അഴിമതിക്കേസ്: സായ് ഡയറക്ടര്‍ ഉള്‍പ്പടെ ആറുപേര്‍ അറസ്റ്റില്‍

Posted on: January 18, 2019 12:07 am | Last updated: January 18, 2019 at 12:07 am

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഡയറക്ടര്‍ എസ് കെ ശര്‍മ ഉള്‍പ്പടെ ആറുപേരെ സി ബി ഐ അറസ്റ്റു ചെയ്തു. ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ ഹരീന്ദര്‍ പ്രസാദി, സൂപ്പര്‍വൈസര്‍ ലളിതി ജോളി, മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വി കെ ശര്‍മ, കരാറുകാരന്‍ മന്‍ദീപ് അഹൂജ, സഹായി യൂനസ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

വ്യാഴാഴ്ച വൈകീട്ട് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സായ് ആസ്ഥാനത്തു നടത്തിയ റെയ്ഡിനെ പിന്തുടര്‍ന്നാണ് അറസ്റ്റ്. സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായും വസ്തുവഹകള്‍ തട്ടിയെടുക്കുന്നതായും ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയാണ് റെയ്ഡിലേക്കു നയിച്ചത്.

ആറു മാസം മുമ്പു സായ് ഡയറക്ടര്‍ ജനറല്‍ കേന്ദ്ര കായിക മന്ത്രിയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായതെന്ന് സായ് അധികൃതര്‍ തന്നെ വെളിപ്പെടുത്തി. മന്ത്രിയുടെ നിര്‍ദേശ പ്രകാരം പരാതി സി ബി ഐക്കു കൈമാറുകയായിരുന്നു. ഓഫീസിലെ ഉപകരണങ്ങളും ഫര്‍ണീച്ചറുകളും തുടങ്ങിയവ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായി സായ് ഡയറക്ടര്‍ ജനറല്‍ നീലം കപൂര്‍ വ്യക്തമാക്കി.