സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്‍ നിര്യാതനായി

Posted on: January 17, 2019 3:15 pm | Last updated: January 17, 2019 at 11:03 pm

പാലക്കാട്: സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്‍ (69) നിര്യാതനായി. ഒരു വര്‍ഷമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 11ന് നീലാങ്കരയിലെ വസതിയിലായിരുന്നു അന്ത്യം. റാംജിറാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്‌നാം കോളനി, ഗോഡ്ഫാദര്‍, കിലുക്കാംപെട്ടി, മഴവില്‍കൂടാരം തുടങ്ങിയവയാണ് ബാലകൃഷ്ണന്‍ ഗാനങ്ങള്‍ ഒരുക്കിയ ചിത്രങ്ങള്‍.

ചിറ്റിലഞ്ചേരി സ്വദേശിയായ ബാലകൃഷ്ണന്‍ പഠനശേഷമാണ് സിനിമയില്‍ അവസരം തേടി ചെന്നൈയിലേക്ക് മാറിയത്. ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്ന് വെസ്റ്റേണ്‍ ഗിറ്റാറില്‍ മികച്ച വിദ്യാര്‍ഥിക്കുള്ള അവാര്‍ഡ് നേടിയിരുന്നു. ഗുണ സിങ്, രാജന്‍നാഗേന്ദ്ര എന്നിവരുടെ സഹായി ആയിട്ടായിരുന്നു തുടക്കം. ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ വെസ്റ്റേണ്‍ ഗിറ്റാര്‍ വായിച്ചിട്ടുണ്ട്. ഫാസിലിന്റെ ശിപാര്‍ശ പ്രകാരമാണ് സിദ്ധിഖ് ലാലിന്റെ അടുക്കലെത്തുന്നത്. ഭാര്യ: രാജലക്ഷ്മി. മക്കള്‍: ശ്രീവത്സന്‍, വിമല്‍ ശങ്കര്‍.