാത്ത രക്ഷിതാക്കള്‍ക്ക് ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സംഘകുടുംബമാണ് അത്താണിയാകുന്നത്.

അടുത്ത മാസം 21ന് നടക്കുന്ന പ്രൗഢമായ ചടങ്ങിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഇത്തവണ 30ഓളം സഹോദര സമുദായത്തിലെ യുവതീ യുവാക്കളും സുമംഗലികളാകുന്നുണ്ട്. ഹൈന്ദവാചാര പ്രകാരവും ക്രിസ്തീയ ആചാര പ്രകാരവും വിവാഹിതരാകുന്നവര്‍ സമീപത്തെ ക്ഷേത്രത്തില്‍ നിന്നും ചര്‍ച്ചില്‍ നിന്നും ചടങ്ങുകള്‍ നടത്തും. ചടങ്ങുകള്‍ക്ക് ശേഷം ഇവര്‍ വിവാഹവേദിയിലെത്തും.

അഞ്ച് പവന്‍ സ്വര്‍ണവും, 25,000 രൂപയുമാണ് വിവാഹത്തിന് വധുവിന് നല്‍കുന്നത്. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹ വസ്ത്രമായി പര്‍ദ്ദയും, അമുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പട്ടുസാരിയുമാണ് നല്‍കുന്നത്. വരന്മാര്‍ക്കും വസ്ത്രം നല്‍കും. സമൂഹ വിവാഹത്തോട് അനുബന്ധിച്ച് ഫെബ്രുവരി 11 മുതല്‍ ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാരുടെ ദശദിന പ്രഭാഷണവും, മുഹ്‌യിസ്സുന്ന മുസാബകയും നടക്കും.
സമൂഹ വിവാഹത്തിന്റെ വിജയത്തിന് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ചെയര്‍മാനും മജീദ് കക്കാട് ജനറല്‍ കണ്‍വീനറും ഹുസൈന്‍ ഹാജി തൃശൂര്‍ ഫിനാന്‍സ് സെക്രട്ടറിയുമായ 313 അംഗ വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ച് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി നടന്ന സമൂഹ വിവാഹത്തില്‍ 720 യുവതീ യുവാക്കളാണ് ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചത്.