യു എ ഇയില്‍ 20,000 കോടിയുടെ വായ്പാ തട്ടിപ്പ്: പ്രതികളില്‍ 116 പേര്‍ മലയാളികള്‍, ബേങ്ക് അധികൃതര്‍ കൊച്ചിയിലെത്തി

Posted on: January 17, 2019 10:38 pm | Last updated: January 17, 2019 at 10:39 pm

കൊച്ചി: യു എ ഇയിലെ ബേങ്കുകളില്‍ 20,000 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയ കേസിലെ പ്രതികളില്‍ 116 പേര്‍ മലയാളികള്‍. ഇവരില്‍ നിന്നു പണം തിരിച്ചുപിടിക്കാന്‍ എത്തിയ നാഷണല്‍ ബേങ്ക് ഓഫ് റാസല്‍ഖൈമ അധികൃതര്‍ സംഭവത്തില്‍ പോലീസിനു മൊഴി നല്‍കി. ഇന്ന് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിയായിരുന്നു കാര്യങ്ങള്‍ വിശദീകരിച്ചത്. തട്ടിപ്പു സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘത്തിനു കൈമാറുമെന്നും അധികൃതര്‍ പറഞ്ഞു. 84 കമ്പനികളുടെ പേരിലായിരുന്നു തട്ടിപ്പ്. മൊത്തം തുകയില്‍ വലിയൊരും പങ്ക് കുഴല്‍പ്പണമായാണ് ഇന്ത്യയിലെത്തിച്ചത്.

അതിനിടെ, തട്ടിപ്പു നടത്തിയ മലയാളികളോട് വെള്ളിയാഴ്ച ഒത്തുതീര്‍പ്പ് ചര്‍ച്ചക്കു ഹാജരാകാന്‍ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ബിസിനസിനെന്ന വ്യാജേന മാസ്റ്റര്‍ ഫെസിലിറ്റി സംവിധാനം വഴിയാണ് വായ്പ സംഘടിപ്പിച്ചത്. കമ്പനിയുടെ ഒരു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടും ഒപ്പിട്ട കാലിച്ചെക്കും അപേക്ഷക്കൊപ്പം നല്‍കി. മാസ്റ്റര്‍ ഫെസിലിറ്റി പണമാക്കി മാറ്റാന്‍ മറ്റു കമ്പനികളുമായി ചേര്‍ന്ന് വ്യാജ ക്രയവിക്രയങ്ങളുടെ ബില്ലുകളും മറ്റും നല്‍കി. ഹ്രസ്വകാല വായ്പയാണെന്നതും ആദ്യ തവണ വായ്പ കൃത്യമായി തിരിച്ചടച്ചതും കണക്കിലെടുത്ത് കൂടുതല്‍ പരിശോധനകളൊന്നും നടത്താതെയാണ് ബേങ്ക് തുടര്‍ വായ്പകള്‍ അനുവദിച്ചത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഇടപാടുകാര്‍ക്കെതിരെ ബേങ്ക് കേസ് കൊടുത്തിരുന്നു.