Connect with us

National

മമതയുടെ ആതിഥ്യം സ്വീകരിച്ച് സ്റ്റാലിന്‍

Published

|

Last Updated

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി വിരുദ്ധ മുന്നണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ഈ മാസം 19ന് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ ഡി എം കെ പ്രസിഡന്റ് എം കെ സ്റ്റാലിന്‍ പങ്കെടുക്കും. ഈ ലക്ഷ്യം മുന്‍നിര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യ യോഗം ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം നടന്നിരുന്നു. രണ്ടാം യോഗമാണ് മമതയുടെ ആതിഥേയത്വത്തില്‍ കൊല്‍ക്കത്തയില്‍ നടക്കുക.

മുന്നണിയുടെ ഭാഗമാകുമോ എന്ന അവ്യക്തത നിലനില്‍ക്കുന്നതിനിടെ ഡി എം കെ നേതൃത്വം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഡി എം കെ മുന്‍ പ്രസിഡന്റും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ അന്തരിച്ച കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് മമത ബാനര്‍ജി ചെന്നൈയില്‍ എത്തിയിരുന്നില്ല. പ്രതിപക്ഷ നിരയിലെ മിക്ക പ്രമുഖ നേതാക്കളും എത്തിയപ്പോള്‍ പാര്‍ട്ടിയുടെ രാജ്യസഭാംഗം ദെരെക് ഒബ്രിയെനെയാണ് മമത ചടങ്ങിന് അയച്ചത്.

തമിഴ്‌നാട്ടില്‍ സി പി എമ്മുമായി സഖ്യത്തിലുള്ള ഡി എം കെ എങ്ങനെ കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം നടത്തുന്ന മമത ബാനര്‍ജിയുടെ ആതിഥ്യം സ്വീകരിക്കും എന്ന കാര്യത്തിലായിരുന്നു അവ്യക്തത നിലനിന്നിരുന്നത്. പ്രതിപക്ഷ നിരയില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന നേതാവായി രാഹുല്‍ ഗാന്ധിയെ നേരത്തെ തന്നെ ഡി എം കെ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഇതുകൂടി ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകും.

Latest