മാന്നാമംഗലം പള്ളിയിലെ സംഘര്‍ഷം; തൃശൂര്‍ ഭദ്രസനാധിപനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Posted on: January 18, 2019 9:33 am | Last updated: January 18, 2019 at 12:21 pm

തൃശൂര്‍: മാന്നാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 120 പേര്‍ക്കെതിരെ കേസ്. ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. വധശ്രമം, കലാപ ശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഉച്ചയോടെ എല്ലാവരേയും അറസ്റ്റ് ചെയ്തുനീക്കാനാകുമെന്നാണ് പോലീസ് കരുതുന്നത്.

സഹനസമരം നടത്തുന്നവര്‍ രാത്രി പത്തരയോടെ പോകാനൊരുങ്ങവെയാണ് സംഘര്‍ഷമുണ്ടായത്. മുപ്പതോളം ഓര്‍ത്തഡോക്‌സ് വിഭാഗക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. പള്ളിയില്‍ കയറി അറസ്റ്റ് സാധ്യമല്ലാത്തതിനാല്‍ പുറത്തിറങ്ങുന്ന യാക്കോബായക്കാരേയും അറസ്റ്റ് ചെയ്യുന്നുണ്ട്. അക്രമത്തില്‍ പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രാത്രി 12ഓടെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ഗേറ്റ് തകര്‍ത്ത് പള്ളിയിലേക്ക് കയറാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇരു വിഭാഗവും കല്ലേറ് നടത്തുകയായിരന്നു. പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. പാത്രിയാര്‍ക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം സമരത്തിലായിരുന്നു. തങ്ങള്‍ക്ക് അനുകൂലമായ വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ യാക്കോബായ വിഭാഗം ഇതിനെ ചെറുക്കുകയായിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ സമരപന്തല്‍ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്.