ഓപറേഷന്‍ ലോട്ടസ് പൊളിച്ചടുക്കിയത് കെ സി- ഡി കെ തന്ത്രം

Posted on: January 18, 2019 10:54 am | Last updated: January 18, 2019 at 10:54 am

ബെംഗളൂരു: കുതിരക്കച്ചവടത്തിലൂടെ കര്‍ണാടക ഭരണം പിടിക്കാന്‍ ബി ജെ പി നടത്തിയ നീക്കങ്ങള്‍ പൊളിച്ചടുക്കിയത് കെ സി വേണുഗോപാലും ഡി കെ ശിവകുമാറും നടത്തിയ തന്ത്രപരമായ നീക്കം. ‘ഓപറേഷന്‍ കമല’യിലൂടെ രണ്ട് സ്വതന്ത്ര എം എല്‍ എമാരുടെ പിന്തുണ ബി ജെ പിക്ക് നേടാനായെങ്കിലും കൂടുതല്‍ പേരെ മറുകണ്ടം ചാടിച്ച് സഖ്യസര്‍ക്കാറിനെ വീഴ്ത്താനുള്ള നീക്കം പാളി.

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മുതല്‍ സംസ്ഥാന ഭരണം പിടിക്കാന്‍ ബി ജെ പി ശ്രമിച്ചുവരികയായിരുന്നു. കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തെ പിന്തള്ളി ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തായിരുന്നു അധികാരം പിടിക്കാന്‍ ബി ജെ പി ആദ്യം ശ്രമിച്ചത്. ഒടുവില്‍ സ്വതന്ത്രനടക്കമുള്ള രണ്ട് പേരെക്കൊണ്ട് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിപ്പിച്ചും കോണ്‍ഗ്രസ് എം എല്‍ എമാരെ ചാക്കിലാക്കിയും ഇതേ ശ്രമം ബി ജെ പി തുടര്‍ന്നു. രണ്ടും പരാജയത്തിലാണ് കലാശിച്ചത്.

കോണ്‍ഗ്രസില്‍ നിന്ന് 16 എം എല്‍ എമാരെ രാജിവെപ്പിച്ച് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുകയായിരുന്നു ഒടുവില്‍ ബി ജെ പിയുടെ ലക്ഷ്യം. ഏത് വിധേനയും സര്‍ക്കാറിനെ നിലനിര്‍ത്തുക എന്ന ഹൈക്കമാന്‍ഡ് നിര്‍ദേശവുമായി ബെംഗളൂരുവിലെത്തിയ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇതിനെതിരെയുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മന്ത്രി ഡി കെ ശിവകുമാറും വേണുഗോപാലിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കി. അനുനയം വേണ്ടിടത്ത് അനുനയ സമീപനവും ഭീഷണി വേണ്ടിടത്ത് ഭീഷണിയും സ്ഥാനത്യാഗത്തിനുള്ള സന്നദ്ധതയും ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. കര്‍ണാടകയിലെയും ഡല്‍ഹിയിലെയും നേതാക്കളുമായി രാഹുല്‍ ഗാന്ധി അതത് സമയം വിവരങ്ങള്‍ ആരാഞ്ഞിരുന്നു.

വിമത എം എല്‍ എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാതിരിക്കാന്‍ മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളാണ് പാര്‍ട്ടി ഇവര്‍ക്ക് മുന്നില്‍ വെച്ചത്. എം എല്‍ എമാരെ പിടിച്ചു നിര്‍ത്താനുള്ള നീക്കം പരാജയപ്പെടുകയും അട്ടിമറിയിലൂടെ ബി ജെ പി ഭരണം പിടിക്കുകയും ചെയ്താല്‍ നിയമപരമായി നേരിടാന്‍ മുതിര്‍ന്ന അഭിഭാഷകരെയും കോണ്‍ഗ്രസ് സജ്ജമാക്കിയിരുന്നു.
നീക്കം പരാജയപ്പെട്ടെന്ന് മനസ്സിലാക്കിയതിന് പിന്നാലെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ ഹരിയാനയില്‍ നിന്ന് ബെംഗളൂരുവില്‍ തിരിച്ചെത്തി. ഹരിയാനയിലെ റിസോര്‍ട്ടില്‍ കഴിയുന്ന ബി ജെ പി. എം എല്‍ എമാര്‍ രണ്ട് ദിവസത്തിനുള്ളില്‍ തലസ്ഥാനത്തെത്തുമെന്നാണ് സൂചന.