യുവതിയെയും മാതാവിനെയും ബലാത്സംഗം ചെയ്തു കൊന്ന കേസ്: രണ്ടാം പ്രതിക്കും വധശിക്ഷ

Posted on: January 17, 2019 11:27 pm | Last updated: January 17, 2019 at 11:27 pm

തൊടുപുഴ: യുവതിയെയും മാതാവിനെയും ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ രണ്ടാം പ്രതിയായ കുമളി പെരുവേലിപ്പറമ്പില്‍ ജോമോനും വധശിക്ഷ. ഇതിനു പുറമെ പ്രതി 30 വര്‍ഷം കഠിന തടവ് അനുഭവിക്കണമെന്നും 50,000 രൂപ പിഴയൊടുക്കണമെന്നും തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ കെ സുജാത വിധിച്ചു.

2007 ഡിസംബര്‍ രണ്ടിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതി തീവണ്ടിപ്പെരിയാര്‍ ചുരക്കുളം പുതുവല്‍തടത്തില്‍ രാജേന്ദ്രന്് 2012ല്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. ശിക്ഷ പിന്നീട് ഹൈക്കോടതിയും ശരിവച്ചു.

രാജേന്ദ്രനും ജോമോനും ചേര്‍ന്ന് യുവതിയെയും മാതാവിനെയും ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതായാണ് കേസ്. തോര്‍ത്ത് കഴുത്തിലിട്ട് മുറുക്കി ബോധം കെടുത്തിയാണ് ബലാത്സംഗ ചെയ്തത്. ഇരുവരെയും വെട്ടിയും മര്‍ദിച്ചും പരുക്കേല്‍പ്പിക്കുകയും വാരിയെല്ലുകള്‍ ഇടിച്ചു തകര്‍ക്കുകയും ചെയ്തതായി പ്രോസിക്യൂഷന്‍ കേസില്‍ പറയുന്നു. ഏഴുമാസം പ്രായമായ കുട്ടിയുടെ മുന്നിലിട്ടായിരുന്നു ക്രൂരകൃത്യം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇ എ റഹീം ഹാജരായി.