Connect with us

Ongoing News

ധോണി പഴയ ധോണിയായി; ആസ്‌ത്രേലിയന്‍ മണ്ണില്‍ ഇന്ത്യക്ക് ചരിത്ര ജയം

Published

|

Last Updated

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ ടീം ഏകദിന ഫോര്‍മാറ്റിലും ചരിത്രം ആവര്‍ത്തിച്ചു. മെല്‍ബണ്‍ ഏകദിനത്തില്‍ ആസ്‌ത്രേലിയയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര നേട്ടം സ്വന്തമാക്കി ചരിത്രം കുറിച്ചത്. ആസ്‌ത്രേലിയ മുന്നോട്ടുവെച്ച 231 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ശേഷിക്കേ ഇന്ത്യ മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ എംഎസ് ധോണിയുടെയും കേദാര്‍ ജാദവിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ധോണി 87ഉം ജാദവ് 61ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നായകന്‍ വിരാട് കോഹ്‌ലി 46 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍ 23ഉം രോഹിത് ശര്‍മ ഒമ്പത് റണ്‍സുമെടുത്ത് പുറത്തായി. ഏകദിന ഫോര്‍മാറ്റില്‍ ആസ്‌ത്രേലിയക്കെതിരെ ആസ്‌ത്രേലിയന്‍ മണ്ണില്‍ ഇന്ത്യ നേടുന്ന ആദ്യ പരമ്പര ജയം. ധോണി പരമ്പരയിലേയും ചാഹല്‍ കളിയിലേയും താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ധോണിയുടെ തുടര്‍ച്ചയായ മൂന്നാമത്തെയും കരിയറിലെ എഴുപതാമത്തേതും അര്‍ധ സെഞ്ച്വറിക്കാണ് മെല്‍ബണ്‍ സാക്ഷിയായത്. സിഡ്‌നിയില്‍ 51 റണ്‍സെടുത്ത ധോണി അഡ്‌ലൈയ്ഡില്‍ പുറത്താകാതെ 55 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ആസ്‌ത്രേലിയ 48.4 ഓവറില്‍ 230 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്റെ മിന്നുന്ന ബൗളിംഗാണ് ഓസീസിന്റെ നടുവൊടിച്ചത്. പത്ത് ഓവറില്‍ 42 റണ്‍സ് വിട്ടു നല്‍കിയാണ് ചഹലിന്റെ പ്രകടനം. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷാമിയും ചഹലിന് ഉറച്ച പിന്തുണ നല്‍കി. മെല്‍ബണ്‍ ഗ്രൗണ്ടിലെ ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനമെന്ന അജിത് അഗാര്‍ക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും ചഹലിന് കഴിഞ്ഞു.

27 റണ്‍സ് എടുക്കുന്നതിനിടെ ഓപണര്‍മാരെ മടക്കിയ ഭുവി ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് നല്‍കിയത്. അഞ്ച് റണ്‍സെടുത്ത കാരിയെ കോഹ്ലി പിടിച്ചപ്പോള്‍ 14 റണ്‍സെടുത്ത നായകന്‍ ഫിഞ്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് ഖാജ (34) ഷോണ്‍ മാര്‍ഷ് (39) കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് നേടി. അവിടെ നിന്നാണ് ചഹലിന്റെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. മാര്‍ഷിനേയും ഖ്വാജയേയും ഒരു ഓവറില്‍ മടക്കിയ ചഹല്‍ പിന്നാലെ വന്ന സ്‌റ്റോയിനസിനേയും (10) നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല.

പത്തൊന്‍പത് പന്തില്‍ 26 റണ്‍സ് നേടി ഭീഷണി സൃഷ്ടിച്ച മാക്‌സ്‌വെല്ലിനെ ഷാമി പുറത്താക്കി. ഏഴാം വിക്കറ്റില്‍ പീറ്റര്‍ ഹാന്‍ഡ്‌കോമ്പ് റിച്ചാഡ്‌സണ്‍ സഖ്യംം 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു ഓസീസിനെ 200 കടത്തി. ഈ കൂട്ടുകെട്ടും ചഹല്‍ തന്നെയാണ് പൊളിച്ചത്. ഹാന്‍ഡ്‌സ്‌കോമ്പ് 58ഉം റിച്ചാര്‍ഡ്‌സണ്‍ 16ഉം രണ്‍സെടുത്തു. പത്ത് റണ്‍സുമായി പീറ്റര്‍ സിഡില്‍ പുറത്താകാതെ നിന്നു.

സിഡ്‌നിയില്‍ നടന്ന ആദ്യ ഏകദിനം 34 റണ്‍സിന് ആസ്‌ത്രേലിയ ജയിച്ചപ്പോള്‍ അഡലെയ്ഡിലെ രണ്ടാം മത്സരം ആറ് വിക്കറ്റിന് ഇന്ത്യ ജയിച്ചു. ഇതോടെ മൂന്നാമത്തെ മത്സരം നിര്‍ണായകമാകുകയായിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ 1985 ല്‍ ലോകചാമ്പ്യന്‍ഷിപ്പും 2008 ല്‍ സി ബി സീരീസും ആസ്‌ത്രേലിയന്‍ മണ്ണില്‍ ജയിച്ച ഇന്ത്യ ആസ്‌ത്രേലിയയുമായുള്ള ഉഭയകക്ഷി പരമ്പരയില്‍ ജേതാവായിരുന്നില്ല. ആസ്‌ത്രേലിയയില്‍ ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ ഉഭയകക്ഷി ഏകദിന പരമ്പരയാണിത്. 2016 ല്‍ 4-1ന് പരാജയപ്പെട്ടതാണ് ആദ്യത്തേത്.
ഇത്തവണത്തെ ആസ്‌ത്രേലിയന്‍ പര്യടനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായി. ഒരു ഫോര്‍മാറ്റിലും പരമ്പര നഷ്ടപ്പെടാതെ നാട്ടിലേക്ക് മടങ്ങാം. ട്വന്റി20യില്‍ 1-1 സമനില. ടെസ്റ്റില്‍ 2-1ന് ചരിത്ര ജയം.

---- facebook comment plugin here -----

Latest