പരാജയപ്പെട്ട ഓപറേഷന്‍ താമര

Posted on: January 18, 2019 11:13 am | Last updated: January 18, 2019 at 11:13 am

2008ല്‍ നടത്തിയ ഓപറേഷന്‍ താമരയുടെ ചുവടുപിടിച്ച് കര്‍ണാടകയില്‍ ബി ജെ പി ആസൂത്രണം ചെയ്ത രണ്ടാം ഓപറേഷന്‍ താമര പരാജയപ്പെട്ടിരിക്കുകയാണ്. സംസ്ഥാന നേതൃത്വവുമായി ഭിന്നതയില്‍ കഴിയുന്ന ചില കോണ്‍ഗ്രസ് എം എല്‍ എമാരെ ചാക്കിട്ടുപിടിച്ച് കുമാരസ്വാമി സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം, കളമറിഞ്ഞുള്ള പ്രത്യാക്രമണത്തിലൂടെ, വിമതര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത്. ഇതോടെ ഹരിയാനയിലെ റിസോര്‍ട്ടില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വന്നിരുന്ന യദ്യൂരപ്പ ദൗത്യം അവസാനിപ്പിച്ച് വിഷണ്ണനായാണ് ഇന്നലെ ബെംഗളൂരുവിലേക്ക് മടങ്ങിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്തു വില കൊടുത്തും കര്‍ണാടകയില്‍ ഭരണം കൈവശപ്പടുത്തുകയെന്ന ലക്ഷ്യത്തിലാണ് ബി ജെ പി രണ്ടാം താമര ഓപറേഷന്‍ ആസൂത്രണം ചെയ്തത്. 104 അംഗങ്ങളുടെ പിന്തുണയുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിക്ക് കോണ്‍ഗ്രസ്- ബി ജെ ഡി സര്‍ക്കാറിനെ മറിച്ചിടാന്‍ ഒമ്പത് പേരുടെ പിന്തുണ കൂടിയാണ് വേണ്ടത്. ഇതിനായി സര്‍ക്കാര്‍ പക്ഷത്തായിരുന്ന രണ്ട് സ്വതന്ത്ര എം എല്‍ എമാരെ വിലക്കെടുത്ത ശേഷമാണ് കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കു നേരെ വലയെറിഞ്ഞത്. ഒരു എം എല്‍ എക്ക് 60 കോടി വരെ വില പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഈ ഓഫറില്‍ ആകൃഷ്ടരായി രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ അഞ്ച് എം എല്‍ എമാര്‍ ബെംഗളൂരുവില്‍ നിന്നും മുങ്ങി മുംബെയിലെ ഹോട്ടലിലെത്തിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കുമാര സ്വാമി സര്‍ക്കാര്‍ നിലംപൊത്തിയാലുള്ള അപകടം മനസ്സിലാക്കി അതിനെ പ്രതിരോധിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന ശക്തമായ നീക്കങ്ങളാണ് ബി ജെ പിയുടെ രണ്ടാം ഓപറേഷന്‍ തകര്‍ത്തത്. ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് മന്ത്രിസ്ഥാനം അടക്കം വലിയ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്. ബി ജെ പിയുടെ കുതിരക്കച്ചവടം പ്രതിരോധിക്കുന്നതില്‍ പലപ്പോഴും പരാജയപ്പെട്ട കോണ്‍ഗ്രസിന് കര്‍ണാടകയില്‍ ഇത് സാധ്യമായത് ദേശീയ തലത്തിലുള്ള പാര്‍ട്ടിയുടെ തിരിച്ചുവരവിന് കരുത്തു പകരുമെന്നാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ മെയിലെ തിരഞ്ഞെടുപ്പിനുടനെ കപ്പിനും ചുണ്ടിനുമിടയിലാണ് കര്‍ണാടകയില്‍ ബി ജെ പിക്ക് അധികാരം നഷ്ടമായത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയെങ്കിലും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ അടുത്ത ദിവസം തന്നെ രാജി വെക്കേണ്ടി വരികയായിരുന്നു. ഈ ജാള്യത തീര്‍ക്കാനും ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാനത്തെങ്കിലും അധികാരത്തിലിരിക്കുക എന്നത് ബി ജെ പിക്ക് നിര്‍ണായകമായതിനാലുമാണ് 2008 മോഡലില്‍ പാര്‍ട്ടി അട്ടിമറി നീക്കം ആസൂത്രണം ചെയ്തത്. 2008ല്‍ 110 സീറ്റുകളുമായി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവലഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകളുടെ കുറവുണ്ടായിരുന്നു. വാഗ്ദാനങ്ങളും ഭീഷണിയുമുപയോഗിച്ച് പ്രതിപക്ഷത്തെ ഏഴ് എം എല്‍ എമാരെ തങ്ങളുടെ പാളയത്തിലെത്തിച്ചാണ് യെദ്യൂരപ്പ സര്‍ക്കാര്‍ അന്ന് അധികാരത്തിലേറിയത്. ഇതില്‍ അഞ്ച് പേരെ പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് ബി ജെ പിയുടെ അംഗസഖ്യ 115 ആയി ഉയര്‍ത്തുകയും ചെയ്തു. കേന്ദ്ര ഭരണത്തിന്റെ പിന്തുണയില്‍ ഇത്തവണയും ഓപറേഷന്‍ വിജയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം. ഇതടിസ്ഥാനത്തിലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാര്‍ തകരുമെന്നും ‘ഓപറേഷന്‍ താമര’ വിജയിക്കുമെന്നും ബി ജെ പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ റാം ഷിന്‍ഡേ മാധ്യമങ്ങളോട് അവകാശപ്പെട്ടത്. പദ്ധതി പരാജയപ്പെട്ടത് പാര്‍ട്ടിക്കും യദ്യൂരപ്പക്കും കനത്ത തിരിച്ചടിയാണ്.
ജനസേവനം മുഖ്യലക്ഷ്യമായി കണ്ടിരുന്ന ആദര്‍ശ രാഷ്ട്രീയത്തിന്റെയും നേതാക്കളുടെയും കാലം കഴിഞ്ഞു. അധികാരമാണ് ഇന്ന് രാഷ്ട്രീയത്തിന്റെ മുഖ്യലക്ഷ്യം. അതിനു മുന്നില്‍ ജനാധിപത്യം, മതേതരത്വം തുടങ്ങിയ ആദര്‍ശങ്ങള്‍ക്ക് വിലയില്ല. പ്രലോഭനങ്ങളിലൂടെയും ഭീഷണിയിലൂടെയും എതിരാളികളുടെ പാളയത്തില്‍ നിന്ന് ജനപ്രതിനിധികളെ വലിച്ചൂരിയെടുത്ത് സര്‍ക്കാറുകളെ അട്ടിമറിക്കുന്ന പ്രവണത രാജ്യത്ത് പതിവായി മാറിയിരിക്കയാണ്. കര്‍ണാടകയില്‍ കഴിഞ്ഞ തവണ ഭൂരിപക്ഷം തികക്കാനായി എം എല്‍ എക്ക് 100 കോടി രൂപയും മന്ത്രി സ്ഥാനവുമായിരുന്നു ബി ജെ പി മുന്നോട്ട് വെച്ചിരുന്നത്. ഇത്തരം ഓഫറുകളെ പ്രതിരോധിക്കാന്‍ എതിര്‍ കക്ഷികള്‍ക്കും സമാന വാഗ്ദാനങ്ങള്‍ നല്‍കേണ്ടി വരികയാണ്. അര്‍ഹതയില്ലാത്തവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമെല്ലാം അധികാരത്തിന്റെ കുഞ്ചികസ്ഥാനങ്ങള്‍ കൈയടക്കാന്‍ ഇടവരുത്തുന്നുവെന്നതാണ് ഇതിന്റെ ദുരന്തഫലം. മാത്രമല്ല, രാഷ്ട്രീയ കുതിരക്കച്ചവടത്തിന് പണം കണ്ടെത്തുന്നതിന് കള്ളപ്പണക്കാരുമായും അധോലോക രാജാക്കന്മാരുമായും ബന്ധം സ്ഥാപിക്കാനും പാര്‍ട്ടി നേതൃത്വങ്ങള്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. വല്ലാത്തൊരു അധഃപതനത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയം എത്തിപ്പെട്ടത്.