Connect with us

National

ഡാന്‍സ് ബാറുകള്‍ക്ക് താഴിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും

Published

|

Last Updated

മുംബൈ: ഡാന്‍സ് ബാറുകള്‍ നിരോധിക്കാന്‍ മഹാരാഷ്്ട്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു. നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഡാന്‍സ് ബാറുകളുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സുപ്രീം കോടതിയുടെ ഇളവ് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഡാന്‍സ് ബാറുകളില്‍ സി സി ടി വി നിര്‍ബന്ധമാക്കിയ ഉത്തരവ് ഉള്‍പ്പെടെയാണ് സുപ്രീം കോടതി റദ്ദാക്കിയത്. സി സി ടി വി നിര്‍ബന്ധമാക്കിയ നടപടി സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തി ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിറക്കിയത്. ബാറിലെത്തുന്നവര്‍ നര്‍ത്തകര്‍ക്ക് ടിപ്പ് നല്‍കാന്‍ അനുമതി നല്‍കിയെങ്കിലും നോട്ടുകള്‍ ശരീരത്തില്‍ എറിഞ്ഞുകൊടുക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ആരാധനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മാത്രമേ ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാവൂ എന്ന നിബന്ധനയും ബാര്‍ റൂമുകളും ഡാന്‍സ് ഫ്‌ളോറും പ്രത്യേകം വേര്‍തിരിക്കണമെന്ന നിബന്ധനയും കോടതി റദ്ദാക്കി.

എന്നാല്‍, ഡാന്‍സ് ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ വരുത്തിയ നിയന്ത്രണം കോടതി എടുത്തുകളഞ്ഞില്ല. വൈകുന്നേരം ആറ് മുതല്‍ രാത്രി 11.30 വരെ ആയിരിക്കും തുടര്‍ന്നും ഇത്തരം ബാറുകള്‍ പ്രവര്‍ത്തിക്കുക.