2025 ല്‍ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ആര്‍എസ്എസ്; രാജ്യ വളര്‍ച്ചയുടെ വേഗം കൂടും

Posted on: January 18, 2019 2:32 pm | Last updated: January 18, 2019 at 7:08 pm

ലക്‌നോ: 2025 ല്‍ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി. രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 150 വര്‍ഷത്തോളം രാജ്യം വളര്‍ച്ചയുടെ പാതയിലായിരിക്കുമെന്നും പ്രയാഗ് രാജിലെ കുംഭമേളക്കിടെ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 1952ല്‍ ഗുജറാത്തിലെ സോമനാഥ ക്ഷേത്ര നിര്‍മാണത്തിന് ശേഷം രാജ്യത്ത് വളര്‍ച്ചയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. അതിന് സമാനമായിരിക്കും ഇത്. രാമക്ഷേത്രം ഇന്ത്യയുടെ പൊതു സ്വത്ത് എന്ന നിലയില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധമില്ലാതിരുന്നിട്ടും രാജ്യത്ത് ഏറെ സൈനികര്‍ കൊല്ലപ്പെടുന്നതിലും ആര്‍എസ്എസ് എതിര്‍പ്പ് അറിയിച്ചു. തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കപ്പെടുന്നില്ലെന്നും ആര്‍എസ്എസ് വ്യക്തമാക്കുന്നു.

രാമക്ഷേത്ര നിര്‍മാണത്തിനായി അന്തിമ സുപ്രീം കോടതി വിധി വരുന്നത് വരെ കാത്തിരിക്കാന്‍ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര
മോദി അടുത്തിടെ പറഞ്ഞിരുന്നു. സുപ്രീം കോടതിയില്‍ നിന്ന് അന്തിമവിധി വന്നതിന് ശേഷം മാത്രമേ വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് പരിഗണിക്കു എന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. രാമക്ഷേത്ര നിര്‍മാണത്തില്‍ ആര്‍എസ്എസ് നിലപാട് മയപ്പെടുത്തിയതായാണ് പ്രസ്താവന നല്‍കുന്ന സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ആര്‍എസ്എസ് ഇതുവരെ ആവശ്യപ്പെട്ടിരുന്നത്.