കങ്കാരുക്കളെ മെരുക്കി ചഹല്‍ മാജിക്; ഇന്ത്യക്ക് വിജയലക്ഷ്യം 231 റണ്‍സ്

Posted on: January 18, 2019 12:37 pm | Last updated: January 18, 2019 at 4:23 pm

മെല്‍ബണ്‍: ആസ്‌ത്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 231 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ആസ്‌ത്രേലിയ 48.4 ഓവറില്‍ 230 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്റെ മിന്നുന്ന ബൗളിംഗാണ് ഓസീസിന്റെ നടുവൊടിച്ചത്. പത്ത് ഓവറില്‍ 42 റണ്‍സ് വിട്ടു നല്‍കിയാണ് ചഹലിന്റെ പ്രകടനം. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷാമിയും ചഹലിന് ഉറച്ച പിന്തുണ നല്‍കി. മെല്‍ബണ്‍ ഗ്രൗണ്ടിലെ ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനമെന്ന അജിത് അഗാര്‍ക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും ചഹലിന് കഴിഞ്ഞു.

27 റണ്‍സ് എടുക്കുന്നതിനിടെ ഓപണര്‍മാരെ മടക്കിയ ഭുവി ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് നല്‍കിയത്. അഞ്ച് റണ്‍സെടുത്ത കാരിയെ കോഹ്ലി പിടിച്ചപ്പോള്‍ 14 റണ്‍സെടുത്ത നായകന്‍ ഫിഞ്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് ഖാജ (34)- ഷോണ്‍ മാര്‍ഷ് (39) കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് നേടി. അവിടെ നിന്നാണ് ചഹലിന്റെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. മാര്‍ഷിനേയും ഖ്വാജയേയും ഒരു ഓവറില്‍ മടക്കിയ ചഹല്‍ പിന്നാലെ വന്ന സ്റ്റോയിനസിനേയും (10) നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല.

പത്തൊന്‍പത് പന്തില്‍ 26 റണ്‍സ് നേടി ഭീഷണി സൃഷ്ടിച്ച മാക്‌സ്‌വെല്ലിനെ ഷാമി പുറത്താക്കി. ഏഴാം വിക്കറ്റില്‍ പീറ്റര്‍ ഹാന്‍ഡ്‌കോമ്പ്- റിച്ചാഡ്‌സണ്‍ സഖ്യംം 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു ഓസീസിനെ 200 കടത്തി. ഈ കൂട്ടുകെട്ടും ചഹല്‍ തന്നെയാണ് പൊളിച്ചത്. ഹാന്‍ഡ്‌സ്‌കോമ്പ് 58ഉം റിച്ചാര്‍ഡ്‌സണ്‍ 16ഉം രണ്‍സെടുത്തു. പത്ത് റണ്‍സുമായി പീറ്റര്‍ സിഡില്‍ പുറത്താകാതെ നിന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയും ആസ്‌ത്രേലിയയും ഓരോന്ന് വീതം ജയിച്ചിരുന്നു.